മോദിക്കെതിരെ സമരം പ്രഖ്യാപിച്ചിരിക്കെ ഹരിയാനയില്‍ കര്‍ഷക നേതാക്കളെ കൂട്ടമായി അറസ്റ്റ് ചെയ്തു
India
മോദിക്കെതിരെ സമരം പ്രഖ്യാപിച്ചിരിക്കെ ഹരിയാനയില്‍ കര്‍ഷക നേതാക്കളെ കൂട്ടമായി അറസ്റ്റ് ചെയ്തു
ന്യൂസ് ഡെസ്‌ക്
Wednesday, 25th November 2020, 9:02 am

ഹരിയാന: കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ആള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ച ‘ദില്ലി ചലോ’ പ്രക്ഷോഭം നടക്കാനിരിക്കെ ഹരിയാനയില്‍ കര്‍ഷക നേതാക്കളെ പൊലീസ് കൂട്ടമായി അറസ്റ്റ് ചെയ്തു.

നവംബര്‍ 26, 27 തിയ്യതികളിലാണ് ‘ദില്ലി ചലോ’ പ്രക്ഷോഭം യൂണിയനുകള്‍ ആഹ്വാനം ചെയ്തത്. അറസ്റ്റുകളെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വിവിധ കര്‍ഷക കൂട്ടായ്മകളും തൊഴിലാളി യൂണിയനുകളും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.

നവംബര്‍ 24 ന് പുലര്‍ച്ചെ സംസ്ഥാനത്തൊട്ടാകെയുള്ള റെയ്ഡുകളില്‍ 31 കര്‍ഷക നേതാക്കളെയെങ്കിലും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് സ്വരാജ് ഇന്ത്യ ദേശീയ പ്രസിഡന്റ് യോഗേന്ദ്ര യാദവ് പത്രസമ്മേളനത്തില്‍ പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമാധാനപരവും അച്ചടക്കമുള്ളതുമായ പ്രകടനമാണ് കര്‍ഷകര്‍ നടത്താനിരുന്നതെന്നും എന്നാല്‍ നേതാക്കളെ അറസ്റ്റ് ചെയ്ത് സര്‍ക്കാര്‍ ഭീകരത സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തൊട്ടാകെയുള്ള അഞ്ഞൂറിലധികം കര്‍ഷക സംഘടനകള്‍ ചേര്‍ന്നാണ് ആള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മുന്‍കൈയില്‍ ദ്വിദിന പ്രതിഷേധം ജന്തര്‍ മന്തറില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ നവംബര്‍ 26 ന് രാവിലെ അഞ്ച് പോയിന്റുകളില്‍ ഒത്തുകൂടി ദില്ലിയിലേക്ക് മാര്‍ച്ച് നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.

നേതാക്കളെ അറസ്റ്റ് ചെയ്‌തെങ്കിലും സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്നും ദില്ലി ചലോ പ്രക്ഷോഭം പ്രഖ്യാപിക്കപ്പെട്ടതുപോലെ തന്നെ നടക്കുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: national – other-states farmer leaders arrested in haryana ahead of delhi march