നെഹ്‌റു- സംഘപരിവാറിന്റെ കൈപ്പിടിയിലൊതുങ്ങാത്ത സെക്യുലറിസ്റ്റ്
Opinion
നെഹ്‌റു- സംഘപരിവാറിന്റെ കൈപ്പിടിയിലൊതുങ്ങാത്ത സെക്യുലറിസ്റ്റ്
വിഷ്ണുരാജ് തുവയൂര്‍
Thursday, 14th November 2019, 4:21 pm
തന്റെ രാഷ്ട്രീയ പ്രവര്‍ത്തനകാലത്തുടനീളം സംഘപരിവാറിനോടു കഠിനമായ വിയോജിപ്പ് സൂക്ഷിക്കുകയും പറയേണ്ട എല്ലാ സാഹചര്യങ്ങളിലും അത് പരസ്യപ്പെടുത്തുകയും ചെയ്ത അപൂര്‍വം കോണ്‍ഗ്രസുകാരിലൊരാളാണ് നെഹ്‌റു. സംഘപരിവാറിന് ഒരു കാലത്തും ഒരു തരത്തിലും തങ്ങളുടേതാണെന്ന് അവകാശപ്പെടാനാകാത്ത നേതാവ്.

‘ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇന്ത്യ എന്നാല്‍ രണ്ടു കാര്യങ്ങളാണ്- ക്ഷാമങ്ങള്‍, നെഹ്‌റു.’

അമേരിക്കന്‍ മാധ്യമങ്ങള്‍ 1957-ല്‍ രാജ്യത്തെ നിര്‍വചിച്ചതിങ്ങനെയാണ്. ജവഹര്‍ലാല്‍ നെഹ്‌റുവിനെക്കുറിച്ചുള്ള ചുരുക്കെഴുത്തായിക്കൂടി ഈ വരികളെ വായിച്ചെടുക്കാം.

‘ഇന്ത്യയെന്ന ആശയത്തെ ജനാധിപത്യപരമായി രൂപപ്പെടുത്താന്‍ നേതൃത്വം നല്‍കിയവരില്‍ പ്രധാനിയായ അദ്ദേഹം വിവിധ ജനതകള്‍ തമ്മിലുള്ള ഐക്യദാര്‍ഢ്യം വളര്‍ത്തേണ്ടതു കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നു മനസ്സിലാക്കിയിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യമെന്നതു കൂടുതല്‍ വ്യാപകമായ ഒരു ഏഷ്യന്‍ ഉയിര്‍പ്പിന്റെ ഭാഗമായാണ് നെഹ്‌റു കണ്ടത്. മുന്‍ നൂറ്റാണ്ടുകള്‍ യൂറോപ്പിന്റേതായിരുന്നിരിക്കാം, അഥവാ സാമാന്യമായി പറഞ്ഞാല്‍ വെളുത്തവര്‍ഗക്കാരുടേതും. പക്ഷേ, ഇപ്പോള്‍ വെളുത്തവര്‍ഗക്കാരല്ലാത്തവരും ഇതുവരെ അടിമകളായിരുന്നവരുമായ ജനതകള്‍ സ്വത്വം സ്ഥാപിച്ചെടുക്കുന്ന കാലമായിക്കഴിഞ്ഞിരിക്കുന്നുവെന്ന് നെഹ്‌റു വിശ്വസിച്ചിരുന്നുവെന്ന് ‘ഇന്ത്യ ഗാന്ധിക്കു ശേഷം’ എന്ന ഗ്രന്ഥത്തില്‍ രാമചന്ദ്രഗുഹ പറയുന്നുണ്ട്.

