ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ
Kerala
ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th November 2020, 12:25 pm

ബെംഗുളൂരു: ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. ബെംഗളൂരു ലഹരിമരുന്ന് കേസില്‍ ബിനീഷിനെ കസ്റ്റഡിയില്‍ വേണമെന്നും എന്‍.സി.ബി ആവശ്യപ്പെട്ടു. എന്‍.സി.ബിയുടെ ഹരജി കോടതി തിങ്കളാഴ്ച പരിഗണിക്കും.

അതേസമയം ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീട്ടില്‍നിന്ന് പിടിച്ചെടുത്ത ക്രെഡിറ്റ് കാര്‍ഡിന്റെ ഇടപാടുകള്‍ നിര്‍ണായക തെളിവായി സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് ഇ.ഡി.

ബെംഗളൂരു മയക്കുമരുന്നുകേസിലെ പ്രധാനപ്രതി അനൂപ് മുഹമ്മദിന്റെ പേരിലുള്ള ക്രെഡിറ്റ് കാര്‍ഡ് എങ്ങനെ ബിനീഷിന്റെ കൈയില്‍ എത്തി എന്നാണ് ഇ.ഡി. അന്വേഷിക്കുന്നത്. എന്നാല്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ കാര്‍ഡ് കൊണ്ടുവന്നുവെച്ചതാണെന്ന് ബിനീഷിന്റെ ഭാര്യ റെനീറ്റ ഉള്‍പ്പെടെയുള്ളവര്‍ ആരോപണം ഉന്നയിക്കുന്നുണ്ട്.

അനൂപിന്റെ കാര്‍ഡ് ഉപയോഗിച്ച് കേരളത്തില്‍ പലയിടത്തും ഇടപാടുകള്‍ നടന്നിട്ടുള്ളതായി ഇ.ഡി. കണ്ടെത്തിയതായാണു വിവരം. ഈ ദിവസങ്ങളില്‍ കാര്‍ഡ് ഉപയോഗിച്ച ഇടങ്ങളില്‍ അനൂപ് ഇല്ലായിരുന്നു. അങ്ങനെയെങ്കില്‍ കാര്‍ഡ് ആര് ഉപയോഗിച്ചുവെന്നു കണ്ടെത്തേണ്ടതുണ്ട്.

കാര്‍ഡ് ഉപയോഗിച്ച സ്ഥാപനങ്ങളിലും ഇ.ഡി. പരിശോധന നടത്തി. കാര്‍ഡ് നല്‍കിയ ബാങ്കില്‍നിന്ന് ഇടപാടുകളുടെ വിശദവിവരങ്ങളും ഇ.ഡി. ശേഖരിച്ചിട്ടുണ്ട്. അനൂപ് മുഹമ്മദിനെ മുന്നില്‍നിര്‍ത്തിയാണ് ബിനീഷ് പല ഇടപാടുകളും നടത്തിയതെന്ന നിഗമനത്തിലാണ് ഇ.ഡി.

അതേസമയം ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. വൈകുന്നേരത്തോടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ ബിനീഷിനെ ഹാജരാക്കും. അന്വേഷണപുരോഗതി റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിക്കും. കസ്റ്റഡി കാലാവധി നീട്ടണമെന്ന് ഇ.ഡി ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്. ബിനീഷിന്റെ ജാമ്യാപേക്ഷയും ഇന്ന് കോടതിക്ക് മുന്നിലെത്തും.

അറസ്റ്റ് ചെയ്തതിന് ശേഷം ഒന്‍പത് ദിവസമായി ഇ.ഡി ബിനീഷിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയാണ്. കേസുമായി ബന്ധപ്പെട്ട് കേരളത്തില്‍ വിവിധ ഇടങ്ങളില്‍ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: NCB Demand Bineesh Custody