ട്രാന്‍സില്‍ എന്നെ തീരുമാനിക്കുന്നത് ഷൂട്ടിങ് തുടങ്ങി ഒരു വര്‍ഷത്തിന് ശേഷം മാത്രം: നസ്രിയ നസീം
Malayalam Cinema
ട്രാന്‍സില്‍ എന്നെ തീരുമാനിക്കുന്നത് ഷൂട്ടിങ് തുടങ്ങി ഒരു വര്‍ഷത്തിന് ശേഷം മാത്രം: നസ്രിയ നസീം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 15th February 2020, 3:35 pm

കൊച്ചി: ട്രാന്‍സ് സിനിമയുടെ ചിത്രീകരണം ആരംഭിച്ച് ഒരു വര്‍ഷം കഴിയുമ്പോഴാണ് സംവിധായകന്‍ അമല്‍ നീരദ് തന്നെ ചിത്രത്തിലേക്ക് ക്ഷണിക്കുന്നതെന്ന് നടി നസ്രിയ.

കൂടെ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അന്‍വര്‍ റഷീദ് ട്രാന്‍സിലെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിയുമോ എന്ന് ചോദിച്ചതെന്നും ട്രാന്‍സിന്റെ ചിത്രീകരണം തുടങ്ങി അപ്പോഴേക്ക് ഏതാണ്ട് ഒരു വര്‍ഷം കഴിഞ്ഞിരുന്നെന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ നസ്രിയ നസീം പറഞ്ഞു.

ജീവിതത്തില്‍ നിന്ന് ഏറെ അകന്നുനില്‍ക്കുന്ന കഥാപാത്രമാണെങ്കിലും എസ്തര്‍ ലോപ്പസിനായി വലിയ മുന്നൊരുക്കങ്ങളൊന്നും നടത്തിയിട്ടില്ലെന്നും നസ്രിയ പറയുന്നു.

കഥാപാത്രവുമായി ചേര്‍ന്നുപോകുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിച്ചു. കൂടുതല്‍ തയ്യാറെടുത്താല്‍ ക്യാമറയ്ക്ക് മുന്‍പിലെത്തുമ്പോള്‍ പ്രശ്‌നമാകും. ട്രാന്‍സിന്റെ ഭാഗമാകാമെന്ന് ഉറപ്പിക്കുന്നതിന് മുന്‍പ് തന്നെ കഥയെ കുറിച്ചും കഥാപാത്രത്തെ കുറിച്ചും കേട്ടിരുന്നു. അതുകൊണ്ട് കാര്യങ്ങള്‍ താരതമ്യേന എളുപ്പമായിരുന്നു- നസ്രിയ പറഞ്ഞു.

വിവാഹശേഷം അഭിനയം നിര്‍ത്തിയോ എന്ന് പലരും തന്നോട് ചോദിക്കാറുണ്ടെന്നും എന്നാല്‍ ഒരിക്കല്‍ പോലും അഭിനയം അവസാനിപ്പിക്കണമെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും ബാക് ടു ബാക് സിനിമകള്‍ ചെയ്യുന്ന രീതി മുന്‍പും തനിക്കുണ്ടായിരുന്നില്ലെന്നും നസ്രിയ പറഞ്ഞു.

ട്രാന്‍സിന്റെ സെറ്റിലേക്കിറങ്ങുമ്പോള്‍ ലൊക്കേഷനിലേക്കാണ് പോകുന്നതെന്ന തോന്നല്‍ ഉണ്ടായിരുന്നില്ല. ഫഹദിനൊപ്പം വീട്ടില്‍ നിന്നും ഇറങ്ങുന്നു. അന്‍വര്‍ റഷീദും അമല്‍നീരദും ഉള്‍പ്പെടെയുള്ള വലിയൊരു സംഘം സുഹൃത്തുക്കള്‍ക്കിടയിലേക്ക് കയറിച്ചെല്ലുന്നു. ആഹ്ലാദത്തോടെ ആസ്വദിച്ചാണ് ടാന്‍സിന്റെ ഓരോ സീനിലും അഭിനയിച്ചതെന്നും നസ്രിയ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