മതനിന്ദാ നിയമവും അക്ഷരപൂജകരായ ഭക്തരും പാകിസ്ഥാന്റെ ഭാവിയെക്കുറിച്ചുള്ള ചോദ്യചിഹ്നമാണ്‌
kERALA NEWS
മതനിന്ദാ നിയമവും അക്ഷരപൂജകരായ ഭക്തരും പാകിസ്ഥാന്റെ ഭാവിയെക്കുറിച്ചുള്ള ചോദ്യചിഹ്നമാണ്‌
നാസിറുദ്ദീന്‍
Friday, 2nd November 2018, 12:49 pm

മത തീവ്രവാദത്തിന്റെ ഏറ്റവും വലിയ ഇരയാണ് പാക്കിസ്ഥാന്‍. സാമ്രാജ്യത്ത ശക്തികളും രാജ്യം ഭരിച്ച അഴിമതി വീരന്‍മാരായ ഭരണാധികാരികളും കാലാകാലങ്ങളിലായി പാലൂട്ടി വളര്‍ത്തിയ മത തീവ്രവാദം രാജ്യത്തെ സാമ്പത്തികമായും സാമൂഹികമായും തകര്‍ത്തെറിഞ്ഞ അവസരത്തിലാണ് ഇമ്രാന്‍ ഖാന്‍ കയറി വരുന്നത്. ആഴത്തിലുള്ള രാഷ്ട്രീയ വീക്ഷണമോ സാമ്പത്തിക രംഗത്തെ നശിപ്പിച്ച നിയോ ലിബറല്‍ നയങ്ങള്‍ക്കുള്ള ബദലോ കയ്യിലില്ലെങ്കിലും ലേശം സത്യസന്ധതയും മാന്യതയും കയ്യിലുണ്ട്. കയ്യിട്ട് വാരുന്ന ഏര്‍പ്പാടില്ലാത്തത് കൊണ്ട് മത തീവ്രവാദത്തെയോ സാമ്രാജ്യത്വ ശക്തികളെയോ കൂട്ടാതെ തന്നെ മുന്നോട്ട് പോവാനാണ് ശ്രമം. ഈ “ആം ആദ്മി”” രാഷ്ട്രീയത്തെ അതിന്റെ എല്ലാ പരിമിതികളോടും കൂടി തന്നെ ജനങ്ങള്‍, പ്രത്യേകിച്ചും യുവ ജനത, പിന്തുണച്ചതായിരുന്നു തിരഞ്ഞെടുപ്പില്‍ ജമാഅത്ത് അടക്കമുള്ള മത മൗലികവാദ സംഘടനകള്‍ക്ക് ഗംഭീര പരാജയം സമ്മാനിച്ചത്.

ഇമ്രാന്‍ ഭരണം മുന്നോട്ട് പോവുന്ന ഈ നിര്‍ണായക ഘട്ടത്തിലാണ് മതനിന്ദാ കേസില്‍ ആസിയാ ബീബി എന്ന കൃസ്ത്യന്‍ സ്ത്രീയുടെ വധ ശിക്ഷ സുപ്രീം കോടതി റദ്ദാക്കിയതിനെ തുടര്‍ന്നുള്ള കലാപം പൊട്ടിപ്പടരുന്നത്. 2009 ല്‍ നടന്ന സംഭവത്തില്‍ നീതിയുടെ വിജയമായി വിധിയെ വ്യാഖാനിക്കാമെങ്കിലും പാകിസ്ഥാന്‍ എന്ന രാജ്യം നേരിടുന്ന തീവ്രവാദ ഭീഷണിയുടെ കൃത്യമായ ചിത്രം വരച്ചു കാട്ടുന്നതാണ് ഈ കേസിന്റെ തുടക്കം തൊട്ട് അവസാനം വരെ ഉണ്ടായിട്ടുള്ള സംഭവ വികാസങ്ങള്‍.