പാര്‍ട്ടിയുടെയല്ല, ജനങ്ങളുടെ നേതാവായി എക്കാലവും തുടര്‍ന്ന നെഹ്‌റുവിനെപ്പറ്റി എഴുത്തുകാരനായ നീരദ് സി. ചൗധുരി ഒരു ലേഖനത്തില്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘നെഹ്‌റുവാണു ഭരണയന്ത്രത്തെയും ജനങ്ങളെയും കൂട്ടിഘടിപ്പിച്ചു നിര്‍ത്തുന്ന ഘടകം. ഈ പാരസ്പര്യം ഇല്ലായിരുന്നുവെങ്കില്‍ ഈ നിര്‍ണ്ണായക ഘട്ടത്തില്‍ ഇന്ത്യക്ക് ഒരു സ്ഥിരതയുള്ള സര്‍ക്കാര്‍ ഇല്ലാതെ പോയേനേ. രണ്ടു ഘടകങ്ങളും തമ്മില്‍ അദ്ദേഹം സഹകരണം ഉറപ്പുവരുത്തി. തന്നെയല്ല, ഒരുപക്ഷേ, ഉണ്ടായിരുന്നേക്കാമായിരുന്ന സാംസ്‌കാരികവും സാമ്പത്തികവും രാഷ്ടീയവുമായ സംഘട്ടനങ്ങള്‍ ഒഴിവാക്കാനും അദ്ദേഹത്തിനായി. മഹാത്മജിയുടെ നേതൃത്വം പോലും അതു തുടര്‍ന്നിരുന്നെങ്കില്‍ ഇതിനോട് തുല്യം നില്‍ക്കില്ലാരുന്നു. രാജ്യത്തിനകമേ നെഹ്‌റു ഭരണക്കാരായ മധ്യവര്‍ഗക്കാര്‍ക്കും പരമാധികാരികളായ ജനങ്ങള്‍ക്കുമിടയിലെ ഒഴിച്ചുകൂടാനാകാത്ത കണ്ണിയായിരുന്നെങ്കില്‍ ഇന്ത്യയും ലോകവും തമ്മിലുള്ള ബന്ധത്തിന്റെ മാധ്യമവും അദ്ദേഹം തന്നെയായിരുന്നു.’

 

ഒരു മതേതര ജനാധിപത്യ രാഷ്ട്രം രൂപവത്കരിക്കപ്പെട്ടെങ്കില്‍ മാത്രമേ ജനാധിപത്യം അതിന്റെ രാഷ്ട്രീയാര്‍ത്ഥത്തില്‍ നിലനില്‍ക്കൂവെന്നു ബോധ്യമുണ്ടായിരുന്നയാളാണ് ജവഹര്‍ലാല്‍ നെഹ്‌റു. അതുകൊണ്ടുതന്നെയാണ് ഹൈന്ദവ വര്‍ഗീയശക്തികളുടെയും ഹിന്ദുത്വരാഷ്ട്രവാദികളുടെയും ഏറ്റവും വലിയ എതിരാളിയായി നെഹ്‌റു ഇക്കാലത്തും നിലകൊള്ളുന്നത്.

വര്‍ഗീയതയോട് ഒരു കാലത്തും അനുഭാവം പുലര്‍ത്താതിരുന്ന നെഹ്‌റു സ്വാതന്ത്ര്യാനന്തരം താന്‍ അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രയാസം ‘നീതിപൂര്‍വകമായ വഴികളിലൂടെ നീതിയധിഷ്ഠിതമായ ഒരു ഭരണകൂടം സൃഷ്ടിക്കുക, ഒരുപക്ഷേ, ഒരു ബുദ്ധിമുട്ടുകൂടി പറയാം: ഒരു മതാത്മക രാജ്യത്ത് മതേതര ഭരണകൂടം സൃഷ്ടിക്കുകയാണ്’ എന്നു പറയുന്നുണ്ട്.

