Administrator
Administrator
താരങ്ങള്‍ക്കല്ല, അവാര്‍ഡ് സിനിമക്കും അഭിനയത്തികവിനും
Administrator
Thursday 19th May 2011 8:49pm

adaminte-makan-abu the best film 2011

സി.കെ സുബൈദ

മലയാളസിനിമയ്ക്ക് ദേശീയതലത്തില്‍ അംഗീകാരം. മികച്ച നടനുള്‍പ്പടെ നാലു അവാര്‍ഡുകളാണ് മലയാളത്തില്‍നിന്നുള്ള ‘ആദാമിന്റെ മകന്‍ അബു’ എന്ന ചിത്രം കരസ്ഥമാക്കിയത്. ഹാസ്യതാരമായി മലയാളസിനിമയിലെത്തി സ്വഭാവനടനായും മികച്ച നടനായും തിളങ്ങിയ സലിംകുമാര്‍ ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ടപ്പോള്‍ ദേശീയ അവാര്‍ഡിനെക്കുറിച്ചുള്ള പൊതുസങ്കല്‍പം തിരുത്തിക്കുറിക്കപ്പെട്ടു.

58 ം ദേശീയ അവാര്‍ഡ് പ്രഖ്യാപനം മലയാളസിനിമയുടെ ശക്തമായ തിരിച്ചുവരവായി കണക്കാക്കാം. ഉര്‍വശീശാപം ഉപകാരം എന്നു പറയുന്നതുപോലെ ഇത്തവണ അവാര്‍ഡ് കമ്മിറ്റിയില്‍ മലയാളികളുണ്ടായിരുന്നില്ല. മലയാളികളില്ലാത്തതുകൊണ്ടുതന്നെ മലയാളസിനിമയെ സംബന്ധിച്ച് തീര്‍ത്തും സുതാര്യമായ തെരഞ്ഞെടുപ്പാണിതെന്ന് കണക്കാക്കാം. മലയാളത്തില്‍ പ്രതിഭാദാരിദ്ര്യമല്ല, കഴിവിനെ അംഗീകരിക്കാനുള്ള മടിയാണുള്ളതെന്ന് ഈ അവാര്‍ഡുകള്‍ തെളിയിച്ചിരിക്കുന്നു.

salimkumar comedian become the best actorമലയാളസിനിമയില്‍ ചെറുപ്പക്കാര്‍ അവഗണിക്കപ്പെടുന്നുണ്ട്. സംവിധാനരംഗത്തേക്ക് നവാഗതര്‍ വരാത്തതിന്റെ കാരണവും ഇതാണ്. ആദാമിന്റെ മകന്‍ അബുവിന് കിട്ടിയ അംഗീകാരം ഒരു നവാഗതസംവിധായകനെന്ന നിലയില്‍ സലിം അഹമ്മദിന് ലഭിച്ച ഏറ്റവും മികച്ച അംഗീകാരമാണ്. സലിംകുമാറിനെപ്പോലെയുള്ള ഒരു നടനെവെച്ച് ഇത്തരമൊരു സിനിമചെയ്യാന്‍ സലിം അഹമ്മദ് കാണിച്ച ധൈര്യമാണ് ഇവിടെ അംഗീകരിക്കപ്പെട്ടത്.

ഹാസ്യതാരങ്ങളെ രണ്ടാംകിടതാരങ്ങളായി മാത്രമാണ് സിനിമാ മേഖലയും പൊതുജനവും കരുതുന്നത്. എന്നാല്‍ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ ലാല്‍ജോസ് സലിംകുമാറിലെ നടനെ കണ്ടെത്തിയതോടെ അദ്ദേഹത്തിന്റെ അഭിനയസാധ്യതകള്‍ വര്‍ധിക്കുകയായിരുന്നു.

മലബാറിന്റെ പ്രത്യേകതയും മനോഹാരിതയും ഒപ്പിയെടുത്തിട്ടുള്ള സിനിമയാണ് ആദാമിന്റെ മകന്‍ അബു. പരിസ്ഥിതിയുമായി ഈ സിനിമയെ ബന്ധപ്പെടുത്താന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുമുണ്ടെന്നത് എടുത്ത് പറയേണ്ടതാണ്. മലയാളസിനിമയുടെ തിരിച്ചുവരവില്‍ ജൂറി അംഗങ്ങളും സന്തുഷ്ടരാണ്. കേരളത്തിലെമാത്രമല്ല, ലോകത്തിലെത്തന്നെ മലയാളികള്‍ക്കു കിട്ടിയ അംഗീകാരമായി ഈ അവാര്‍ഡിനെ പരിഗണിക്കാം.