“ഉപയോഗം” തന്നെ അഭിപ്രായ സ്വാതന്ത്രത്തിന്റെ കടക്കല്‍ കത്തി വെക്കുന്നതും വ്യാപകമായ “ദുരുപയോഗ” സാധ്യതകള്‍ തുറന്നിടുന്നതുമായ മതനിന്ദാ നിയമങ്ങള്‍ അടിസ്ഥാനപരമായി തന്നെ ഒരു പരിഷ്‌കൃത ജനാധിപത്യ സമൂഹത്തില്‍ സ്ഥാനമില്ലാത്തതാണ്. വ്യ”ക്തി സ്വാതന്ത്രത്തെയും സ്റ്റേറ്റ് – മത ബന്ധങ്ങളേയും പറ്റി കൃത്യമായ വീക്ഷണങ്ങള്‍ രൂപപ്പെടാത്ത കാലത്ത് പോലും ഇസ്ലാമിക ലോകത്ത് വ്യത്യസ്ത വീക്ഷണങ്ങള്‍ നില നിന്ന ഒന്നാണ് “മതനിന്ദ” എന്ന വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ നല്‍കുന്ന പദപ്രയോഗം. നിരന്തരം പ്രവാചകനെ അധിക്ഷേപിച്ചവരെ പോലും ആശയപരമായിട്ട് പ്രവാചകന്‍ നേരിട്ടതാണ് ഖുര്‍ആനും ചരിത്രവും പഠിപ്പിക്കുന്നതും.

എന്നാല്‍ ഈ പുരോഗമന വീക്ഷണങ്ങളെയും അഭിപ്രായ വ്യത്യാസങ്ങളേയും പൂര്‍ണമായും നിരാകരിക്കുന്നതാണ് പാകിസ്ഥാനിലെ മതനിന്ദാ നിയമം എന്ന പേരിലറിയപ്പെടുന്ന 295-സി. രാജ്യത്തെ സുന്നികളില്‍ ഏറെക്കുറെ എല്ലാവരും തന്നെ “ഹനഫി” വിശ്വാസ ധാര പിന്‍പറ്റുന്നവരാണ്. ഖുര്‍ആനും ഹദീസും കഴിഞ്ഞാല്‍ ഇവരുടെ വിശ്വാസ രീതികള്‍ക്കും നിയമങ്ങള്‍ക്കും അടിസ്ഥാനം ഹനഫീ ഇമാമുരുടെ പുസ്തകങ്ങളാണ്, പ്രത്യേകിച്ചും ശരീഅത്ത് വ്യാഖ്യാനങ്ങള്‍ക്ക്. ഇതില്‍ തന്നെ ഒന്നാം ഇമാമായ അബൂ ഹനീഫക്കാണ് പരമ പ്രധാനം. പിന്നീട് അബൂ യൂസുഫ് പോലുള്ള ശിഷ്യരും അവരുടെ ശിഷ്യരുമായി അങ്ങനെ പോവുന്നു.