സംഘപരിവാര്‍ പ്രസ്ഥാനങ്ങളോട് ഒരുകാലത്തും അടുപ്പം സൂക്ഷിച്ചില്ലെന്നു മാത്രമല്ല, നിരന്തരം അവരുടെ ഹിന്ദുത്വ അജണ്ടകളോട് ഇടഞ്ഞും തള്ളിപ്പറഞ്ഞുമാണ് അദ്ദേഹം രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നാം അദ്ദേഹത്തെ പനിനീര്‍പ്പൂവ് ചൂടിയ ചാച്ചാജിയായും അദ്ദേഹത്തിന്റെ ജന്മദിനത്തെ ശിശുദിനമായും മാത്രം ആഘോഷിക്കുന്നത് ആ ഓര്‍മകളോട് ചെയ്യുന്ന കുറ്റകൃത്യമാണ്. ജീവിതകാലത്തുടനീളം നെഹ്‌റു ഇടപെട്ടിരുന്ന രണ്ടു പ്രധാനപ്പെട്ട വിഷയങ്ങളെക്കുറിച്ചു പരാമര്‍ശിക്കാതെ മുന്നോട്ടുപോകുന്നത് അദ്ദേഹത്തിന്റെ അനുസ്മരണത്തെ അപൂര്‍ണമാക്കും.

കശ്മീരുമായി ബന്ധപ്പെട്ട് ഏറ്റവും ജനാധിപത്യപരമായ നിലപാട് സൂക്ഷിച്ചയാളാണ് നെഹ്‌റു. ജനതയുടെ താത്പര്യങ്ങള്‍ക്കെതിരായല്ല ഭരണകൂടം നിലകൊള്ളേണ്ടതെന്നും അവരുടെ വിശ്വാസങ്ങള്‍ കൂടി സ്വീകരിച്ചുകൊണ്ടും അവരുടെ വിശ്വാസങ്ങളെ ബഹുമാനിച്ചുകൊണ്ടുമാകണം അവരെ ഇന്ത്യയിലേക്ക് ചേര്‍ക്കേണ്ടത് എന്നും നെഹ്‌റു ആവര്‍ത്തിച്ചു പറയുന്നുണ്ട്. 1947-ല്‍ മഹാരാജ ഹരിസിങ്ങിന് എഴുതിയ കത്തില്‍ നെഹ്‌റു ഇത് സൂചിപ്പിക്കുന്നുണ്ട്.

‘ഇന്ത്യന്‍ വീക്ഷണകോണില്‍ നിന്നു നോക്കുമ്പോള്‍, കശ്മീര്‍ ഇന്ത്യന്‍ യൂണിയനായിത്തന്നെ നില്‍ക്കണം എന്നത് അങ്ങേയറ്റം പ്രധാനമാണ്. പക്ഷേ, നാം അതെത്ര ആഗ്രഹിച്ചാലും ബഹുജനങ്ങളുടെ പിന്തുണയില്ലാതെ അതു നടക്കില്ല. പട്ടാളശക്തി കൊണ്ടു കുറച്ചുനാള്‍ കശ്മീര്‍ കൈവശം വെയ്ക്കാന്‍ കഴിഞ്ഞേക്കാം. പക്ഷേ, പിന്നീട് ഇതിനെതിരായി ജനവികാരം ആഞ്ഞടിക്കാനാണ് സാധ്യത. അതുകൊണ്ടു അടിസ്ഥാനപരമായും ബഹുജനങ്ങളോടു മനഃശാസ്ത്രപരമായ ഒരു സമീപനമാണ് ഇക്കാര്യത്തില്‍ കൈക്കൊള്ളേണ്ടിവരിക. ഇന്ത്യന്‍ യൂണിയനില്‍ ചേരുന്നത് തങ്ങള്‍ക്ക് ഗുണകരമാകും എന്നു ജനങ്ങള്‍ക്കു ബോധ്യം വരുത്തണം. യൂണിയനില്‍ താന്‍ സുരക്ഷിതനല്ല എന്ന് ഒരു ശരാശരി മുസ്‌ലിനു തോന്നിയാല്‍ പിന്നെ അവന്‍ മറ്റെവിടെയാണു സുരക്ഷിതം എന്ന് അന്വേഷിക്കും. അതു സ്വാഭാവികം. ഇതു മനസ്സില്‍വച്ചു വേണം നാം മുന്നോട്ടു നീങ്ങാന്‍. ഇല്ലെങ്കില്‍ നാം പരാജയപ്പെടും.’

