കശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം നെഹ്‌റു; ബി.ജെ.പി അധികാരത്തിലേറിയാല്‍ രാജ്യദ്രോഹം കുറ്റം കൂടുതല്‍ ശക്തമാക്കും: രാജ്‌നാഥ് സിങ്
D' Election 2019
കശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം നെഹ്‌റു; ബി.ജെ.പി അധികാരത്തിലേറിയാല്‍ രാജ്യദ്രോഹം കുറ്റം കൂടുതല്‍ ശക്തമാക്കും: രാജ്‌നാഥ് സിങ്
ന്യൂസ് ഡെസ്‌ക്
Saturday, 13th April 2019, 10:30 am

ന്യൂദല്‍ഹി: ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ രാജ്യദ്രോഹക്കുറ്റം കൂടുതല്‍ ശക്തമാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. തങ്ങള്‍ക്ക് അധികാരം ലഭിച്ചാല്‍ നിലവിലെ സാഹചര്യത്തില്‍ അപ്രസക്തമായ രാജ്യദ്രോഹക്കുറ്റം എടുത്തുകളയുമെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു. എന്നാല്‍ ഇത് വിഘടനവാദികളെ സഹായിക്കാനാണെന്നായിരുന്നു ബി.ജെ.പിയുടെ പക്ഷം.

കശ്മീര്‍ വിഷയം പരിഹരിക്കാന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ അനുവദിക്കാതിരുന്ന നെഹ്‌റുവാണ് കശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് കാരണക്കാരന്‍ എന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

‘കോണ്‍ഗ്രസ് പറയുന്നു അവര്‍ രാജ്യദ്രോഹക്കുറ്റം എടുത്തുകളയുമെന്ന്. ഞാന്‍ നിങ്ങള്‍ എല്ലാവരോടും ചോദിക്കുന്നു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കാന്‍ ശ്രമിക്കുന്ന ദേശവിരുദ്ധര്‍ക്ക് നമ്മള്‍ മാപ്പ് നല്‍കണോ. ഞങ്ങള്‍ക്ക് അധികാരം ലഭിച്ചാല്‍ ഞങ്ങള്‍ രാജ്യദ്രോഹക്കുറ്റം കൂടുതല്‍ ശക്തമാക്കും. അവര്‍ പേടിച്ച് വിറക്കുമെന്ന് ഉറപ്പ് വരുത്തുന്ന തരത്തില്‍ നിയമം ഞങ്ങള്‍ ശക്തമാക്കും’- ഗുജറാത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ രാജ്‌നാഥ് സിങ് പറഞ്ഞു.

ജമ്മു കശ്മീരിന് പ്രത്യേകമായി പ്രധാനമന്ത്രിയെന്ന ആവശ്യം ഉന്നയിച്ച പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തിയേയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ളയേയും രാജ്‌നാഥ് വിമര്‍ശിച്ചു. ‘ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കുകയാണെങ്കില്‍ തീര്‍ച്ചയായും സംസ്ഥാനത്തിന് നിലവിലുള്ള പ്രത്യേക പദവി പിന്‍വലിക്കലല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ലാതാവും എന്നാണ് എനിക്ക് ഈ നേതാക്കളോട് പറയാനുള്ളത്. നമുക്ക് അത്തരം ഒരു ഇന്ത്യയെ വേണ്ട’- രാജ്‌നാഥ് പറഞ്ഞു.

കശ്മീര്‍ വിഷയത്തിന് പരിഹാരം കാണാന്‍ സര്‍ദാര്‍ പട്ടേലിന് നെഹ്‌റു പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരുന്നെങ്കില്‍ ഇന്നതിന് പരിഹാരം കാണുമായിരുന്നു. രാജ്‌നാഥ് പറഞ്ഞു. മോദി സര്‍ക്കാര്‍ അഴിമതിയെ വേരോടെ പറിച്ചെറിയാന്‍ വേണ്ട നടപടികള്‍ എടുത്തെന്നും രാജ്‌നാഥ് പറഞ്ഞു.