അബൂ ഹനീഫ വ്യക്തമായും പറഞ്ഞതാണ് മതനിന്ദ / പ്രവാചക നിന്ദ മാപ്പ് നല്‍കാവുന്ന കുറ്റമാണെന്ന്. അദ്ദേഹത്തിന്റെ പ്രമുഖ ശിഷ്യരും ഇതേ അഭിപ്രായക്കാരായിരുന്നു. പക്ഷേ ഏറെക്കുറെ മുഴുവന്‍ സുന്നികളും ഹനഫീ ധാരയിലുള്ളവരായ പാകിസ്ഥാനിലെ മതനിന്ദാ നിയമത്തിന്റെ വ്യവസ്ഥയില്‍ ഇത് മാപ്പില്ലാത്ത കുറ്റമാണ് ! “കുറ്റം” ചെയ്ത ആള്‍ മാപ്പ് പറഞ്ഞാലും ഇല്ലെങ്കിലും വധശിക്ഷയാണ് ഫലം (ജീവപര്യന്തത്തിനുള്ള വകുപ്പ് ആദ്യം ഉണ്ടായിരുന്നെങ്കിലും പിന്നീട് ശരീഅത്ത് കോടതി അത് 1991 ല്‍ റദ്ദാക്കി.). ഈ വ്യത്യാസം വളരെ പ്രാധാന്യമുള്ളതാണ്. ഒരു മാപ്പ് നല്‍കാന്‍ അവസരമുണ്ടെന്ന് ഇതേ വിശ്വാസികള്‍ പൂര്‍ണമായി അംഗീകരിക്കുന്ന നേതൃത്വം പോലും പറയുന്ന ഒന്നിലാണ് യാതൊരു മറു ചിന്തക്കും ഇടം നല്‍കാതെ കൊന്നു കളയണമെന്ന് അതേ നേതൃത്വത്തിന്റെ പിന്‍ബലത്തിലുണ്ടാക്കിയ നിയമം അനുശാസിക്കുന്നത്. ഫലത്തില്‍ ഈ നിയമം ഖുര്‍ആനും നബിയുടെ മാതൃകക്കും മാത്രമല്ല പാകിസ്ഥാനികളുടെ തന്നെ വിശ്വാസ ധാരക്ക് പോലും കടകവിരുദ്ധമാണ്.

അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധമായ ഈ ഭീകര നിയമത്തിന്റെ സൈദ്ധാന്തികാടിത്തറ ഇത്ര ദുര്‍ബലമാണെങ്കില്‍ പ്രയോഗവല്‍ക്കരണം അതിലേറെ ക്രൂരവും പരിഹാസ്യവുമാണ്. ഈ നിയമത്തിന്റെ പേരില്‍ വന്ന കേസുകളില്‍ 80 ശതമാനവും അപ്പീല്‍ കോടതികളില്‍ വെച്ച് കുറ്റവിമുക്തരാക്കപ്പെടുന്നുവെന്നാണ് lCJ നടത്തിയ ഒരു പഠനത്തെ ഉദ്ധരിച്ച് ഡോണ്‍ പത്രം പറയുന്നത്.

രാഷ്ട്രീയക്കാരുടെ പ്രസ്താവനകള്‍ പോലെ ആര്‍ക്കും എങ്ങനെയും വ്യാഖ്യാനിച്ച് ആരെയും കുറ്റക്കാരാക്കാന്‍ പാകത്തിലാണ് നിയമത്തിലെ വരികള്‍ തന്നെ. ആസിയാ ബീബിയുടെ കേസ് തന്നെ ഇതിനൊന്നാന്തരം ഉദാഹരണമാണ്. അമുസ്‌ലിമായതിന്റെ പേരില്‍ മാത്രം തന്റെ കയ്യില്‍ നിന്ന് വെള്ളം കുടിക്കാത്തതിന്റെ പേരില്‍ തന്നോട് ഉടക്കിയ സ്ത്രീകളോട് കശപിശക്കിടയില്‍ ആസിയാ ബീവി പ്രവാചകനെ അധിക്ഷേപിച്ചും പരിഹസിച്ചും സംസാരിച്ചുവെന്നാണ് കേസ്.