നോക്കൂ, നിലവില്‍ കശ്മീര്‍ ജനത ഈ രാജ്യത്തെങ്ങനെയാണ് കഴിയുന്നത്?

സ്വാതന്ത്ര്യാനന്തരം ഏഴു പതിറ്റാണ്ടായിട്ടും തീര്‍ത്തും അരക്ഷിതരായാണ് കശ്മീര്‍ മുസ്‌ലിങ്ങള്‍ ഇവിടെ തുടരുന്നത്. ഇന്ത്യ എന്റെ രാജ്യമാണെന്ന നമ്മുടെ പ്രതിജ്ഞയൊക്കെ അവരെ പരിഹസിക്കലാണ്. ഭരണകൂടാധികാരം ആസൂത്രിതമായാണ് ഒരു സമൂഹത്തെ രാജ്യത്തിനുള്ളില്‍ അപരവത്കരിക്കുന്നത്. ഹിന്ദുത്വം അതിനെ ബലപ്പെടുത്തുകയും കൊന്നൊടുക്കുകയുമാണ്.

കഴിഞ്ഞ നൂറിലധികം ദിവസങ്ങളായി സ്വതന്ത്രമായി സംസാരിക്കുന്നതിന്, ഇടപെടുന്നതിന്, ജീവിക്കുന്നതിന്, ഭക്ഷണം കഴിക്കുന്നതിന്, വിദ്യാഭ്യാസം നേടുന്നതിന്, സ്‌നേഹിക്കുന്നതിന്, ചികിത്സിക്കുന്നതിന് എന്നുവേണ്ട, ഭരണഘടന പൗരന്‍ എന്ന നിലയില്‍ ജനങ്ങള്‍ക്കു നല്‍കിയിട്ടുള്ള പ്രാഥമികമായ മുഴുവന്‍ മനുഷ്യാവകാശങ്ങളെയും റദ്ദുചെയ്തു സംഘപരിവാര്‍ ഭരണകൂടം ഒരു ജനതയെ ഒന്നാകെ തടവറയിലിട്ടിരിക്കുകയാണ്. നെഹ്‌റുവിന്റെ വാക്കുകള്‍ പ്രധാനപ്പെട്ടതാകുന്നത് ഇവിടെയാണ്. ബഹുജനങ്ങളുടെ പിന്തുണയാര്‍ജ്ജിക്കാന്‍ കഴിയാതെ തോക്കുകള്‍ കൊണ്ടു ഭയപ്പെടുത്തി ചേര്‍ത്തുനിര്‍ത്തിയിരിക്കുന്നു.

സംഘപരിവാര്‍ എന്ന ഹിന്ദുത്വ തീവ്രവാദികളോടുള്ള സമീപനമാണു രണ്ടാമത്തേത്. തന്റെ രാഷ്ട്രീയ പ്രവര്‍ത്തനകാലത്തുടനീളം സംഘപരിവാറിനോടു കഠിനമായ വിയോജിപ്പ് സൂക്ഷിക്കുകയും പറയേണ്ട എല്ലാ സാഹചര്യങ്ങളിലും അത് പരസ്യപ്പെടുത്തുകയും ചെയ്ത അപൂര്‍വം കോണ്‍ഗ്രസുകാരിലൊരാളാണ് നെഹ്‌റു. സംഘപരിവാറിന് ഒരു കാലത്തും ഒരു തരത്തിലും തങ്ങളുടേതാണെന്ന് അവകാശപ്പെടാനാകാത്ത നേതാവ്.

