ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Supreme Court
‘ജുഡീഷ്യറിയില്‍ ശുദ്ധീകരണം അനിവാര്യം’; സുപ്രീംകോടതി ജഡ്ജിമാരുടെ ആരോപണങ്ങള്‍ ഗൗരവമേറിയതെന്ന് സീതാറാം യെച്ചൂരി
ന്യൂസ് ഡെസ്‌ക്
Friday 12th January 2018 8:00pm

ന്യൂദല്‍ഹി: ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ജഡ്ജിമാരുടെ ആരോപണങ്ങള്‍ അതീവ ഗൗരവതരമാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അസാധാരണ സംഭവങ്ങളാണ് ഇപ്പോള്‍ നടന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ ജുഡീഷ്യറിയിലും കൃത്രിമമുണ്ടെന്നാണ് നാല് ജഡ്ജിമാര്‍ നല്‍കിയ കത്ത് സൂചിപ്പിക്കുന്നത്. ജുഡീഷ്യറിയില്‍ ശുദ്ധീകരണം അനിവാര്യമാണ്.’

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനും സത്യസന്ധതക്കും കളങ്കം വന്നിട്ടുണ്ടോ എന്നത് സംബന്ധിച്ച് ശക്തമായ അന്വേഷണം നടത്തണം. വിഷയത്തില്‍ ചീഫ് ജസ്റ്റിസിന് എന്താണ് പറയാനുള്ളതെന്നറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ സുപ്രീംകോടതിയ്ക്കു മുന്നില്‍ ജഡ്ജിമാരായ ചെലമേശ്വറിന്റെ നേതൃത്വത്തില്‍ നാലു ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു. ഇത്തരമൊരു സംഭവം അസാധാരണ സംഭവമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ജഡ്ജിമാരുടെ വാര്‍ത്താസമ്മേളനം.

‘സുപ്രീം കോടതിയുടെ പ്രവര്‍ത്തനം ക്രമരഹിതാണ്. സുപ്രീം കോടതി ശരിയായ രീതിയില് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യം തകരും’

മറ്റുവഴികളില്ലാത്തതുകൊണ്ടാണ് രാജ്യത്തോടായി ഇക്കാര്യം പറയുന്നത്. ചില കാര്യങ്ങളൊന്നും ശരിയായല്ല നടക്കുന്നത്. ഇന്ന് രാവിലെ ചീഫ് ജസ്റ്റിസുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. എല്ലാ വിവരങ്ങളും വിശദീകരിച്ച് രണ്ട് മാസം മുന്‍പ് ചീഫ് ജസ്റ്റിസ് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റിസിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടിയുണ്ടായില്ല. ഈ കത്ത് മാധ്യമങ്ങള്‍ക്ക് നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് ജനങ്ങള്‍ക്ക് മുന്‍പില്‍ എത്തുന്നതെന്നും ചെലമേശ്വര്‍ പറഞ്ഞു.

നാളെ ഈ ജോലിയില്‍ നിന്നും പിരിഞ്ഞുപോവുമ്പോള്‍ തങ്ങള്‍ സ്വന്തം ആത്മാഭിമാനം പണയം വെച്ചാണ് ജോലി ചെയ്തതെന്ന് ആളുകള്‍ പറയരുത്. മറിച്ച് ആത്മാഭിമാനം കാത്തുസൂക്ഷിച്ചാണ് ജോലി ചെയ്തതെന്ന് വേണം പറയാന്‍. അതുകൊണ്ടാണ് ഇക്കാര്യങ്ങളെല്ലാം മാധ്യമങ്ങളോട് പറയാന്‍ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു.

ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണോ എന്ന ചോദ്യത്തിന് അത് രാജ്യം തീരുമാനിക്കട്ടെയെന്നായിരുന്നു ജഡ്ജിമാരുടെ മറുപടി.

Advertisement