എന്താണ് പ്രവാചക നിന്ദ / മത നിന്ദ എന്നതിന് വളരെ അവ്യക്തമായ നിര്‍വചനമാണ് നിയമം നല്‍കുന്നത് എന്നതുകൊണ്ട് തന്നെ ഫലത്തില്‍ ജഡ്ജിയുടെ ഇഷ്ടം പോലെ എന്തും നിന്ദയാക്കി വ്യാഖ്യാനിച്ച് ശിക്ഷിക്കാം. ദുര്‍ബലമായ ദൃക്‌സാക്ഷി തെളിവുകള്‍ മാത്രമാണ് ആസിയാ ബീബിക്കെതിരായി കേസിലുള്ളത്. അവര്‍ തന്നെ തീര്‍ത്തും വ്യത്യസ്തവും പരസ്പര വിരുദ്ധവുമായ മൊഴികളാണ് തല്‍കിയതും. ഇത് പോലുള്ള കേസുകളില്‍ സാക്ഷികളാവുന്നവരുടെ കാര്യത്തില്‍ പാലിക്കേണ്ട കര്‍ശനമായ മാനദണ്ഡങ്ങളും ഇവരുടെ കാര്യത്തിലുണ്ടായില്ല. അത്ഭുതകരമെന്ന് പറയാം, ഇങ്ങനെയൊക്കെ ആയിട്ടും 2010 ല്‍ വിചാരണ കോടതിയും പിന്നീട് 2014 ലാഹോര്‍ ഹൈക്കോടതിയും വധശിക്ഷ ശരിവെച്ചു. ഞെട്ടിപ്പിക്കുന്ന വസ്തുത “പ്രതിഭാഗത്തിന്റെ വാദങ്ങള്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ അവതരിപ്പിക്കപ്പെട്ടില്ലെന്ന് “” നിരീക്ഷിച്ച ഹൈക്കോടതി തന്നെയാണ് വധശിക്ഷ ശരിവെച്ചിരുന്നതും എന്നതാണ് !

ഇപ്പോള്‍ സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലെ മൂന്നംഗ ബെഞ്ചിന്റെ വിധിയും ശ്രദ്ധേയമാണ്. മതനിന്ദാ നിയമത്തെ ഏതെങ്കിലും രീതിയില്‍ തള്ളിക്കളയുകല്ല അവര്‍ ചെയ്തത്. ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങള്‍ തെളിയിക്കാനുള്ള ഒരു തെളിവും ഇല്ലെന്നതാണ് വിധി എടുത്തു പറയുന്ന കാര്യം. ഒരു ഇസ്‌ലാമിക സമൂഹത്തില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ അനുഭവിക്കേണ്ട സുരക്ഷക്കും സമാധാനത്തിനും അടിവരയിടുന്ന വിധി നിരവധി ഖുര്‍ആന്‍ സൂക്തങ്ങളും ഹദീസും ഉദ്ധരിക്കുന്നു.

56 പേജ് മാത്രമുള്ള വിധിന്യായത്തില്‍ ഏകദേശം മുപ്പതോളം ഖുര്‍ആന്‍ സൂക്തങ്ങളും നിരവധി ഹദീസുകളും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. വിധിയുടെ തുടക്കം തന്നെ മുസ്‌ലീങ്ങളുടെ അടിസ്ഥാന പ്രഖ്യാപനമായ “ശഹാദത്ത് കലിമ” കൊണ്ടും അവസാനിക്കുന്നത് ഒരു ഇസ്‌ലാമിക സമൂഹത്തില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ അനുഭവിക്കേണ്ട ഉയര്‍ന്ന സുരക്ഷയും അവകാശങ്ങളും നിഷേധിക്കാന്‍ നോക്കുന്നവരെ താക്കീത് ചെയ്യുന്ന ഹദീസ് കൊണ്ടുമാണ്. അതായത് ഖുര്‍ആനും ഹദീസും പാകിസ്ഥാന്‍ ഭരണഘടനയും പൂര്‍ണമായും അംഗീകരിച്ച് കൊണ്ട് തന്നെ ഇതൊരു കള്ളക്കേസായി കണ്ട് തള്ളിക്കളയാനാണ് വിധി ശ്രമിക്കുന്നത്. അതിന് കൃത്യമായ തെളിവുകള്‍ നിരത്താനും വിധിക്ക് സാധിച്ചിട്ടുണ്ട്.

