12 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നീലകുറിഞ്ഞികള്‍ വീണ്ടും പൂക്കുമ്പോള്‍
Travel Diary
12 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നീലകുറിഞ്ഞികള്‍ വീണ്ടും പൂക്കുമ്പോള്‍
ന്യൂസ് ഡെസ്‌ക്
Monday, 18th June 2018, 4:59 pm

വീണ്ടുമൊരു നീലകുറിഞ്ഞിക്കാലം വരികയാണ്, 12 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് നീലകുറിഞ്ഞി ഈ വര്‍ഷം പൂക്കുന്നത്. ഇതിന് മുമ്പ് 2006ലാണ് നീലകുറിഞ്ഞി മൂന്നാറിനെ മനോഹരിയാക്കിയത്. ജൂലായ് മാസം മുതല്‍ ഒക്ടോബര്‍ വരെയാണ് നീലകുറിഞ്ഞി വ്യാരകമായി പൂക്കുക.

ഇടുക്കി ജില്ലയിലെ മൂന്നാറിലും രാജമലയിലുമാണ് നീലക്കുറിഞ്ഞി പൂക്കുന്നത്. നീലഗിരി കുന്നുകള്‍, പളനി മലകള്‍, മൂന്നാറിനു ചുറ്റുവട്ടത്തുള്ള ഹൈറേഞ്ച്മലകള്‍ എന്നിവിടുങ്ങളിലും കുറിഞ്ഞിച്ചെടികള്‍ കാണപ്പെടുന്നുണ്ട്.

മൂന്നാറില്‍ ഇരവികുളം ദേശീയോദ്യാനത്തില്‍ ഏക്കറുകളോളം പരന്നു കിടക്കുന്ന നീലക്കുറിഞ്ഞി ചെടികള്‍ കാണാം. സമീപത്തുള്ള കടവരി, കാന്തല്ലൂര്‍, കമ്പക്കല്ല് എന്നിവിടങ്ങളിലും നീലക്കുറിഞ്ഞി ധാരാളമുണ്ട്. തമിഴ്നാട്ടില്‍ കൊടൈക്കനാലും പരിസര പ്രദേശങ്ങളുമാണ് കുറിഞ്ഞിയുടെ കേന്ദ്രം.

കേരളത്തെയും തമിഴ്നാടിനേയും സംബന്ധിച്ച് കുറിഞ്ഞി പൂക്കുന്ന സമയം ടൂറിസം വികസന കാലം കൂടിയാണ്. 2006-ലെ സീസണില്‍ ഇരവികുളം ദേശീയോദ്യാനത്തില്‍ ഒരുദിവസം 3500-നു മേല്‍ സന്ദര്‍ശകര്‍ എത്തിയെന്നാണ് കണക്ക്. അത് കൊണ്ട് തന്നെ ഈ സീസണില്‍ തിരക്ക് കുറയ്ക്കുന്നതിനായി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങാണ് വനം വകുപ്പ് തയ്യാറാക്കിയിരിക്കുന്നത്.

ജൂലൈ മുതല്‍ ടിക്കറ്റ് വില്പന ആരംഭിക്കും.ഓണ്‍ലൈനില്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ 150 രൂപയും നേരിട്ടു ടിക്കറ്റ് എടുക്കാന്‍ 110 രൂപയുമാണ് ചാര്‍ജ്. രാജമലയിലേക്കുള്ള ടിക്കറ്റുകളില്‍ 75 ശതമാനവും ഓണ്‍ലൈനായിട്ടാണ് വില്‍ക്കുക. അഞ്ചാം മൈല്‍ എന്ന സ്ഥലത്താണ് പ്രവേശന ടിക്കറ്റുകള്‍ എടുക്കുവാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇവിടെ നിന്നും സന്ദര്‍ശകരെ വനംവകുപ്പിന്റെ പ്രത്യേക ബസുകളില്‍ രാജമലയില്‍ എത്തിക്കും.

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ഉടനെയാരംഭിക്കുമെന്നാണ് വനംവകുപ്പ് വ്യക്തമാക്കിയത്. കുടുതല്‍ വിവരങ്ങല്‍ https://eravikulam.org/ എന്ന് വെബ്ബ്‌സൈറ്റില്‍ ലഭിക്കും