നവ്‌ജോത് സിദ്ദു ആംആദ്മിയില്‍ ചേര്‍ന്നോ?, പ്രശാന്ത് കിഷോര്‍ ചേര്‍ത്തോ; അമരീന്ദര്‍ സിങ് പറയുന്നതിങ്ങനെ
national news
നവ്‌ജോത് സിദ്ദു ആംആദ്മിയില്‍ ചേര്‍ന്നോ?, പ്രശാന്ത് കിഷോര്‍ ചേര്‍ത്തോ; അമരീന്ദര്‍ സിങ് പറയുന്നതിങ്ങനെ
ന്യൂസ് ഡെസ്‌ക്
Friday, 5th June 2020, 8:27 pm

ന്യൂദല്‍ഹി: പഞ്ചാബിലെ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ നവ്‌ജോത് സിദ്ദു പാര്‍ട്ടി വിട്ട് ആംആദ്മി പാര്‍ട്ടിയില്‍ ചേരാനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ അമരീന്ദര്‍ സിങ്.

സിദ്ദു പാര്‍ട്ടി വിടില്ലെന്നും ആംആദ്മിയില്‍ ചേരുന്നില്ലെന്നുമാണ് അമരിന്ദര്‍ സിങ് അറിയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് നയതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ നേരിട്ട് ബന്ധപ്പെട്ടതിന് ശേഷമാണ് അമരീന്ദര്‍ ഇക്കാര്യം അറിയിച്ചത്. പ്രശാന്ത് കിഷോറാണ് സിദ്ദുവിനെ ആംആദ്മിയിലേക്ക് ക്ഷണിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

‘പാര്‍ട്ടിയിലെ അവിഭാജ്യഘടകമാണ് നവ്‌ജോത് സിദ്ദു. പ്രശാന്ത് കിഷോര്‍ സിദ്ദുവിനെ ആംആദ്മിയിലേക്ക് ചേക്കാറാന്‍ പ്രേരിപ്പിക്കുന്നു എന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അങ്ങനൊരു നീക്കവും നടത്തിയിട്ടില്ലെന്ന് പ്രശാന്ത് കിഷോര്‍ എന്നോട് നേരിട്ട് പറഞ്ഞു’, അമരിന്ദര്‍ സിങ് പറഞ്ഞു.

പ്രശാന്ത് കിഷോര്‍ സിദ്ദുവിന് ആംആദ്മി പാര്‍ട്ടിയിലേക്കുള്ള വാതിലുകള്‍ തുറന്നിടുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 2017 ലെ തെരഞ്ഞെടുപ്പിന് പിന്നാലെ പ്രശാന്ത് കിഷോര്‍ ഏറ്റെടുത്ത ദൗത്യമായിരുന്നു ഇത് എന്നടക്കമുള്ള ഊഹാപോഹങ്ങള്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍, ഈ അഭ്യൂഹങ്ങള്‍ക്കിടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും നേതാക്കളായ പ്രിയങ്കാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഒപ്പമുള്ള ചിത്രങ്ങളും വീഡിയോകളും സിദ്ദു പങ്കുവെച്ചിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് വിടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അദ്ദേഹം പ്രതികരിച്ചിട്ടുമില്ല.

അതേസമയം, ആംആദ്മിയില്‍ ചേര്‍ന്നാല്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് സിദ്ദു പ്രശാന്ത് കിഷോറുമായി ചര്‍ച്ച നടത്തിയെന്ന് ഐ.എന്‍.എസ് റിപ്പോര്‍ട്ട് ചെയ്തത്. കോണ്‍ഗ്രസ് തന്നെ അരികുവല്‍ക്കരിക്കുകയാണെന്ന പരാതി അദ്ദേഹത്തിനുണ്ടെന്നാണ് മറ്റൊരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇദ്ദേഹം നിലവില്‍ കോണ്‍ഗ്രസില്‍ സജീവ പ്രവര്‍ത്തകനല്ല. ഇക്കാര്യങ്ങള്‍ക്കൊണ്ട് സിദ്ദു ആംആദ്മിയില്‍ ചേര്‍ന്നേക്കുമെന്ന സൂചന ശക്തമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അമരീന്ദര്‍ സിങിനെതിരെ സിദ്ദു പലതവണ വിമര്‍ശനങ്ങളുയര്‍ത്തിയിരുന്നു. അതേസമയം, നെഹ്റു കുടുംബത്തിനോടുള്ള താല്‍പര്യം സിദ്ദു പ്രകടിപ്പിക്കാറുമുണ്ട്.

സിദ്ദുവിന്റെ ഭാര്യ ഡോ നവ്ജോത് കൗര്‍ സിദ്ദുവും അമരീന്ദര്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. എം.ബി.ബി.എസ് ഫീസ് വര്‍ധിപ്പിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെ അഭിനന്ദിച്ചും ഇവര്‍ ട്വീറ്റ് ചെയ്തിരുന്നു.

എന്നാല്‍ സിദ്ദു ആംആദ്മിയിലേക്ക് എന്ന റിപ്പോര്‍ട്ടുകളെ ചില എ.എ.പി നേതാക്കള്‍ത്തന്നെ തള്ളി. സിദ്ദു ആംആദ്മിയിലേക്ക് കൂറുമാറിയാല്‍ ഇപ്പോഴുള്ളതിനേക്കാള്‍ അപകടകാരിയായി മാറിയേക്കും എന്ന അഭിപ്രായമാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക