Administrator
Administrator
‘ഞാന്‍, നരേന്ദ്ര മോഡിയുടെ ഭാര്യ’
Administrator
Tuesday 20th September 2011 11:01am

yashodaben

ഹൈമ ദേശ്പാണ്ഡെ

ഗുജറാത്തിലെ രാജോസമ വില്ലേജിലെ എല്ലാ സ്ത്രീകളെയും പോലെ ഒരാള്‍. അക്കൂട്ടത്തിലൊരാളായേ യശോദാബെന്‍ ചിമാന്‍ലാല്‍ മോഡി ജീവിച്ചിട്ടുള്ളൂ. ചളിയും അഴുക്കും പുരണ്ട്, ഒട്ടുംപാകമല്ലാത്ത ബ്ലൗസും മോശമില്ലാത്ത സാരിയും. അതാണ് വേഷം. ചെറുതായി ഒടിഞ്ഞശരീരം, ചുളിവുകള്‍ തെളിഞ്ഞുകാണാവുന്ന മുഖം. കഷ്ടപ്പാടുകള്‍ കൈകളില്‍ വ്യക്തമായി കാണാം. രൂപത്തിന് തീവ്രതകൂട്ടിക്കൊണ്ട് മുടികള്‍ പിറകില്‍ കെട്ടിവച്ചിരിക്കുന്നു. ചളിപുരട്ട കാലുകളില്‍ അതുപോലെ ചളിയുള്ള ചെരുപ്പുകള്‍. ഒറ്റ നോട്ടത്തില്‍ യശോദാബെന്നിനെ ഇങ്ങനെ വിശേഷിപ്പിക്കാം.

രജോസന ഗ്രാമത്തിലെ സ്‌ക്കൂളില്‍ അധ്യാപികയായി ജോലിചെയ്യുകയാണിവര്‍. പക്ഷെ ഗ്രാമവാസികള്‍ക്ക് ഇവരെ പരിചയം ടീച്ചറായിട്ടില്ല. മറിച്ച് ഗുജറാത്തിനെ വിറപ്പിക്കുന്ന മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ ഭാര്യയായിട്ടാണ്.

വര്‍ഷങ്ങളായി അജ്ഞാതവാസത്തിലായിരുന്ന യശോദാബെന്നിന് മോഡിയുടെ ഭാര്യ എന്ന ലേബല്‍ തിരിച്ചുകിട്ടുന്നത് ഗോധ്രഗുജറാത്ത് കലാപത്തിനുശേഷമായിരുന്നു. പൊടിനിറഞ്ഞ രജോസന ഗ്രാമത്തില്‍ മോഡിയുടെ ശത്രുക്കള്‍ യശോദാബെന്നിനെ കണ്ടെത്തുകയായിരുന്നു. അതോടെ ആ സ്ത്രീയുടെ ജീവിതം കൂടുതല്‍ ദുരിതങ്ങള്‍ നിറഞ്ഞതായി. 2,500 ഓളം വരുന്ന ഗ്രാമവാസികള്‍ ചെറിയൊരു വിഭാഗം മാത്രമേ ഈ കഥ വിശ്വസിക്കാത്തതായുള്ളൂ. ഈ അവകാശവാദം എതിര്‍ക്കാനോ അനുകൂലിക്കാനോ മോഡിപോലും തയ്യാറായിട്ടുമില്ല.

