എഡിറ്റര്‍
എഡിറ്റര്‍
തോമസ് ചാണ്ടിയുടെ രാജി നാളെയില്ല; രാജിവെക്കാന്‍ സമയപരിധി നല്‍കിയിട്ടില്ലെന്നും എന്‍.സി.പി
എഡിറ്റര്‍
Monday 13th November 2017 10:47am

തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യം നാളത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യില്ലെന്ന് പാര്‍ട്ടി പ്രസിഡന്റ് എന്‍.പി.പീതാംബരന്‍ മാസ്റ്റര്‍. തോമസ് ചാണ്ടിയുടെ രാജി ചര്‍ച്ച ചെയ്യാനല്ല നാളെ യോഗം വിളിച്ചിരിക്കുന്നത്. യോഗം നേരത്തെ തന്നെ തീരുമാനിച്ചതാണ്. സംഘടനാപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ളതാണ് യോഗം.

യോഗത്തിന്റെ അജന്‍ഡയില്‍ മന്ത്രിയുടെ രാജിക്കാര്യം വരില്ല, പക്ഷേ വേണമെങ്കില്‍ വിഷയം ചര്‍ച്ചചെയ്യും. എന്നാല്‍ അന്തിമതീരുമാനം കേന്ദ്രനേതൃത്വമായിരിക്കും എടുക്കുകയെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

രാജിയുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കാന്‍ എല്‍.ഡി.എഫ് ആവശ്യപ്പെട്ടിട്ടില്ല. എല്‍.ഡി.എഫ് യോഗത്തില്‍ എന്‍.സി.പി ഒറ്റപ്പെട്ടു എന്നത് വസ്തുതാവിരുദ്ധമായ വാര്‍ത്തയാണെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

തോമസ് ചാണ്ടിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകനെ നിയോഗിക്കാനാണ് എന്‍.സി.പി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായി എന്‍.സി.പി ദേശീയ നേതാക്കള്‍ സംസാരിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ മുഖ്യമന്ത്രി ഇന്ന് പ്രതികരിച്ചില്ല

രാജിക്കാര്യം എന്‍.സി.പി തീരുമാനിച്ച് തന്നെ അറിയിക്കട്ടെ എന്നാണ് ഇടതുമുന്നണിയോഗത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാട്.

അതേസമയം നാളെ നടക്കുന്ന എന്‍സിപി ഭാരവാഹി യോഗത്തില്‍ തീരുമാനമായാലും ഇല്ലെങ്കിലും കാര്യങ്ങള്‍ തോമസ് ചാണ്ടിയ്ക്ക് കൂടുതല്‍ പ്രതികൂലമാക്കാനുള്ള സാധ്യതകളാണ് നിലവിലുള്ളത്.

വിഷയത്തില്‍ എന്‍.സി.പി എന്ത് നിലപാട് സ്വീകരിച്ചാലും തോമസ് ചാണ്ടി രാജിവച്ചേ മതിയാവൂ എന്ന ഉറച്ച നിലപാടിലാണ് സി.പി.ഐ.
തോമസ് ചാണ്ടിയ്ക്കെതിരായ പല നിര്‍ണായക കേസുകളും നാളെ തന്നെയാണ് ഹൈക്കോടതിയുടെ പരിഗണനയില്‍ വരുന്നത്.

Advertisement