സംസ്ഥാനതലത്തില്‍ പരിഗണിക്കപ്പെടാതെയോ അംഗീകരിക്കപ്പെടാതെയോ പോകുന്ന ഒരുപാടു ചിത്രങ്ങള്‍ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ദേശീയ അവാര്‍ഡു ലഭിച്ചെങ്കിലും ഈ ചിത്രങ്ങളെല്ലാം സംസ്ഥാനതലത്തില്‍ ശ്രദ്ധിക്കപ്പെടണമെന്നില്ല. കാരണം സംസ്ഥാന അവാര്‍ഡുജൂറികളില്‍ മലയാളികളല്ലാത്തവരാരുമില്ല.

salimkumar the actorകഴിവുള്ള ജൂറികളില്ലാത്തത് അവാര്‍ഡ് നിര്‍ണയത്തെ സാരമായി ബാധിക്കുന്ന ഒരു ഘടകമാണ്. അറിയപ്പെടുന്ന ആളുകളെ, നിഷ്പക്ഷ നിലപാടുള്ളവരെ അവാര്‍ഡുകമ്മിറ്റിയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. സങ്കുചിതമനോഭാവത്തോടെ സിനിമയെ കാണുന്നവര്‍ കുറച്ചുകൂടി വിശാലമനസ്‌കരാവേണ്ടതുണ്ട്. ചലച്ചിത്ര അക്കാദമി ആദ്യം രൂപീകരിച്ച സംസ്ഥാനമെന്ന നിലയില്‍ കേരളത്തിലെ ജൂറിയംഗങ്ങള്‍ കഴിവുള്ളവരാകണം.

നല്ല സിനിമയെ സ്‌നേഹിക്കുന്ന ജനങ്ങള്‍ നമുക്കിടയിലുണ്ട്. സമാന്തരസിനിമകള്‍ മലയാളത്തില്‍ മുമ്പുമുണ്ടായിട്ടുണ്ട്. അത്തരം സിനിമകള്‍ ഒരുകാലത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് അത്തരം വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ആരും തയ്യാറാവുന്നില്ല. വെല്ലുവിളികള്‍ നേരിട്ടുകൊണ്ട് സലിം അഹമ്മദിനെപ്പോലെയുള്ള ചെറുപ്പക്കാര്‍ രംഗത്തുവന്നാല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രങ്ങള്‍ മലയാളത്തില്‍ത്തന്നെയുണ്ടാകുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

കഴിഞ്ഞ തവണ അവാര്‍ഡില്‍നിന്നും മലയാളം തഴയപ്പെട്ടെങ്കില്‍ ഇത്തവണ മലയാളം അതിന്റെ ശക്തമായ തിരിച്ചുവരവ് നടത്തിയെന്ന് നമുക്ക് മനസിലാക്കാം. മികച്ച ചിത്രം, മികച്ച മലയാളചിത്രം, നടന്‍, ഛായാഗ്രഹകന്‍, പശ്ചാത്തല സംഗീതം, സഹനടി, വസ്ത്രാലങ്കാരം,സാങ്കേതിക സംവിധാനം തുടങ്ങി നിരവധി അവാര്‍ഡുകള്‍ മലയാളത്തിനു ലഭിച്ചു. സുകുമാരി, സാബു സിറില്‍ തുടങ്ങിയവര്‍ക്ക് മലയാളസിനിമയിലല്ല അവാര്‍ഡു ലഭിച്ചതെങ്കിലും അവര്‍ മലയാളികളാണെന്നതില്‍ ഓരോ മലയാളിയ്ക്കും അഭിമാനിക്കാം. എപ്പോഴായാലും കഴിവുള്ളവരെത്തേടി അംഗീകാരമെത്തുമെന്നതിനുള്ള തെളിവായി 2011ലെ അവാര്‍ഡിനെ കണക്കാക്കാം.

Advertisement