18വയസില്‍ ജന്മഗ്രാമമായ വാ്ഡ്‌നഗറില്‍ നിന്നും മോഡിയുടെ ഭാര്യാപദവി ഏറ്റെടുത്തയാളാണ് യശോദാബെന്‍. ഗുജറാത്തിലെ ഭൂരിപക്ഷം സ്ത്രീകളെയും പോലെ നാണവും, ലജ്ജയും യശോദാബെന്നിന്റെയും കൂടപ്പിറപ്പായിരുന്നു. ഇതിനു പുറമേ താന്‍ സുന്ദരിയല്ല എന്ന അപകര്‍ഷതാ ബോധവും. തന്നെ കാണാന്‍ കൊള്ളില്ല എന്ന തോന്നല്‍ മനസിലുള്ളതുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ പോലും യശോദാബെന്നിന് ഇഷ്ടമല്ലായിരുന്നെന്നാണ് ഒരു ഗ്രാമവാസി അവരെക്കുറിച്ച് പറഞ്ഞത്. വിവാഹസമയത്ത് വെറും ഏഴാം ക്ലാസുകാരിമാത്രമായിരുന്നു ഇവര്‍. അതുതന്നെയാണ് യശോദാബെന്നിന്റെ വിാഹജീവിതത്തെ ഇരുട്ടിലാഴ്ത്തിയതും. പുതുമോടി കഴിയും മുമ്പേ യശോദാബെന്നിന് ഭര്‍തൃഗൃഹം ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് മാറേണ്ടിവന്നു. തുടര്‍പഠനമായിരുന്നു ലക്ഷ്യം. വിദ്യാഭ്യാസം പൂര്‍ത്തിയാക്കി എങ്ങനെയെങ്കിലും ഭര്‍ത്താവിന്റെ മനസിലിടം തേടുക അതായിരുന്നു ഏക ലക്ഷ്യം. അങ്ങനെ ധോലാകയില്‍ വച്ച് 1972അവര്‍ എസ്.എസ്.സി പാസായി. അതിനുശേഷം പ്രൈമറി ടീച്ചേഴ്‌സ് കോഴ്‌സ് പൂര്‍ത്തിയാക്കി മൂന്നുമാസം അഹമ്മദാബാദില്‍ ജോലിചെയ്തു.

എന്റെ ഭര്‍ത്താവിനെതിരെ ഞാനൊന്നും പറയില്ല. അദ്ദേഹം വളരെ ശക്തനാണ്. എനിക്ക് ജീവിക്കാനുള്ള ആകെ വഴിയാണ് ഈ ജോലി

അതിനുശേഷം 1978ല്‍ ബനാസ്‌കാന്ത ജില്ലയിലെ ദേഖ് വാലി ഗ്രാമത്തിലെ ഒരു  പ്രൈമറി സ്‌ക്കൂളില്‍ ജോലിയില്‍ പ്രവേശിച്ചു. പിന്നീട് രൂപാല്‍ഗ്രാമത്തിലെ ജില്ലാ പഞ്ചായത്ത് സ്‌ക്കൂളിലേക്ക് ട്രാന്‍സ്ഫറാവുകയും ചെയ്തു. 12 വര്‍ഷം അവിടെ സേവനമനുഷ്ഠിച്ചു. 1991 ഡിസംബര്‍ 2നാണ് രജോസന്‍ ഗ്രാമത്തിലേക്ക് അവര്‍ എത്തിയത്. ഇത്രയും കാലം കഴിഞ്ഞിട്ടും യശോദാബെന്നിനോട് കൂടെ വന്നുനില്‍ക്കാന്‍ മോഡി ഒരിക്കല്‍പോലും ആവശ്യപ്പെട്ടിട്ടില്ല. അങ്ങിനെ അവര്‍ രണ്ട് വഴികളില്‍ കഴിഞ്ഞു.

രജോസന പ്രൈമറി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രത്യേകിച്ച് മുസ്‌ലീം വിദ്യാര്‍്ത്ഥികള്‍ക്കിടയില്‍ ഏറെ പ്രശസ്തയാണ് യശോദാബെന്‍. അധ്യാപികയെന്നതിലുപരിയായി ഇവിടുത്തെ മുസ്‌ലീം വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വവികസനത്തിന് മോഡിയുടെ ഉപേക്ഷിക്കപ്പെട്ട ഭാര്യ നടത്തിയ ശ്രമങ്ങള്‍ വിസ്മരിക്കാന്‍ കഴിയില്ലെന്നാണ് ഈ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ പറയുന്നത്.

സംസ്ഥാനത്തിന്റെ മുതിര്‍ന്ന നേതാവാണ് നരേന്ദ്ര മോഡി. അദ്ദേഹം ബുദ്ധിമാനാണ്. കാണാന്‍ സുന്ദരനുമാണ്. അദ്ദേഹവുമായി യശോദബെന്നിന് ചേര്‍ച്ചയില്ലായിരിക്കാം. എങ്കിലും അവര്‍ അദ്ദേഹത്തിന്റെ ഭാര്യയാണ്. തീര്‍ച്ചയായും അദ്ദേഹം അവരെ തിരികെ വിളിച്ച് കൂടെതാമസിപ്പിക്കണം- ഒരു മുതിര്‍ന്ന ഗ്രാമവാസി പറയുന്നു.

