ബി.ജെ.പി ജനറല്‍ ഡയറിന്റെ നയം നടപ്പാക്കുകയായിരുന്നു; കര്‍ഷക സമരം തകര്‍ക്കാന്‍ നടന്നത് വലിയ ഗൂഢാലോചനയെന്ന് നവാബ് മാലിക്ക്
national news
ബി.ജെ.പി ജനറല്‍ ഡയറിന്റെ നയം നടപ്പാക്കുകയായിരുന്നു; കര്‍ഷക സമരം തകര്‍ക്കാന്‍ നടന്നത് വലിയ ഗൂഢാലോചനയെന്ന് നവാബ് മാലിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th January 2021, 9:47 pm

മുംബൈ: റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ദല്‍ഹിയില്‍ നടന്ന അക്രമങ്ങള്‍ ബി.ജെ.പി കരുതിക്കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് എന്‍.സി.പി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക്ക്. കര്‍ഷക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ അപകീര്‍ത്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകരുടെ സമരം അവസാനിപ്പിക്കാനായി ജനറല്‍ ഡയറിന്റെ നയം നടപ്പാക്കാന്‍ ശ്രമിക്കുകയാണ് ബി.ജെ.പിയെന്നും അദ്ദേഹം പറഞ്ഞു.

‘ദല്‍ഹിയിലുണ്ടായ അക്രമ സംഭവങ്ങള്‍ ബി.ജെ.പി സര്‍ക്കാര്‍ മുന്‍ കൂട്ടി ആസൂത്രണം ചെയ്തതാണ്. കര്‍ഷകരെ അപകീര്‍ത്തിപ്പെടുത്താനും കര്‍ഷകരുടെ പ്രതിഷേധത്തെ തകര്‍ക്കാനും സര്‍ക്കാര്‍ ജനറല്‍ ഡയറിന്റെ നയം സ്വീകരിച്ചിരിക്കുകയാണ് അവര്‍,’ നവാബ് മാലിക്ക് പറഞ്ഞു.

ബ്രിട്ടീഷ് പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ബ്രിഗേഡിയര്‍ ജനറല്‍ റെജിനാള്‍ഡ് ഇ. എച്ച് ഡയറാണ് ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവിട്ടത്. ഇതുപോലെയാണ് കേന്ദ്രം കര്‍ഷകരെയും കാണുന്നതെന്നാണ് നവാബ് മാലിക്ക് പറഞ്ഞത്.

ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റിപ്പബ്ലിക് ദിനത്തില്‍ നടന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലിയില്‍ പങ്കെടുത്തവര്‍ക്കെതിരെ ദല്‍ഹി പൊലീസ് കേസെടുത്തിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ പൊതു സ്വത്ത് നശിപ്പിക്കപ്പെട്ടതായാണ് പൊലീസ് വാദം. ഇതുവരെ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെച്ചതിന് പിന്നാലെ എം. പി ശശി തരൂര്‍, മാധ്യമപ്രവര്‍ത്തകരായ രജ്ദീപ് സര്‍ദേശായി, വിനോദ് കെ ജോസ് തുടങ്ങി എട്ടുപേര്‍ക്കെതിരെ രാജ്യദ്രോഹ കേസ് ചുമത്തുകയും ചെയ്തിട്ടുണ്ട്.

ട്രാക്ടര്‍ റാലിക്കിടെ ഉണ്ടായ അക്രമ സംഭവങ്ങളില്‍ സംശയവുമായി നിരവധി ആക്ടിവിസ്റ്റുകളും രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധക്കാര്‍ ചെങ്കോട്ടയില്‍ പ്രവേശിപ്പിച്ചിട്ടും എന്തുകൊണ്ടാണ് അവരെ തടയാതിരുന്നതെന്ന് കപില്‍ സിബല്‍, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ തുടങ്ങി നിരവധി പേരാണ് ചോദിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: NCP’s Nawab Malik says BJP implementing General Dyer’s policy to finish farmers’ protest