ചിലര്‍ എന്നെ ബി.ജെ.പിയില്‍ ചേരാന്‍ പ്രേരിപ്പിക്കുന്നു, അതുണ്ടാകില്ല: ശരദ് പവാര്‍
national news
ചിലര്‍ എന്നെ ബി.ജെ.പിയില്‍ ചേരാന്‍ പ്രേരിപ്പിക്കുന്നു, അതുണ്ടാകില്ല: ശരദ് പവാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th August 2023, 7:49 pm

 

മുംബൈ: ബി.ജെ.പിയില്‍ പോകില്ലെന്ന് വ്യക്തമാക്കി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. ചില അഭ്യുദയകാംക്ഷികള്‍ തന്നെ ബി.ജെ.പിയില്‍ ചേരുന്നതിനായി പ്രേരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുമായുള്ള ഒരു ബന്ധവും എന്‍.സി.പി രാഷ്ട്രീയ നയവുമായി യോജിക്കുന്നതല്ലെന്ന് സോലാപൂര്‍ ജില്ലയിലെ സംഗോളയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

‘എന്‍.സി.പി അധ്യക്ഷനെന്ന നിലയില്‍ എന്റെ പാര്‍ട്ടി(എന്‍.സി.പി) ബി.ജെ.പിയോടൊപ്പം പോകില്ലെന്ന് ഞാന്‍ വ്യക്തമാക്കുകയാണ്. ബി.ജെ.പിയുമായുള്ള ഒരു ബന്ധവും എന്‍.സി.പിയുടെ രാഷ്ട്രീയ നയവുമായി യോജിക്കുന്നതല്ല,’ അദ്ദേഹം പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. ചില അഭ്യുദയകാംക്ഷികള്‍ തന്നെ ബി.ജെ.പിയില്‍ ചേരാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്നും എന്നാല്‍ ബി.ജെ.പിയുമായി ഒരു സഖ്യത്തിലും ഏര്‍പ്പെടില്ലെന്നും പവാര്‍ പറഞ്ഞു.

‘ഞങ്ങളില്‍ ചിലര്‍ (അജിത് പവാര്‍ എന്‍.സി.പി വിഭാഗം) വ്യത്യസ്ത നിലപാടാണ് എടുത്തത്. ഞങ്ങളുടെ നിലപാടില്‍ എന്തെങ്കിലും മാറ്റമുണ്ടോയെന്നറിയാനാണ് ചില അഭ്യുദയകാംക്ഷികള്‍ ശ്രമിക്കുന്നത്. അത് കൊണ്ടാണ് അവര്‍ ഞങ്ങളുമായി സൗഹൃദപരമായ ചര്‍ച്ചക്ക് ശ്രമിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

മരുമകനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായി പൂനെയില്‍ വെച്ച് നടന്ന രഹസ്യ കൂടിക്കാഴ്ചയെ കുറിച്ചും പവാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

‘ അവന്‍ എന്റെ മരുമകനാണ്, എന്റെ മരുമകനുമായി കൂടിക്കാഴ്ച നടത്തുന്നതില്‍ എന്താണ് തെറ്റ്? കുടുംബത്തിലെ മുതിര്‍ന്ന അംഗമെന്ന നിലയില്‍ ഞാന്‍ കുടുംബത്തിലെ മറ്റൊരു അംഗത്തെ കാണുന്നു. അതില്‍ ഒരു പ്രശ്‌നവുമില്ല,’ ശരദ് പവാര്‍ പറഞ്ഞു. മഹാവികാസ് അഘാടിക്ക് ജനങ്ങള്‍ അധികാരം കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മാസമായിരുന്നു എന്‍.സി.പിയെ പിളര്‍ത്തി അജിത് പവാറും എട്ട് എം.എല്‍.എമാരും ബി.ജെ.പി സര്‍ക്കാരില്‍ പോയത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി അദ്ദേഹം സത്യപ്രതിജ്ഞയും ചെയ്തു.

Content Highlights: NCP will not go with BJP; Sharad pawar