ബോളിവുഡിന് മുഖം കൊടുക്കാത്ത നയന്‍താര; വേണ്ടെന്നു വെച്ചത് ഷാരൂഖ് ഖാനൊപ്പമുള്ള അവസരവും
DMOVIES
ബോളിവുഡിന് മുഖം കൊടുക്കാത്ത നയന്‍താര; വേണ്ടെന്നു വെച്ചത് ഷാരൂഖ് ഖാനൊപ്പമുള്ള അവസരവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th November 2020, 7:16 pm

തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായിക, ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നായിക, ഏറ്റവും കൂടുതല്‍ ഫാന്‍ബേസുള്ള നായിക തുടങ്ങി ഇന്ന് 36ാം പിറന്നാള്‍ ആഘോഷിക്കുന്ന നയന്‍താരയക്കുള്ള വിശേഷണങ്ങള്‍ ഏറെയാണ്.

പിറന്നാള്‍ ദിനത്തില്‍ നയന്‍താരയുടെ അത്ഭുതകരമായ കരിയര്‍ ഗ്രോത്തിനെ പറ്റി വലിയ ചര്‍ച്ചകളാണ് നടക്കുന്നത്.

നടിയുടെ സിനിമാ ജീവിതത്തില്‍ കൗതുകമുണര്‍ത്തുന്ന ഒരുകാര്യമാണ് തെന്നിന്ത്യയിലെ നാലു ഭാഷകളിലും അഭിനയിച്ചിട്ടുള്ള നയന്‍താര ഒരിക്കല്‍ പോലും ഒരു ബോളിവുഡ് ചിത്രത്തില്‍ പോലും അഭിനയിച്ചിട്ടില്ല എന്നത്.

ബോളിവുഡില്‍ അഭിനയിക്കുക എന്നത് ഇന്ന് അഭിനേതാക്കളുടെ കരിയര്‍ ഗ്രാഫില്‍ ഒരു പ്രധാന ഘടകമല്ലെങ്കിലും ബോളിവുഡ് അവസരം നടിമാര്‍ക്ക് ഒരു പരിധി വരെ വമ്പന്‍ അവസരമായി നിന്ന 2000 ത്തില്‍ ആണ് നയന്‍താര കരിയര്‍ തുടങ്ങിയത്. മാത്രമല്ല അന്നത്തെ തെന്നിന്ത്യന്‍ മുന്‍നിര നടിമാരായിരുന്ന അസിന്‍,  ശ്രിയ ശരണ്‍, പിന്നീട് വന്ന തമന്നയടക്കമുള്ളവര്‍ ബോളിവുഡില്‍ മുഖം കാണിച്ചിട്ടുണ്ട്. നടി അസിനു മാത്രമാണ് ബോളിവുഡില്‍ പക്ഷെ വിജയക്കൊടി പാറിക്കാനായത്. പക്ഷെ അന്നും നയന്‍താര തെന്നിന്ത്യന്‍ ഭാഷകളില്‍ തന്നെയാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.

രോഹിത് ഷെട്ടി ഇറക്കിയ ഷാരൂഖ്ഖാന്‍ ചിത്രം ചെന്നൈ എക്സ്രപ്രസില്‍ അഭനയിക്കാന്‍ നയന്‍താരയെ ക്ഷണിച്ചിരുന്നു. ചിത്രത്തിലെ വണ്‍ ടു ത്രീ ഫോര്‍ എന്ന ഹിറ്റ് ഡാന്‍സ് നമ്പറിലേക്കായിരുന്നു നടിയെ ക്ഷണിച്ചത്.

എന്നാല്‍ ഈ അവസരം നയന്‍താര സ്വീകരിച്ചില്ല. ബോളിവുഡില്‍ ഒരു ഡാന്‍സ് സോങ്ങില്‍ അഭിനയിക്കാന്‍ നടിയ്ക്ക് താല്‍പര്യമില്ലെന്നായിരുന്നു അന്ന് വന്ന റിപ്പോര്‍ട്ട്. അതേസമയം ഇതേപറ്റി നടി ഔദ്യോഗിക വിശദീകരണവും നല്‍കിയിട്ടില്ല.

നയന്‍താരയ്ക്ക് പകരം സോങ്ങില്‍ അഭിനയിച്ചത് പ്രിയാമണിയായിരുന്നു. പ്രതിഫലം വാങ്ങാതെയാണ് പ്രിയാമണി ഈ സോങ്ങില്‍ അഭിനയിച്ചത്. ചെന്നൈ എക്‌സ്പ്രസ് പോലൊരു വമ്പന്‍ ചിത്രത്തിലെ അവസരം തന്റെ കരിയറില്‍ ഉണ്ടാക്കുന്ന ചലനം മുന്‍കൂട്ടി കണ്ടാണ് താന്‍ ഈ സോങ് ചെയ്തതെന്ന് പ്രിയാമണി പറഞ്ഞിരുന്നു. ചെന്നൈ എക്‌സ്പ്രസ് കൂടാതെ മറ്റു ചില ബോളിവുഡ് അവസരവും നടി വേണ്ടെന്നു വെച്ചെന്നാണ് സിനിമാ ലോകത്ത് നിന്നുള്ള സൂചനകള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Nayanthara say no to Bollywood