എഡിറ്റര്‍
എഡിറ്റര്‍
‘ഇതാണ് മലയാളീസ്’; മലയാളികളുടെ കൂളിംഗ് ഗ്ലാസ് പ്രതിഷേധം ദേശീയ മാധ്യമങ്ങളിലും നിറയുന്നു; ട്രോളുകളും പോസ്റ്റുകളും നാഷണല്‍ ഹിറ്റ്
എഡിറ്റര്‍
Tuesday 17th October 2017 7:24pm

കോഴിക്കോട്: കേരളത്തിലെ സി.പി.ഐ.എം പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെയുടെ പ്രസ്താവന വന്‍ പ്രതിഷേധത്തിന് തിരിയിട്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലും മറ്റുമായി നിരവധി പേരാണ് ഇതിനെതിരെ രംഗത്തെത്തിയത്.

കൂളിംഗ് ഗ്ലാസ് ധരിച്ചു കൊണ്ടുള്ള ചിത്രം പോസ്റ്റ് ചെയ്തായിരുന്നു മലയാളികള്‍ സരോജിന് മറുപടി നല്‍കിയത്. ഗ്വാജ് ഡാ എന്ന ഹാഷ് ടാഗോടെയായിരുന്നു മലയാളികളുടെ കൂളിംഗ് ഗ്ലാസ് പ്രതിഷേധം. മലയാളികളുടെ ഈ പ്രതിഷേധം സോഷ്യല്‍ മീഡിയയും കടന്ന് ദേശീയ മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണ്.

പോ മോനെ ഷാജിയ്ക്കും അമിട്ടടിയ്ക്കും ശേഷം പുതിയ ട്രെന്റുമായി മലയാളികള്‍ എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് പറഞ്ഞ സരോജ് പാണ്ഡെയ്ക്കുള്ള കേരളത്തിന്റെ മറുപടിയാണിതെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു.


Also Read:  ‘ചുമ്മാ വന്ന് ചൂഴ്‌ന്നെടുത്ത് പോണം’; കണ്ണിന്റെ ചിത്രം പ്രൊഫൈല്‍ പിക്ചര്‍ ആക്കി സരോജ് പാണ്ഡയെ വെല്ലുവിളിച്ച് മലയാളികള്‍


ഇന്ത്യന്‍ എക്‌സ്പ്രസിന് പിന്നാലെ ഫസ്റ്റ് പോസ്റ്റ്, ഇന്ത്യാ ടൈംസ് തുടങ്ങിയ ദേശീയ മാധ്യമങ്ങളും പ്രതിഷേധം വാര്‍ത്തയാക്കിയിട്ടുണ്ട്. സരോജത്തിന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ നല്‍കിയ മറുപടിയും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. ട്വിറ്റര്‍ ഹാഷ് ടാഗിനൊപ്പം മലയാളികള്‍ പങ്കുവെച്ച കൂളിംഗ് ഗ്ലാസ് ധരിച്ചു കൊണ്ടുള്ള ചിത്രങ്ങളും മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിട്ടുണ്ട്.

കേരളത്തിലെ സി.പി.ഐ.എം പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി അവരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന് പറഞ്ഞ ബി.ജെ.പി ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെയെ വെല്ലുവിളിച്ച് മലയാളികള്‍ രംഗത്തെത്തുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ കൂളിംഗ് ഗ്ലാസ് ധരിച്ചും അല്ലാതേയുമുള്ള തങ്ങളുടെ കണ്ണിന്റെ ചിത്രം പോസ്റ്റ് ചെയ്താണ് മലയാളികളുടെ വെല്ലുവിളി. മിക്കതും ധൈര്യമുണ്ടെങ്കില്‍ വന്നു കണ്ണ് ചൂഴ്ന്നെടുക്കാന്‍ പറയുന്നതാണ്. ചിലത് സരോജത്തെ പരിഹസിക്കുന്നതാണ്.

കേരളത്തില്‍ ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം തുടര്‍ന്നാല്‍ സി.പി.ഐ.എം പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി അവരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്നും അമിത് ഷായുടെ നേതൃത്വത്തില്‍ ജനരക്ഷാ യാത്ര നടത്തുന്നത് ഇത് കാണിച്ച് കൊടുക്കാനാണെന്നമായിരുന്നു ബി.ജെ.പി ജനറല്‍ സെക്രട്ടറിയും മുന്‍ എം.പിയുമായ സരോജ് പാണ്ഡെ പറഞ്ഞിരുന്നത്.

Advertisement