ചരിത്രത്തിന്റെ പിന്തുണയില്ലാത്ത സംഘപരിവാര്‍ തങ്ങളുടെ പ്രചാരണോപാധികളായി, തീവ്രദേശീയത അടിച്ചേല്‍പ്പിക്കുന്നതിനായി മഹാത്മാഗാന്ധിയെയും സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിനെയും ഭഗത്‌സിങ്ങിനെയും ബാലഗംഗാധര തിലകനെയും സുഭാഷ് ചന്ദ്രബോസിനെയും വരെ പലവിധത്തില്‍ കൈക്കലാക്കാന്‍ ശ്രമിക്കുമ്പോഴും അവര്‍ക്ക് ആഗ്രഹിക്കാന്‍ പോലുമാവാത്തവിധം ഉയരത്തില്‍ നില്‍ക്കുന്നയാളാണ് നെഹ്‌റു. ഹിന്ദുത്വ വര്‍ഗീയതയോടുള്ള അദ്ദേഹത്തിന്റെ നിലപാട് തന്നെയാണതിന് കാരണം. രണ്ട് സന്ദര്‍ഭങ്ങള്‍ സൂചിപ്പിക്കാം.

പ്രധാനമന്ത്രിയായ ശേഷമുള്ള നെഹ്‌റുവിന്റെ രചനകളില്‍ ഏറ്റവും പ്രധാനം മുഖ്യമന്ത്രിമാര്‍ക്കുള്ള കത്തുകളാണ്. സ്വാതന്ത്ര്യാനന്തരം ഓരോ ആഴ്ച ഇടവിട്ട് 1947 ഒക്ടോബര്‍ മുതല്‍ 1963 ഡിസംബര്‍ വരെ നെഹ്‌റു ഈ പതിവു തുടര്‍ന്നു.1980-ല്‍ അഞ്ചു ഭാഗങ്ങളായി ഇതു പ്രസിദ്ധീകരിക്കുകയും ചെയ്തു. വര്‍ഗീയത, രാഷ്ട്രീയം, സാമ്പത്തികം, ഭരണനൈതികത, സാഹിത്യം, ഭാഷ തുടങ്ങി രാജ്യവുമായി ബന്ധപ്പെട്ട വിവിധ ആലോചനകളാണ് ഇവയില്‍ പങ്കുവയ്ക്കുന്നത്.

1947 ഡിസംബര്‍ 7-ന് നെഹ്‌റു എഴുതിയ കത്ത് സംഘപരിവാര്‍ തീവ്രവാദം ശക്തിപ്പെട്ട ഇക്കാലത്ത് ആവര്‍ത്തിച്ച് വായിക്കേണ്ടതാണ്.

‘ചില പ്രവിശ്യകളില്‍ ആര്‍.എസ്.എസ് വമ്പിച്ച പ്രകടനങ്ങള്‍ സംഘടിപ്പിച്ചതിന്റെ റിപ്പോര്‍ട്ടുകള്‍ എനിക്ക് കിട്ടിയിട്ടുണ്ട്. പലപ്പോഴും ഈ പ്രകടനങ്ങള്‍ നിരോധനാജ്ഞ ലംഘിച്ചാണ് നടന്നിട്ടുള്ളത്. ചില പ്രവിശ്യാ ഭരണാധികാരികള്‍ ഇക്കാര്യത്തില്‍ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. അവര്‍ ഈ ആജ്ഞാലംഘനത്തെ അംഗീകരിച്ച മട്ടാണ്. ഈ കാര്യത്തില്‍ നിങ്ങളുടെ വിവേചനാധികാരത്തില്‍ ഇടപെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ആജ്ഞാലംഘനത്തിന് ചൂട്ടുപിടിക്കുന്ന ഈ നിലപാട് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും എന്ന വസ്തുത ഞാന്‍ നിങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരികയാണ്.

