പാകിസ്ഥാനില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്നത് വലിയ ആക്രമണ ഭീഷണി, സെന്‍സര്‍ഷിപ്, ഓണ്‍ലൈന്‍ ചൂഷണം; നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്
World News
പാകിസ്ഥാനില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്നത് വലിയ ആക്രമണ ഭീഷണി, സെന്‍സര്‍ഷിപ്, ഓണ്‍ലൈന്‍ ചൂഷണം; നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th July 2022, 11:06 am

ഇസ്‌ലാമാബാദ്: പാകിസ്ഥാനില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്നത് വലിയ വെല്ലുവിളിയെന്ന് നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് (എന്‍.സി.എച്ച്.ആര്‍).

എന്‍.സി.എച്ച്.ആര്‍, സൈബര്‍ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയായ ഡിജിറ്റല്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍ (ഡി.ആര്‍.എഫ്), സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ ജേര്‍ണലിസം (സി.ഇ.ജെ) എന്നീ സംഘടനകള്‍ സംയുക്തമായി സംഘടിപ്പിച്ച യോഗത്തിലായിരുന്നു നിരീക്ഷണം. പാകിസ്ഥാനില്‍ നിന്നുള്ള വനിതാ മാധ്യമപ്രവര്‍ത്തകരായിരുന്നു യോഗത്തില്‍ പങ്കെടുത്തിരുന്നത്.

പ്രധാന സാമൂഹിക വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വനിതാ മാധ്യമപ്രവര്‍ത്തകര്‍ വലിയ രീതിയിലുള്ള ആക്രമണങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും സെന്‍സര്‍ഷിപ്പിനും വിധേയമാകുന്നതായും യോഗത്തില്‍ പറയുന്നു.

ഇലക്ട്രോണിക് മാധ്യമങ്ങളില്‍ ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരേക്കാള്‍ അച്ചടി മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയമനടപടികള്‍ നേരിടേണ്ടി വരുന്ന സാഹചര്യം കൂടുതലാണ്.

മാധ്യമപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം പാകിസ്ഥാനില്‍ ജോലി ചെയ്യുന്നത് വലിയ ഭീഷണിയായി മാറിയിട്ടുണ്ടെന്നും വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ശാരീരിക അക്രമം, ഓണ്‍ലൈനിലൂടെയുള്ള ചൂഷണങ്ങള്‍, വിദ്വേഷ പ്രചരണം എന്നിവ വര്‍ധിച്ചതായും യോഗത്തില്‍ പറയുന്നു.

”ഗവേഷണ ഫലങ്ങള്‍ പറയുന്നത്, പാകിസ്ഥാനിലെ ഓണ്‍ലൈന്‍ ഇടങ്ങളിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് ഓണ്‍ലൈനിലൂടെയുള്ള അക്രമവും ചൂഷണങ്ങളുമാണ്. മാധ്യമസ്വാതന്ത്ര്യം എന്നത് വിജയകരമായി പ്രവര്‍ത്തിക്കുന്ന ജനാധിപത്യത്തിന്റെ ആണിക്കല്ലാണ്,” നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ചെയര്‍പേഴ്‌സണ്‍ റാബിയ ജാവേരി അഘ പറഞ്ഞതായി ജിയോ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

”വനിതകളെ, പ്രത്യേകിച്ചും വനിതാ മാധ്യമപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ഓണ്‍ലൈന്‍ സ്‌പേസുകള്‍ കൂടുതല്‍ ശത്രുതാ മനോഭാവത്തോടെയാണ് പെരുമാറി വരുന്നത്,” പാകിസ്ഥാനി അഭിഭാഷകയും ഇന്റര്‍നെറ്റ് ആക്ടിവിസ്റ്റുമായ നിഖത് ദാദ് പറഞ്ഞു.

സൈബര്‍ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയായ ഡിജിറ്റല്‍ റൈറ്റ്‌സ് ഫൗണ്ടേഷന്റെ (ഡി.ആര്‍.എഫ്) നടത്തിപ്പുകാരി കൂടിയാണ് നിഖത് ദാദ്.

റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് പുറത്തുവിട്ട 2021ലെ വേള്‍ഡ് പ്രസ് ഫ്രീഡം ഇന്‍ഡക്‌സ് പ്രകാരം 180 രാജ്യങ്ങളുടെ ലിസ്റ്റില്‍ പാകിസ്ഥാന്‍ 145ാം സ്ഥാനത്താണുള്ളത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ പാകിസ്ഥാന്‍ എല്ലായ്‌പോഴും പട്ടികകളില്‍ താഴെയാണുണ്ടാകാറ്.

ഭരണകൂട വിമര്‍ശനം കാരണം മാധ്യമ സ്ഥാപനങ്ങള്‍ക്ക് മേല്‍ തുടര്‍ച്ചയായി ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളും സെന്‍സര്‍ഷിപ്പുകളും കാരണമാണിത്. രാജ്യദ്രോഹക്കുറ്റം, മാനനഷ്ടക്കേസ് എന്നിവയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രാജ്യത്ത് കൂടുതലായും ചുമത്തപ്പെടുന്നത്.

2013നും 2019നുമിടയില്‍ പാകിസ്ഥാനില്‍ 33 മാധ്യമപ്രവര്‍ത്തകര്‍ അവരുടെ ജോലിയുടെ പേരില്‍ കൊല്ലപ്പെട്ടതായും മീഡിയ വാച്ച്‌ഡോഗായ ഫ്രീഡം നെറ്റ്‌വര്‍ക്ക് പറയുന്നു.

Content Highlight: National Commission for Human Rights says Pakistan women journalists face increased risk of attack, online abuse and censorship