'ജോലി കിട്ടുമല്ലോ പിന്നെന്തിന് മത്സരിക്കണം'; സമരം ചെയ്യുന്ന ദേശീയ വനിതാ കായിക താരത്തെ ടീമിലേക്ക് പരിഗണിച്ചില്ല
Sports
'ജോലി കിട്ടുമല്ലോ പിന്നെന്തിന് മത്സരിക്കണം'; സമരം ചെയ്യുന്ന ദേശീയ വനിതാ കായിക താരത്തെ ടീമിലേക്ക് പരിഗണിച്ചില്ല
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 23rd February 2021, 8:14 am

തിരുവനന്തപുരം: ഖൊ-ഖൊ ദേശീയ വനിതാ കായികതാരത്തെ ജില്ലാ ടീമിലേക്ക് പരിഗണിച്ചില്ലെന്ന് പരാതി. ജോലി കിട്ടുമല്ലോ, പിന്നെന്തിന് മത്സരിക്കണമെന്ന് ചോദിച്ചുകൊണ്ടാണ് താരത്തെ ടീമില്‍ നിന്നും നിഷേധിച്ചത്.

സെക്രട്ടറിയേറ്റിന് മുന്നില്‍ 42 ദിവസമായി സമരം ചെയ്യുന്ന ദേശീയ മെഡല്‍ ജേതാവ് എസ്. രമ്യയെയാണ് സെലക്ഷന്‍ നല്‍കാതെ ഒഴിവാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാനത്തെ മികച്ച താരമാണ് ചിറയിന്‍കീഴ് സ്വദേശിയായ രമ്യ. കൂടാതെ 13 വര്‍ഷമായി ദേശീയ മത്സരങ്ങളില്‍ സജീവ സാന്നിധ്യമാണ് രമ്യ.

ഞായറാഴ്ച ആറ്റിങ്ങല്‍ ശ്രീപാദം ഗ്രൗണ്ടില്‍ നടന്ന ഖൊ-ഖൊ ചാമ്പ്യന്‍ഷിപ്പില്‍ രമ്യ പങ്കെടുത്ത ക്ലബ്ബിന് മൂന്നാം സ്ഥാനം കിട്ടിയിരുന്നു. എന്നാല്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ജില്ലാ ടീമില്‍ രമ്യയുടെ പേരുണ്ടായിരുന്നില്ല.

35-ാമത് ദേശീയ ഗെയിംസില്‍ വെള്ളിമെഡല്‍ ജേതാവായിരുന്ന രമ്യ ജോലിയ്ക്കു വേണ്ടി മറ്റ് താരങ്ങള്‍ക്കൊപ്പം സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്തുവരികയാണ്. സമരം ചെയ്യുകയല്ലേ എന്തായാലും ജോലി കിട്ടും. പിന്നെന്തിനാണ് ഇനി മത്സരിക്കുന്നതെന്ന് സംഘാടകര്‍ ചോദിച്ചതായി രമ്യ പറയുന്നു.

സമരം ചെയ്യുന്ന താരങ്ങളോട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധികൃതര്‍ പ്രതികാരം ചെയ്യുകയാണെന്നാണ് താരങ്ങള്‍ പറയുന്നത്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധികൃതര്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: National games medalists strike at Thiruvananthapuram