ആര്‍.എസ്.എസ് ഒരു സ്വകാര്യ സൈനിക സ്വഭാവമുള്ള സംഘടനയാണ് എന്നും അതു പിന്തുടരുന്നത് നാസി പാതയാണെന്നും കാണിക്കുന്ന ധാരാളം തെളിവുകള്‍ നമുക്കു ലഭ്യമാണ്. നാസി സംഘടനാരീതി പോലും അത് അനുവര്‍ത്തിക്കുന്നതായി കാണാം. പൗരസ്വാതന്ത്ര്യത്തില്‍ കൈകടത്താന്‍ നാം ആഗ്രഹിക്കുന്നില്ല. പക്ഷേ, ഉപയോഗിക്കാന്‍ വേണ്ടിത്തന്നെ ആയുധങ്ങള്‍ നല്‍കുകയും അവ ഉപയോഗിക്കാനുള്ള പരിശീലനം നല്‍കുകയും ചെയ്യുന്നതു പ്രോത്സാഹിപ്പിക്കാവുന്ന ഒരേര്‍പ്പാടല്ല.

ആര്‍.എസ്.എസ് ഇപ്പോഴത്തെ കേന്ദ്ര-പ്രവിശ്യാ സര്‍ക്കാരുകള്‍ക്ക് എതിരാണ്, ഈ എതിര്‍പ്പ് നിശ്ചിതവും ബോധപൂര്‍വവുമാണ്. ഈ വസ്തുതമാത്രം കണക്കിലെടുത്ത് അവര്‍ക്കെതിരെ നടപടിയൊന്നും കൈക്കൊള്ളണമെന്നില്ല. ന്യായമായ പ്രവര്‍ത്തനത്തിനുള്ള അവകാശം അവര്‍ക്കുണ്ട്. പക്ഷേ, അവരുടെ പ്രവര്‍ത്തനം ഏതാണ്ട് അതിരുകവിഞ്ഞിരിക്കുന്നു. പ്രവിശ്യാ സര്‍ക്കാരുകള്‍ ആ പ്രവര്‍ത്തനത്തിനുമേല്‍ കണ്ണുവയ്ക്കുന്നതു നന്നായിരിക്കും. ഉചിതമെന്നു തോന്നുന്ന നടപടി അവര്‍ക്കു കൈക്കൊള്ളാം.

ജര്‍മനിയില്‍ നാസിപ്രസ്ഥാനം എങ്ങനെയാണു വികാസം പ്രാപിച്ചതെന്നതിനെ സംബന്ധിച്ചു കുറച്ചൊക്കെ എനിക്കറിയാം. ഉപരിപ്ലവമായ ധാടികൊണ്ടും കര്‍ശനമായ അച്ചടക്കം കൊണ്ടും ഏറെ ബുദ്ധിയൊന്നുമില്ലാത്ത, ജീവിതത്തില്‍ ആകര്‍ഷണീയമായി യാതൊന്നുമില്ലാത്ത കീഴ്മധ്യവര്‍ഗത്തില്‍പ്പെട്ട യുവാക്കളെയും യുവതികളെയും അതിനോടടുപ്പിച്ചു. അങ്ങനെയവര്‍ നാസി പാര്‍ട്ടിയിലേക്ക് അടുത്തു. അതിന്റെ നയവും പരിപാടിയും ലളിതവും നിഷേധാത്മകവും ഏറെ മാനസികാഭ്യാസം ആവശ്യമില്ലാത്തതുമായിരുന്നു. നാസിപാര്‍ട്ടി ജര്‍മനിയെ നശിപ്പിച്ചു. ഈ പ്രവണതകള്‍ ഇന്ത്യയില്‍ പടരാനും വര്‍ധിക്കാനും അനുവദിച്ചാല്‍ ഇന്ത്യയ്ക്ക് അവ വമ്പിച്ച നാശം വരുത്തിവെക്കുമെന്ന് എനിക്കുറപ്പാണ്. തീര്‍ച്ചയായും ഇന്ത്യ അതിജീവിക്കും. പക്ഷേ, അവള്‍ക്കു ഗുരുതരമായ പരിക്കേല്‍ക്കും. ആ പരിക്ക് മാറാന്‍ ഏറെക്കാലമെടുക്കും.’ (രാമചന്ദ്ര ഗുഹ, ആധുനിക ഇന്ത്യയുടെ ശില്പികള്‍, പുറം 356-357).