വധശിക്ഷ റദ്ദാക്കുന്നതിലേക്ക് സുപ്രീം കോടതിയെ നയിച്ച കണ്ടെത്തലുകള്‍ ഇവയാണ്.

— എഫ്.ഐ.ആര്‍ തയ്യാറാക്കുന്നതില്‍ കാലതാമസം നേരിട്ടു. സംഭവം നടന്ന് 5 ദിവസം കഴിഞ്ഞ് മാത്രമാണ് എഫ്.ഐ.ആര്‍ തയ്യാറാക്കിയത്. വ്യക്തവും കൃത്യവുമായ കാരണങ്ങളില്ലാതെ എഫ്.ഐ.ആര്‍ തയ്യാറാക്കുന്നതില്‍ കാലതാമസം വന്നാല്‍ പ്രതിക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കുന്നതാണ് പാക്കിസ്ഥാന്‍ സുപ്രീംകോടതി തുടര്‍ന്ന് വരുന്ന നയം. ഈ കേസില്‍ കൃത്യമായ ഒരു ന്യായീകരണവും ഇല്ലാത്ത കാലതാമസം എഫ്.ഐ.ആറിന്റെ വിശ്വാസ്യതയില്‍ സംശയം ജനിപ്പിക്കുന്നു.

— സംഭവം നടന്നതായി പറയപ്പെടുന്ന സമയത്ത് ആസിയാ ബീബിയുമായി കശപിശ കൂടിയ 3 സ്ത്രീകളാണ് ഇതിലെ ആരോപണമുന്നയിച്ചത്. ഇതില്‍ യാസ്മിന്‍ ബീബി എന്ന സ്ത്രീ പിന്നീട് മൊഴിയില്‍ നിന്ന് പിന്‍മാറി. മാഫിയാ ബീബി, അസ്മാ ബീബി എന്നീ പേരുള്ള മറ്റു രണ്ട് പേരും നല്‍കിയ മൊഴികളില്‍ വലിയ വൈരുദ്ധ്യവും പൊരുത്തക്കേടുകളുമുണ്ട്. പ്രധാന “തെളിവായി” പ്രൊസിക്യൂഷന്‍ പറയുന്നത് സംഭവം നടന്ന ശേഷം നടന്ന ഗ്രാമീണരുടെ യോഗത്തില്‍ ആസിയാ ബീബി കുറ്റമേറ്റു പറഞ്ഞു എന്നാണ്. എന്നാല്‍ ഈ യോഗം എവിടെ വെച്ച് നടന്നു, എത്ര പേര്‍ പങ്കെടുത്തു, എത്ര സമയം നീണ്ടു, ആരെല്ലാം നേതൃത്വം നല്‍കി എന്ന കാര്യങ്ങളിലെല്ലാം രണ്ട് പേരുടേയും മൊഴികള്‍ പല തവണ മാറി മറിഞ്ഞു.

ഇവരെ കൂടാതെ ഹാജരാക്കപ്പെട്ട സാക്ഷികളുടെ മൊഴികളിലേയും വൈരുദ്ധ്യങ്ങളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും കോടതി അക്കമിട്ട് നിരത്തുന്നുണ്ട്. ഒരു സാക്ഷി ഈ യോഗത്തില്‍ 100 പേര്‍ പങ്കെടുത്തെന്നും മറ്റേ സാക്ഷി 200-250 പേരാണെന്നും ഇനിയും വേറൊരു സാക്ഷി 2000 പേരാണെന്നും മൊഴി നല്‍കിയിട്ടുണ്ട് ! വായിക്കുമ്പോള്‍ അവിശ്വസനീയമായി തോന്നുമെങ്കിലും എവിടെ വെച്ചാണ് മുഖ്യ തെളിവായ ഈ യോഗം നടന്നതെന്ന ചോദ്യത്തിന് 5 സാക്ഷികള്‍ 4 തീര്‍ത്തും വ്യത്യസ്ത സ്ഥലങ്ങളുടെ പേരാണ് പറഞ്ഞത് ! എഫ്.ഐ.ആറില്‍ തന്നെ പറഞ്ഞ കാര്യങ്ങളുമായി സാക്ഷി മൊഴികള്‍ക്കുള്ള വൈരുദ്ധ്യവും കോടതി ചൂണ്ടിക്കാണിക്കുന്നു. മതനിന്ദാ പരാമര്‍ശം നടത്തിയതായി പറയപ്പെടുന്ന തോട്ടത്തില്‍ വേറെയും 20 ല്‍ അധികം പേര്‍ ഉണ്ടായിരുന്നെങ്കിലും അവരാരും പ്രൊസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയിട്ടുമില്ല.

