അവര്‍ കര്‍ഷകരുടെ മക്കള്‍, അഭിനന്ദനങ്ങള്‍ക്ക് മുന്‍പ് കര്‍ഷകരോട് മാപ്പ് പറയൂ; ഇത്തിരി പോലും നാണമില്ലേയെന്ന് മോദിയോട് സോഷ്യല്‍ മീഡിയ
Tokyo Olympics
അവര്‍ കര്‍ഷകരുടെ മക്കള്‍, അഭിനന്ദനങ്ങള്‍ക്ക് മുന്‍പ് കര്‍ഷകരോട് മാപ്പ് പറയൂ; ഇത്തിരി പോലും നാണമില്ലേയെന്ന് മോദിയോട് സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th August 2021, 9:59 pm

ന്യൂദല്‍ഹി: ശനിയാഴ്ച ഇന്ത്യയ്ക്ക് ഒളിംപിക്‌സില്‍ രണ്ട് മെഡലുകളാണ് ലഭിച്ചത്. ജാവലിനില്‍ നീരജ് ചോപ്ര സ്വര്‍ണ്ണം നേടി ചരിത്രം കുറിച്ചപ്പോള്‍ ഗുസ്തിയില്‍ ബജ്‌റംഗ് പൂനിയ വെങ്കലം നേടി.

പ്രധാനമന്ത്രിയും രാഷ്ട്രപതിയുമടക്കം രാജ്യം മുഴുവന്‍ ഇരുവര്‍ക്കും അഭിനന്ദനമര്‍പ്പിക്കുമ്പോള്‍ ഒരു കാര്യം കൂടി ഓര്‍മ്മിപ്പിക്കുകയാണ് സോഷ്യല്‍ മീഡിയ. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നീരജ് ചോപ്രയും ബജ്‌റംഗ് പൂനിയയും കര്‍ഷകരുടെ മക്കളാണെന്ന് പറയുകയാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍.

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നിയമങ്ങള്‍ക്കെതിരായി ഒരു വര്‍ഷത്തോളമായി കര്‍ഷകര്‍ സമരത്തിലാണ്. നിരവധി തവണ കര്‍ഷകര്‍ക്ക് നേരെ പൊലീസും ബി.ജെ.പി പ്രവര്‍ത്തകരും ആക്രമണമഴിച്ചുവിടുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തില്‍ കര്‍ഷകരുടെ മക്കളുടെ നേട്ടത്തില്‍ പുളകം കൊള്ളുന്ന മോദിയോട് നാണമില്ലേ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

ഹരിയാനക്കാരാണ് ബജ്‌റംഗ് പൂനിയയും നീരജ് ചോപ്രയും. രണ്ടുപേരും കര്‍ഷകരുടെ മക്കള്‍. കര്‍ഷകസമരത്തെ പിന്തുണച്ചുകൊണ്ടുള്ള ബജ്‌റംഗ് പുനിയയുടെ പഴയ ട്വീറ്റുകള്‍ പൊക്കിക്കൊണ്ടുവന്നാണ് പലരും കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങളെ ഓര്‍മിപ്പിക്കുന്നത്.


”കര്‍ഷകര്‍ രാജ്യത്തിന്റെ നട്ടെല്ലാണ്. അവരെ തടയരുത്. രാജ്യത്തിന്റെ അന്നദാതാക്കള്‍ക്ക് സംസാരിക്കാനുള്ള ഭരണഘടനാ അവകാശമുണ്ട്. ബലം പ്രയോഗിച്ച് ആരുടെയും ശബ്ദം അടിച്ചമര്‍ത്താനാകില്ല. തങ്ങളുടെ മക്കളുടെ ഭാവി സംരക്ഷിക്കാനായി നിരത്തിലിറങ്ങിയ കര്‍ഷകരോട് സംസാരിക്കണം. സര്‍ക്കാര്‍ അവരെ കേള്‍ക്കണം”-2020 നവംബറിലെ പൂനിയയുടെ ട്വീറ്റാണിത്.

കര്‍ഷകസമരത്തിനുനേരെ നടന്ന പൊലീസ് അതിക്രമങ്ങളെ അപലപിച്ചുകൊണ്ടും പൂനിയ ട്വീറ്റ് ചെയ്തിരുന്നു.

”ജനാധിപത്യത്തില്‍ സംവാദത്തിനുള്ള സാധ്യത ഇല്ലാതാകുകയാണെങ്കില്‍ അത് സ്വേച്ഛാധിപത്യമാകുകയാണ് ചെയ്യുക. ഹിസാറില്‍ കര്‍ഷകര്‍ക്കുനേരെയുണ്ടായ അതിക്രമം സംവാദം എത്രമാത്രം പ്രധാനമാണെന്നതിന്റെ തെളിവാണ്. പ്രശ്നപരിഹാരത്തിനായി കര്‍ഷകനേതാക്കളുമായി ചര്‍ച്ചയ്ക്ക് തുടക്കമിടാന്‍ സര്‍ക്കാര്‍ തയാറാകണം.” എന്നായിരുന്നു പൂനിയയുടെ ട്വീറ്റ്.


ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlight: Neeraj Chopra Bajrang Punia Farmers Childrens Narendra Modi Tokyo Olympics