നയൻതാരയുടെ ഹൊറർ ത്രില്ലർ ചിത്രം 'ഐറാ'യുടെ ടീസർ യൂട്യൂബിൽ
Entertainment
നയൻതാരയുടെ ഹൊറർ ത്രില്ലർ ചിത്രം 'ഐറാ'യുടെ ടീസർ യൂട്യൂബിൽ
ന്യൂസ് ഡെസ്‌ക്
Saturday, 5th January 2019, 8:22 pm

കൊച്ചി: നയൻതാരയുടെ ഏറ്റവും പുതിയ ചിത്രമായ “ഐറാ”യുടെ ടീസർ ശനിയാഴ്ച്ച പുറത്തുവന്നു. ലക്ഷ്മി, മാ, എന്നീ ചിത്രങ്ങൾക്ക് ശേഷം സർജുൻ കെ.എം. സംവിധാനം ചെയ്യുന്ന ചിത്രമാണ് “ഐറാ”. ഹൊറർ ചിത്രമായ “ഐറാ”യിൽ രണ്ടു ഗെറ്റപ്പുകളിലാണ് നയൻതാര പ്രത്യക്ഷപ്പെടുന്നത്. ഫ്ലാഷ് ബാക്കുകൾ എന്ന് തോന്നിക്കുന്ന ചിത്രത്തിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ഭാഗങ്ങളിൽ ഗ്രാമീണ പെൺകുട്ടിയായും, മറ്റ് ഭാഗങ്ങളിൽ മുതിർന്ന, തന്റേടിയായ, മാറിയ കാലത്തിന്റെ പ്രതിനിധിയായ സ്ത്രീയുമായാണ് നയൻ പ്രത്യക്ഷപ്പെടുന്നത്. തിരിച്ചറിയാൻ സാധിക്കാത്ത രീതിയിൽ ചിത്രത്തിന്റെ ചില ഭാഗത്ത് മറ്റൊരു പെൺകുട്ടിയേയും കാണാൻ സാധിക്കുന്നുണ്ട്.

Also Read കണ്ണൂരില്‍ രണ്ട് ദിവസത്തേക്ക് പ്രതിഷേധ പ്രകടനങ്ങള്‍ ഒഴിവാക്കാന്‍ സി.പി.ഐ.എം-ബി.ജെ.പി സമാധാന യോഗത്തില്‍ ധാരണ

“ഇത്തവണയും ഒരു പെൺകുട്ടിയാണ് ജനിച്ചത്” എന്ന വോയിസ് ഓവറോടെയാണ് ടീസർ ആരംഭിക്കുന്നത്. ടീസറിന്റെ പല ഭാഗത്തും പാറി നടക്കുന്ന ഒരു ചിത്രശലഭത്തെയും കാണാം. ചിത്രശലഭം എന്തിനെ പ്രതിനിധീകരിക്കുന്നു എന്ന് വ്യക്തമല്ല. “6 അപരിചിതരാണ് എന്റെ ജീവിതം മാറ്റിയെഴുതിയതെന്നു” ടീസറിന്റെ ഒരു ഭാഗത്ത് നയൻതാരയുടെ കഥാപാത്രം പറയുന്നുണ്ട്. ബലാത്സംഗം ചെയ്യപ്പെട്ട ഒരു പെൺകുട്ടിയുടെ പ്രതികാര കഥയാണ് എന്ന സാധ്യതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.

“ലേഡി സൂപ്പർസ്റ്റാർ” എന്ന വിശേഷണത്തിന് യോജിച്ചെന്നവണ്ണം നായികാപ്രാധാന്യമുള്ള ചിത്രങ്ങളിലാണ് ഏറെ നാളുകളായി നയൻതാര പ്രത്യക്ഷപ്പെടുന്നത്. കൊലമാവ്‌ കോകില, മായ എന്നീ ചിത്രങ്ങൾ ഇതിനു ഉദാഹരണമാണ്. എന്നാൽ അതിനോടൊപ്പം തന്നെ നായകപ്രാമുഖ്യമുള്ള ചിത്രങ്ങളിൽ അഭിനയിക്കാനും നയൻതാര മടി കാണിക്കാറില്ല. അജിത് നായകനാകുന്ന “വിശ്വാസം” ആണ് നയന്റെ ഉടൻ പുറത്തിറങ്ങുന്ന മറ്റൊരു ചിത്രം. ലവ് ആക്ഷൻ ഡ്രാമ എന്ന നിവിൻ പോളി ചിത്രത്തിലും നായിക വേഷത്തിൽ നയൻതാര എത്തുന്നുണ്ട്.

Also Read രവിശങ്കറിന്‍റെയും ജഗ്ഗിയുടേയും പരിപാടിക്ക് ചിലവഴിച്ചത് 13 ലക്ഷം, ബധിര വിദ്യാര്‍ത്ഥിക്ക് സൗകര്യം ഒരുക്കാന്‍ ഫണ്ടില്ല; ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ സമരത്തിലേക്ക്

നായികാപ്രാധാന്യമുള്ള സിനിമകൾ ചെയുന്ന സർജുണിന്റെ ഹ്രസ്വചിത്രമായ “ലക്ഷ്മി” ഏറെ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. വിവാഹിതയായ സ്ത്രീക്ക് വിവാഹേതര ബന്ധം ഉള്ളതായി ചിത്രീകരിച്ചു എന്ന് കാണിച്ചാണ് വിവാദങ്ങൾക്ക് മുളപൊട്ടുന്നത്. വരലക്ഷ്മി ശരത്കുമാർ നായികയായ “ഇച്ചരിക്കയ്” ആണ് സർജുണിന്റെ ആദ്യചിത്രം. ചിത്രം ബോക്സോഫീസിൽ പരാജയമായിരുന്നു. കെ.ജെ.ആർ. സ്‌റ്റുഡിയോസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രം ഈ വർഷം ആദ്യപകുതിയിലാവും പ്രേക്ഷകർക്ക് മുന്നിലെത്തുക.