— കാര്യമായ തെളിവായി സ്വീകരിക്കപ്പെട്ട ഈ യോഗത്തെ സംബന്ധിച്ച അവ്യക്തതയും പരസ്പര വിരുദ്ധമായ വിശദീകരണങ്ങളും മാത്രമല്ല പ്രശ്‌നം. അങ്ങനെയൊന്ന് നടന്നിട്ടുണ്ടെങ്കില്‍ പോലും അത് നിയമ സാധുതയില്ലാത്ത (Extra judicial) ഒന്നാണ്. നിയമ സാധുതയില്ലാത്ത ദുര്‍ബലമായ മൊഴികള്‍ ഒരാളെ ശിക്ഷിക്കാന്‍ പര്യാപ്തമല്ല. അങ്ങനെയുള്ള യോഗം നടന്നാല്‍ പോലും അതില്‍ കുറ്റാരോപിതര്‍ ഭീതിയുടെയും ഭീഷണിയുടെയും നിഴലിലാവുന്നത് കൊണ്ട് നിര്‍ഭയമായ കുറ്റസമ്മതവുമാവില്ല. വധശിക്ഷ പോലുള്ള ഒരു ഗൗരവ ശിക്ഷക്ക് അതൊരിക്കലും അടിസ്ഥാനവുമാവരുത്.

— പാകിസ്ഥാനിലെ മതനിന്ദാ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രമാദമായ അയ്യൂബ് മാസിഹിന്റെ കേസാണ് ഇതിനേറ്റവും വലിയ ഉദാഹരണം. ക്രിസ്ത്യാനിയായ അയ്യൂബ് മതനിന്ദാ പരാമര്‍ശം നടത്തിയെന്നാരോപിച്ച് പരാതി നല്‍കിയത് അയല്‍വാസിയായ മുഹമ്മദ് അക്രം എന്ന മുസ്‌ലിം ആയിരുന്നു. ആരോപണം വന്നതോടെ തന്നെ പ്രദേശത്തെ ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്ക് ഒന്നടങ്കം നാടുവിടേണ്ടിവന്നു. ഏകദേശം പതിനഞ്ചോളം കുടുംബങ്ങള്‍ ഇങ്ങനെ നാടുവിട്ടു. വിചാരണക്കോടതി അയ്യൂബിന് വധശിക്ഷയും വിധിച്ചു. പിന്നീട് സുപ്രീംകോടതിയില്‍ അപ്പീലിന് പോയ അയ്യൂബിനെ കോടതി നിരപരാധിയായി കണ്ട് വധശിക്ഷ റദ്ദാക്കി. അയ്യൂബും പിതാവും താമസിച്ചിരുന്ന ഭൂമി കൈക്കലാക്കാന്‍ വേണ്ടി അയല്‍വാസി തട്ടിക്കൂട്ടിയ നാടകം ആയിരുന്നു കേസ് എന്നാണ് കോടതി കണ്ടെത്തിയത്. വേറെയും കേസുകള്‍ കോടതി ഉദ്ധരിക്കുന്നുണ്ട്.

