എഡിറ്റര്‍
എഡിറ്റര്‍
സെവാഗിന്റേയും സഹീറിന്റേയും വിധി നെഹ്‌റയ്ക്കും?; ആളും ആരവവുമില്ലാതെ നെഹ്‌റയുടെ പടിയിറക്കം
എഡിറ്റര്‍
Monday 23rd October 2017 11:07pm

മുംബൈ: ഇന്ത്യ കണ്ട ഏറ്റവും മികച്ച തിരിച്ചു വരവുകളിലൊന്നായിരിക്കും പേസര്‍ ആശിഷ് നെഹ്‌റയുടേത്. എന്നാല്‍ 38ാം വയസില്‍ അദ്ദേഹം കളിയവസാനിപ്പിക്കുകയാണ്. എന്നാല്‍ സെവാഗിനും സഹീറുനുമൊക്കെ ഉണ്ടായതു പോലൊ ആളും ആരവവുമില്ലാതെ വിരമിക്കാനാകും നെഹ്‌റയുടേയും വിധിയെന്നാണ് പുതിയ വാര്‍ത്തകള്‍ നല്‍കുന്ന സൂചന.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ആശിഷ് നെഹ്‌റ വിടവാങ്ങല്‍ മത്സരം കളിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് സെലക്ടര്‍മാര്‍ തന്നെയാണ് അറിയിച്ചിരിക്കുന്നത്. ന്യൂസിലാന്‍ഡിനെതിരായ ആദ്യ ട്വന്റി-20 മത്സരത്തോടെ വിരമിക്കുമെന്നാണ് നെഹ്‌റ നേരത്തെ പ്രഖ്യാപിച്ചത്. പിന്നാലെ പ്രഖ്യാപിച്ച ടീമിലും നെഹ്‌റ ഉണ്ടായിരുന്നു. എന്നാല്‍ ആശിഷ് നെഹ്‌റയെ 11 അംഗ ടീമില്‍ ഉള്‍പ്പെടുത്തുമോ എന്ന് ഉറപ്പ് പറയാനാകില്ലെന്നാണ് മുഖ്യ സെലക്ടര്‍ എം.എസ്.കെ പ്രസാദ് ഇപ്പോള്‍ പറയുന്നത്.

അന്തിമ ഇലവനെ തീരുമാനിക്കുന്നത് തങ്ങള്‍ അല്ലെന്നും പരിശീലകന്റേയും നായകന്റെയും അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് അന്തിമ ഇലവനെ തീരുമാനിക്കുന്നതെന്നും എം.എസ്.കെ പ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മികച്ച ഫോമില്‍ കളിക്കുന്ന ഫാസ്റ്റ് ബൗളര്‍മാരാണ് നമുക്ക് ഉള്ളത്, ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബൂംറയും ട്വന്റി-20യില്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. അതിനാല്‍ത്തന്നെ ഇവരെ ഒഴിവാക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നും അദ്ദേഹം പറയുന്നു.


Also Read: ആദ്യ ഏകദിനത്തിലെ തോല്‍വിയ്ക്ക് പിന്നാലെ കോഹ്‌ലി വിശ്രമം ആവശ്യപ്പെട്ടു; ഇനി ടീം ഇന്ത്യയെ രോഹിത് ശര്‍മ നയിക്കും


ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ കളിപ്പിക്കുമോ എന്ന കാര്യത്തില്‍ ആശിഷ് നെഹ്‌റയ്ക്ക് ഉറപ്പ് നല്‍കിയിട്ടില്ലെന്നും സാഹചര്യത്തെപ്പറ്റി താരത്തെ മുന്‍കൂട്ടി അറിയിച്ചിട്ടുണ്ടെന്നും മുഖ്യ സെലക്ടര്‍ വ്യക്തമാക്കി.

നേരത്തെ ന്യൂസിലാന്‍ഡിനെതിരായ മൂന്ന് മത്സരങ്ങള്‍ക്കുള്ള ട്വന്റി-20 ടീമിനെ പ്രഖ്യാപിച്ചിരുന്നു. യുവതാരങ്ങളായ ശ്രേയസ് അയ്യരും മൊഹമ്മദ് സിറാജും ഉള്‍പ്പെടുന്ന 15 അംഗ ടീമിനെയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്.

വിരാട് കോഹ്ലി ട്വന്റി-20 പരമ്പരയില്‍ കളിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും താരത്തെ നായകനാക്കിയുള്ള ടീമിനെ തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യുവതാരങ്ങളായ ശ്രേയസ് അയ്യരെയും സിറാജിനെയും ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്. മധ്യനിര ബാറ്റ്സ്മാന്‍ കേദാര്‍ യാദവിനു സ്ഥാനം നഷ്ടമായപ്പോള്‍ ഓപ്പണിങ് ബാറ്റ്സ്മാന്‍ കെ.എല്‍ രാഹുല്‍ ടീമില്‍ തിരിച്ചെത്തി.

ടീം: വിരാട് കോഹ്ലി, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, ദിനേഷ് കാര്‍ത്തിക്, എം.എസ് ധോണി, ഹര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, യു ചാഹല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബൂംറ, ഭൂവനേശ്വര്‍ കുമാര്‍, ആശിഷ് നെഹ്റ, മൊഹമ്മദ് സിറാജ്.

Advertisement