എഡിറ്റര്‍
എഡിറ്റര്‍
കെ.എം ഷാജി 25ലക്ഷം കോഴ കൈപ്പറ്റിയെന്ന് പരാതിപ്പെട്ട മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി
എഡിറ്റര്‍
Monday 18th September 2017 11:18am


കോഴിക്കോട്: അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയ്‌ക്കെതിരെ കോഴ ആരോപണം ഉന്നയിച്ച് അഴീക്കോട് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിക്ക് പരാതി നല്‍കിയ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. അഴീക്കോട് പഞ്ചായത്തിലെ വൈസ് മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റായ നൗഷാദ് പൂതപ്പാറയെയാണ് പാര്‍ട്ടി അന്വേഷണ വിധേയമായി പുറത്താക്കിയത്.

പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ കാര്യം നൗഷാദ് പൂതപ്പാറ ഡൂള്‍ന്യൂസിനോടു സ്ഥിരീകരിച്ചു. തനിക്ക് ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ചന്ദ്രികയിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനുള്ള കാരണം എന്താണെന്ന് അറിയില്ലെന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എം.വി നികേഷ്‌കുമാറിനൊപ്പം ചേര്‍ന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എം ഷാജിയ്‌ക്കെതിരെ തോല്‍പ്പിക്കാന്‍ ഗൂഢാലോചന നടത്തിയതാണ് പുറത്താക്കാന്‍ കാരണമെന്നാണ് തനിക്ക് വിവരം ലഭിച്ചതെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോടു പറഞ്ഞു.


Also Read: ആദ്യം മാലിന്യങ്ങള്‍ വിതറി, പിന്നീട് വൃത്തിയാക്കി; ദല്‍ഹിയില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ശുചീകരണ യജ്ഞം


കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് അഴീക്കോട് ഹയര്‍ സെക്കന്ററി സ്‌കൂളിന് പ്ലസ് ടു അനുവദിച്ചതുമായി ബന്ധപ്പെട്ട് ഷാജി 25 ലക്ഷം രൂപ കൈപ്പറ്റിയെന്നായിരുന്നു നൗഷാദ് ആരോപിച്ചത്. എന്നാല്‍ ആരോപണം തള്ളി കെ.എം ഷാജി എം.എല്‍.എ രംഗത്തുവന്നിരുന്നു. തനിക്കെതിരെ ആരോപണം ഉന്നയിച്ചയാള്‍ തെളിവു നല്‍കണമെന്നും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ പരാതി വിജിലന്‍സിന് കൈമാറുകയാണ് ചെയ്യേണ്ടതെന്നും ഷാജി വെല്ലുവിളിച്ചിരുന്നു.

2014ലാണ് പ്ലസ് ടു അനുവദിച്ചത്. അഴിമതി പുറത്തുവരുന്നത് 2017ലാണെന്നും അഴിമതിക്കെതിരെ ശബ്ദിക്കാന്‍ എന്തേ ഇത്ര താമസമെന്നും ഷാജി ചോദിച്ചിരുന്നു.

2014ല്‍ പ്ലസ് ടു അനുവദിച്ചെങ്കിലും അതിനേ തുടര്‍ന്നുള്ള പോസ്റ്റു ക്രിയേഷന്‍ പോലുള്ള കാര്യങ്ങള്‍ ഇപ്പോഴാണ് നടന്നതെന്നുമാണ് നൗഷാദ് ഇതുമായി ബന്ധപ്പെട്ട് നല്‍കിയ വിശദീകരണം.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഹയര്‍സെക്കന്ററി കോഴ്സ് അനുവദിക്കുന്നതിനായി പൂതപ്പാറ ശാഖാ കമ്മിറ്റിയെ അഴീക്കോട് ഹൈസ്‌കൂള്‍ കമ്മിറ്റി സമീപിക്കുകയും തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ പ്ലസ് ടു അനുവദിച്ചാല്‍ പൂതപ്പാറ ആസ്ഥാനമായി ലീഗ് ഓഫീസിന്റെ കെട്ടിടം വയ്ക്കുന്ന ചിലവിലേക്ക് ഒരു തസ്തികയ്ക്കു സമാനമായ തുക നല്‍കാമെന്ന് ഹൈസ്‌കൂള്‍ കമ്മിറ്റി ഉറപ്പു നല്‍കുകയും ചെയ്തിരുന്നെന്നാണ് നൗഷാദ് നല്‍കിയ പരാതിയില്‍ പറഞ്ഞത്.

2014ല്‍ അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ് ടു അനുവദിച്ചു കിട്ടിയതിനു പിന്നാലെ വാഗ്ദാന പ്രകാരമുള്ള 25 ലക്ഷം രൂപ പ്രാദേശിക കമ്മിറ്റിയ്ക്കു നല്‍കുവാന്‍ സ്‌കൂള്‍ മാനേജ്മെന്റ് തീരുമാനിച്ചു. എന്നാല്‍ കെ.എം ഷാജി ഇടപെട്ട് ഈ തുക ഇപ്പോള്‍ നല്‍കേണ്ടതില്ലെന്നും തന്നോട് ചര്‍ച്ച ചെയ്തശേഷം ഇതുമായി ബന്ധപ്പെട്ട കാര്യം ചെയ്താല്‍ മതിയെന്നും മാനേജറോട് നിര്‍ദേശിച്ചതിനെ തുടര്‍ന്ന് തുക തരാന്‍ കഴിയില്ല എന്ന് മാനേജര്‍ തങ്ങളെ അറിയിച്ചെന്നും നൗഷാദ് ആരോപിച്ചിരുന്നു.

തുടര്‍ന്ന് പ്രാദേശിക മുസ്ലിം ലീഗ് നേതാക്കള്‍ എം.എല്‍.എയുമായി സംസാരിച്ചപ്പോള്‍ അഴീക്കോട് ഹൈസ്‌കൂള്‍ കമ്മിറ്റിയില്‍ വിവിധ വിഭാഗത്തില്‍ പെട്ടവര്‍ ഉള്ളതിനാല്‍ അവിടെ നിന്നും പൈസ വാങ്ങരുതെന്നാണ് നിര്‍ദേശമെന്ന് പറഞ്ഞു. ഇതേത്തുടര്‍ന്ന് പ്രാദേശിക കമ്മിറ്റി ഇതില്‍ നിന്നും പിന്മാറിയെന്നും പരാതിയില്‍ വിശദീകരിക്കുന്നു.

എന്നാല്‍ 2017 ജൂണില്‍ സ്‌കൂള്‍ കമ്മിറ്റി ജനറല്‍ ബോഡിയില്‍ പ്ലസ് ടു അനുവദിക്കലുമായി ബന്ധപ്പെട്ട് ചിലവാക്കിയ ഭീമമായ തുകയുടെ കണക്ക് വന്നതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മണ്ഡലം എം.എല്‍.എ കെ.എം ഷാജി 25 ലക്ഷം രൂപ മാനേജറില്‍ നിന്നും നേരിട്ട് കൈപ്പറ്റിയതായി ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് പരാതിയില്‍ പറഞ്ഞത്. പരാതി സോഷ്യല്‍ മീഡിയകളിലൂടെ വലിയതോതില്‍ പ്രചരിച്ചതിനു പിന്നാലെയാണ് നൗഷാദിനെ പുറത്താക്കിയിരിക്കുന്നത്.

Advertisement