അപ്പോള്‍ അതീവ ദുര്‍ബലവും ഒറ്റ നോട്ടത്തില്‍ തന്നെ കള്ളക്കേസാണെന്ന് ആര്‍ക്കും ബോധ്യപ്പെടുന്നതും ആയ ഒരു കേസാണിതെന്ന് വ്യക്തം. പിന്നെ എന്ത് കൊണ്ടായിരിക്കും വിചാരണ കോടതി ഹൈക്കോടതിയിലും വധശിക്ഷ വിധിക്കുന്നതിലേക്ക് നയിച്ചത് ? ഇതേ സുപ്രീം കോടതി വിധിയില്‍ തന്നെ അതിനുള്ള ഉത്തരങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്.

1990 ന് ശേഷം മാത്രം മതനിന്ദാ ആരോപണം നേരിട്ട 62 പേരാണ് അവരുടെ വിചാരണ പോലും പൂര്‍ത്തിയാകുന്നതിന് മുമ്പ് നിഷ്ഠൂരമായി കൊല്ലപ്പെട്ടത് എന്ന് വിധി തന്നെ പറയുന്നുണ്ട്. അതായത് മതനിന്ദാ എന്ന വെറും ആരോപണം മാത്രം മതി ഒരാള്‍ പാകിസ്ഥാനില്‍ മത തീവ്രവാദികളുടെ കൊലക്കിരയാവാന്‍. അതില്‍ സാധാരണക്കാരും എഴുത്തുകാരും ആക്റ്റിവിസ്റ്റുകളും മാത്രമല്ല മന്ത്രിമാര്‍ വരെ ഇരകളായിട്ടുണ്ട്. പഞ്ചാബ് ഗവര്‍ണറായ സല്‍മാന്‍ തസീര്‍ 2011 ല്‍ കൊല്ലപ്പെട്ടത് ആസിയാ ബീബിയെ പിന്തുണച്ചും മതനിന്ദാ നിയമം പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും സംസാരിച്ചതിനായിരുന്നു. അന്ന് കൊല നടത്തിയ മുംതാസ് ഖാദിരിയെന്ന പോലീസ് കമാന്റോ 28 വെടിയുതിര്‍ത്താണ് സല്‍മാനെ കൊന്നത്.

ഇന്നലെ സുപ്രീം കോടതി വിധിയെ ശക്തമായി അപലപിച്ച് പ്രസ്താവന പുറപ്പെടുവിച്ച പാകിസ്ഥാന്‍ ജമാഅത്ത് നേതാവ് സിറാജുല്‍ ഹഖ് ഖാദിരിയെ വിശേഷിപ്പിച്ചത് ശഹീദ് അഥവാ വീര രക്തസാക്ഷി എന്നാണ് ! ഇതേ ഖാദിരി ജമാഅത്ത് ആശയക്കാരനല്ലായിരുന്നിട്ട് പോലും 2015 ലെ കറാച്ചി മേയര്‍ തിരഞ്ഞെടുപ്പില്‍ ജമാഅത്ത് പോസ്റ്ററുകളില്‍ ഇടം നേടിയിരുന്നു. ഖാദിരിയുടെ കേസ് സൗജന്യമായി വാദിക്കാന്‍ മുന്നോട്ട് വന്ന 300 അഭിഭാഷകരും ശവസംസ്‌കാര ചടങ്ങില്‍ സംബന്ധിച്ച പതിനായിരങ്ങളുമൊക്കെ ഇതേ രോഗത്തിന്റെ ലക്ഷണങ്ങളാണ് (ഏത് കൊലയാളിക്കും നിയമ സഹായം നല്‍കണമെന്നത് മറ്റൊരു കാര്യം. പക്ഷേ ഇവിടെ താല്‍പര്യം വേറെയാണ്)