അവരെ കാണാനായി ഞാന്‍ സ്‌ക്കൂളിലെത്തിയപ്പോള്‍ കുട്ടികളെല്ലാം നിര്‍ത്താതെ ചിരിക്കുകയായിരുന്നു. കുട്ടികളുടെ ചിരികാരണമാവാം, യശോദാബെന്‍ മുഖത്ത് അല്‍പം പരിഭ്രമം കാണാം. അവരുടെ കഥ എന്നോട് പറയാനുള്ള താല്‍പര്യം ആ മുഖത്ത് എനിക്ക് കാണാമായിരുന്നു. പക്ഷെ സ്‌ക്കൂളിന്റെ പ്രിന്‍സിപ്പല്‍ പ്രവീണ്‍കുമാര്‍ പി വ്യാസ് ഒരു മാധ്യമപ്രവര്‍ത്തകയോട് സംസാരിക്കാന്‍ അവര്‍ക്ക് അനുവാദം നല്‍കിയില്ല. സ്‌ക്കൂള്‍ സമയം കഴിഞ്ഞശേഷമേ നിങ്ങള്‍ക്ക് അവരോട് സംസാരിക്കാന്‍ കഴിയൂ എന്ന് വ്യാസ് അവരോട് പറഞ്ഞു.

ഇടവേളസമയത്ത് ഞാനവരോട് സംസാരിച്ചോട്ടെ എന്ന് അവര്‍ ചോദിച്ചെങ്കിലും വ്യാസം തീരുമാനത്തില്‍ ഉറച്ചുനിന്നു. ആ മുറിയില്‍ നിന്നും തിരിച്ചുപോകുന്നതിനിടെ അവര്‍ എന്നെ നോക്കി ഇങ്ങനെ പറഞ്ഞു ‘ എന്റെ ഭര്‍ത്താവിനെതിരെ ഞാനൊന്നും പറയില്ല. അദ്ദേഹം വളരെ ശക്തനാണ്. എനിക്ക് ജീവിക്കാനുള്ള ആകെ വഴിയാണ് ഈ ജോലി. അതിന്റെ പരിണിതഫലത്തെ ഞാന്‍ ഭയക്കുന്നു’ യശോദാബെന്‍ തിരികെ ക്ലാസ് റൂമിലേക്ക് പോയി.

ഇതിനിടെ യശോദാബെന്നിന് സന്ദര്‍ശകരുണ്ടെന്ന് പ്രിന്‍സിപ്പിള്‍ ആരെയോ ഫോണില്‍ അറിയിച്ചു. പിന്നീട് അദ്ദേഹം നേരെ യശോദാബെന്നിന്റെ അടുത്ത് ചെന്ന് എന്തോ പറഞ്ഞു. അതിനുശേഷം അവര്‍ ആകെ മാറി. മുഖത്തുനിന്നും പുഞ്ചിരി മാറി. അല്പം വിളറിയ പോലെ തോന്നി. അവരുടെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. പിന്നീട് ഞാന്‍ അവരുടെ അടുത്തുചെന്നപ്പോള്‍ തന്നെ വിട്ടേക്ക് എന്നു പറഞ്ഞ് അവര്‍ പോയി. തിടുക്കത്തില്‍ നടന്നുപോകവെ നമുക്ക് പിന്നീട് സംസാരാക്കാമെന്ന തരത്തില്‍ ആംഗ്യവും കാണിച്ചു.