ഗാന്ധിവധത്തെത്തുടര്‍ന്ന് 1948-ല്‍ ആര്‍.എസ്.എസിനെ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. തുടര്‍ന്ന് നെഹ്‌റു പഞ്ചാബ് സര്‍ക്കാരിനെഴുതിയ കത്തില്‍ ആര്‍.എസ്.എസിന്റെയും സമാന സംഘങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ മൂലം നാം ഇന്ത്യയില്‍ വേണ്ടത്ര ദുരിതം അനുഭവിച്ചു കഴിഞ്ഞു. ഇക്കൂട്ടരുടെ കൈയില്‍ മഹാത്മാഗാന്ധിയുടെ ചോരക്കറയുണ്ട്. ഇപ്പോള്‍ ഇവര്‍ വലിയ പുണ്യാളന്മാര്‍ ചമഞ്ഞ് അതില്‍ പങ്കില്ലെന്നു പറയുന്നതില്‍ യാതൊരര്‍ത്ഥവുമില്ല’ എന്ന് വ്യക്തമാക്കുന്നുണ്ട്.

നെഹ്‌റു ഇതായിരുന്നു. വിശ്വാസങ്ങളോ മതബോധ്യങ്ങളോ അല്ല, ശാസ്ത്രീയ യുക്തിയാണു രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതെന്ന് അദ്ദേഹത്തിന് ഉത്തമബോധ്യമുണ്ടായിരുന്നു. കുറച്ചുകാലം മുമ്പ് മുംബൈയില്‍ ശാസ്ത്രജ്ഞന്മാരെ അഭിസംബോധന ചെയ്തുകൊണ്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തില്‍ ഗണപതിയെ ഉദാഹരിച്ചുകൊണ്ടു പൗരാണിക ഇന്ത്യയില്‍ അവയവമാറ്റ ശസ്ത്രക്രിയ നടത്തിയിരുന്നുവെന്നു പറഞ്ഞതും ജ്യോതിഷത്തില്‍ ഡിഗ്രി കോഴ്‌സ് അനുവദിക്കണമെന്ന് ബി.ജെ.പിയുടെ മുന്‍ സര്‍ക്കാരിന്റെ കാലത്തു മാനവവിഭവശേഷി മന്ത്രിയായിരുന്ന മുരളി മനോഹര്‍ ജോഷി യു.ജി.സിയോടാവശ്യപ്പെട്ടതും പൗരാണിക കാലത്തു വിമാനം പറപ്പിക്കാന്‍ ശ്രമിക്കുന്നതും അങ്ങനെയനവധി അസംബന്ധ വിശ്വാസികള്‍ രാജ്യത്തിന്റെ ഭരണാധികാരികളായി തുടരുന്ന കാലത്താണ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഓര്‍മകള്‍ക്കു പോലും പ്രതിരോധമൂല്യം കൈവരുന്നത്. അതുകൊണ്ടുതന്നെയാണ് നെഹ്‌റുവിന്റെ ജന്മദിനത്തെ ശിശുദിനത്തിലൊതുക്കി നിര്‍ത്തരുതെന്ന് ആവര്‍ത്തിക്കേണ്ടിവരുന്നതും.

സഹായകഗ്രന്ഥങ്ങള്‍

1. പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണന്‍, 2019, നെഹ്‌റുവിയന്‍ ഇന്ത്യ പുനര്‍വായനയുടെ രാഷ്ട്രീയം, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്.

2. രാമചന്ദ്രഗുഹ, 2010, ഇന്ത്യ ഗാന്ധിക്കു ശേഷം, ഡി.സി. ബുക്‌സ്, കോട്ടയം.

3. രാമചന്ദ്രഗുഹ, 2017, ആധുനിക ഇന്ത്യയുടെ ശില്പികള്‍, ഡി.സി. ബുക്‌സ്, കോട്ടയം.

 

വിഷ്ണുരാജ് തുവയൂര്‍
കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ മലയാള വിഭാഗം ഗവേഷകനാണ്‌.