ബ്രിട്ടീഷുകാര്‍ 100 വര്‍ഷം മുമ്പ് സ്ഥാപിച്ച മതനിന്ദാ നിയമത്തിന് ജമാഅത്ത് പോലുള്ള സംഘടനകളുടെയും വലിയൊരു വിഭാഗം ജനങ്ങളുടെയും പിന്തുണയുണ്ടെന്നതാണ് യഥാര്‍ത്ഥ പ്രശ്‌നം. ആ നിയമത്തിന്റെ പേരിലുള്ള ഏതൊരു ആരോപണവും ഹിംസാത്മകമായി നടപ്പിലാക്കേണ്ടതാണെന്ന ബോധം അതിലേറെ അപകടകരമാണ്. മതനിന്ദാ നിയമം അല്ലെങ്കില്‍ അതിന്റെ പേരില്‍ ജനക്കൂട്ടം അഴിച്ചു വിടുന്ന ആക്രമണം ഒരു രോഗ ലക്ഷണം മാത്രമാണ്. യഥാര്‍ത്ഥ പ്രശ്‌നം മത പ്രമാണങ്ങളുടെയും വിശ്വാസ സങ്കല്‍പങ്ങളുടെയും വികലവും അങ്ങേയറ്റം സങ്കുചിതവുമായ വ്യാഖ്യാനങ്ങളാണ്. അക്ഷര പൂജകരായ ഒരു കൂട്ടം ഭക്തര്‍ പാകിസ്ഥാന്റെ ഭാവിയുടെ നേരെയുള്ള ചോദ്യ ചിഹ്നമാണ്.

“മതനിന്ദ ” മാത്രമല്ല നിരവധിയായ മറ്റ് വിഷയങ്ങളിലും അവര്‍ ഏറ്റു മുട്ടലിന്റെ പാതയിലാണ്. ഇതിനെ നേരിടാന്‍ ഇമ്രാന്‍ ഖാന്റെ ഓട്ട സൂത്രങ്ങളോ താല്‍ക്കാലിക നടപടികളോ മതിയാവില്ല. മതപ്രചാണങ്ങളെ കാലികമായി പുനര്‍ വായിക്കാന്‍ സാധിക്കുന്ന ബൗദ്ധിക, മത നേതൃത്വങ്ങളും അതിനെ പിന്തുണക്കാന്‍ ആര്‍ജവമുള്ള രാഷ്ട്രീയ നേതൃത്വവും അനിവാര്യമാണ്. അതിലൂടെ മാത്രമേ പാകിസ്ഥാനും കൂടിയും കുറഞ്ഞതുമായ തോതില്‍ സമാന ഭീഷണി നേരിടുന്ന മറ്റു മുസ്‌ലിം സമൂഹങ്ങള്‍ക്കും മുന്നോട്ട് പോവാന്‍ സാധിക്കൂ.

പി.എസ് : കൃത്യമായ നിയമ നടപടികളിലൂടെ രാജ്യത്തെ സുപ്രീം കോടതി പ്രഖ്യാപിച്ച വിധിയെ അതിന്റെ ഒരു വാദത്തെ പോലും വസ്തുതാ പരമായി നേരിടാതെ തന്നെ ഏകപക്ഷീയമായി തള്ളിക്കളയുക, അത് പ്രഖ്യാപിച്ച ന്യായാധിപരെയും നടപ്പിലാക്കാന്‍ നോക്കുന്നവരെയും തെറിയും ഭീഷണിയും കൊണ്ട് നേരിടുക, പച്ചക്ക് കൊലയോ അക്രമങ്ങളോ ഒക്കെ നടത്തിയവരെ വീരരും വാഴ്ത്തപ്പെട്ടവരുമാക്കി കൊണ്ടാടുക…… പാക്കിസ്ഥാനില്‍ നിന്ന് ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഇവിടെയുള്ള ആരെയെങ്കിലും പറ്റി നിങ്ങള്‍ക്കോര്‍മ വരുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ മാത്രം കുഴപ്പമാണ്.