അതിനുശേഷം നിരവധി വാഹനങ്ങളിലായി ഒന്നിനു പിറകേ മറ്റൊന്നായി കുറച്ചാളുകള്‍ സ്‌ക്കൂളില്‍ വന്നു. സ്‌ക്കൂളിനുള്ളില്‍ തന്നെ വാഹനവും നിര്‍ത്തിയിട്ട് നേരെ പ്രിന്‍സിപ്പലിന്റെ ഓഫീസിലേക്ക് പോയി. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ അവര്‍ തിരിച്ചുപോയി. ക്ലാസ് അവസാനിച്ചപ്പോള്‍ യശോദാബെന്‍ പെട്ടെന്ന് പുറത്തേക്ക് ഓടുകയായിരുന്നു. പിന്നീട് എന്നെ ചൂണ്ടിക്കാട്ടി ഞാന്‍ അവരെ ഉപദ്രവിക്കുന്നു എന്ന് ചില ഗ്രാമവാസികളോട് പറഞ്ഞു.

കൈകള്‍കൊണ്ട് മുഖം മറച്ചുകൊണ്ട് ബ്രാഹ്മണ്‍വാഡയിലുള്ള അവരുടെ സഹോദരന്റെ വീട്ടിലേക്ക് പോയി. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ രാംസേതു പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ പ്രകാശ്ഭായ് എന്ന് സ്വയം പരിചയപ്പെടുത്തി ഒരാള്‍ എന്റെടുത്ത് വന്നു പറഞ്ഞു, ഇവിടം വിട്ടുപോകാന്‍. അതിനുശേഷം കുറേ പേര്‍ എനിക്ക് ചുറ്റുംകൂടി.

മാസത്തില്‍ 10,000 രൂപ ശമ്പളം വാങ്ങുന്നവളായിട്ടും യശോദാബെന്‍ ജീവിച്ചത് ഒരു മുറിമാത്രമുള്ള ഒരു വാടകവീട്ടിലാണ്. 100 സ്വയര്‍ഫീറ്റില്‍ ടിന്‍ മേല്‍ക്കൂരയുള്ള മുറിയില്‍ ടോയ്‌ലറ്റും കുളിമുറിയൊന്നുമില്ല. വീടിന് പുറത്താണ് വെള്ളമെടുക്കുന്ന ടാപ്പ്. 150രൂപയാണ് വാടക. നല്ലനിലയില്‍ ജീവിക്കാന്‍ കഴിയുമായിരുന്നിട്ടുകൂടി യശോദാബെന്‍ താന്‍മിച്ചംവയ്ക്കുന്ന പണംകൊണ്ട് ്അയല്‍ക്കാരെ സഹായിക്കുകയാണ് ചെയ്യുന്നത്.

രജോസന ജില്ലയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള യുദ്ധത്തില്‍ യശോദാബെന്നാണ് ആയുധം. അവിടെ എല്ലാവര്‍ക്കും അവരുടെ കഥകളറിയാം. എന്തിന് അവര്‍ ജോലിചെയ്യുന്ന സ്‌ക്കൂളിലെ കൊച്ചുകുട്ടിക്കുപോലും അറിയാം നരേന്ദ്രമോഡിയുടെ ഭാര്യയാണ് തങ്ങളുടെ ടീച്ചറെന്ന്. അങ്ങനെയാണ് ആ ഗ്രാമം യശോദാബെന്നിനെ വിശേഷിപ്പിക്കാറുള്ളത്.

തിരികെ വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ട് മോഡിയുടെ ഒരു ഫോണ്‍കോള്‍ പ്രതീക്ഷിച്ചിരിക്കുകയാണ് യശോദാബെന്‍. അതുകൊണ്ടുതന്നെ അവര്‍ സമീപിക്കാത്ത ജോത്സ്യന്മാരില്ല. അവരെല്ലാം പറയുന്നത് ഒരിക്കല്‍ മോഡി യശോദാബെന്നിനെ വിളിക്കുമെന്നാണ്. ആ പ്രതീക്ഷയാണ് അവരെ മുന്നോട്ടുനയിക്കുന്നതെന്ന് ഗ്രാമവാസികള്‍ ഏകകണ്‌ഠേന പറയുന്നു.

കടപ്പാട്: ഓപണ്‍

മൊഴിമാറ്റം: ജിന്‍സി ബാലകൃഷ്ണന്‍

യശോദ ബെന്നിനെക്കുറിച്ച് നേരത്തെ വന്ന റിപ്പോര്‍ട്ടിന്റെ യുട്യൂബ് ദൃശ്യം

Advertisement