2002 ല്‍ മോദി മുഖ്യമന്ത്രിയായിരുന്നപ്പോഴും തെരഞ്ഞെടുപ്പ് നേരത്തെയാക്കിയിരുന്നല്ലോ; അമിത് ഷായുടെ വായടപ്പിച്ച് ടി.ആര്‍.എസ് എം.എല്‍.എ
national news
2002 ല്‍ മോദി മുഖ്യമന്ത്രിയായിരുന്നപ്പോഴും തെരഞ്ഞെടുപ്പ് നേരത്തെയാക്കിയിരുന്നല്ലോ; അമിത് ഷായുടെ വായടപ്പിച്ച് ടി.ആര്‍.എസ് എം.എല്‍.എ
ന്യൂസ് ഡെസ്‌ക്
Friday, 12th October 2018, 2:51 pm

ന്യൂദല്‍ഹി: നിയസഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കാനുള്ള കെ. ചന്ദ്രശേഖര്‍ റാവുവിന്റെ നീക്കത്തെ പരിഹസിച്ച ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ടി.ആര്‍.എസ് എം.എം.എല്‍ ബി വിനോദ് കുമാര്‍.

2002 ല്‍ നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴും തെരഞ്ഞെടുപ്പ് നേരത്തെയാക്കിയിരുന്നല്ലോ എന്നായിരുന്നു വിനോദ് കുമാറിന്റെ ചോദ്യം. നിശ്ചയിച്ചതിനേക്കാളും എട്ട് മാസം മുന്‍പാണ് അന്ന് തെരഞ്ഞെടുപ്പ് നടന്നത്. അതൊന്നും അമിത് ഷാ മറന്നുകാണാന്‍ ഇടയില്ലെന്നും കരിംനഗര്‍ എം.എല്‍.എയായ കുമാര്‍ പറഞ്ഞു.

ചില പ്രത്യേക സമയങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ ആവശ്യമുന്നയിക്കും. ഇന്നത്തെ പ്രധാനമന്ത്രിയായ നരേന്ദ്രമോദി വരെ അത്തരത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2002 ല്‍ മുഖ്യമന്ത്രിയായിരിക്കുന്ന വേളയില്‍ എന്തുകൊണ്ടാണ് അദ്ദേഹം എട്ട് മാസം മുന്‍പ് തെരഞ്ഞെടുപ്പ് നടത്തിയത്? – വിനോദ് കുമാര്‍ ചോദിക്കുന്നു.


മോദി അഴിമതി നടത്തി; രാജിവെച്ചേ തീരൂ; റാഫേലില്‍ നിലപാട് കടുപ്പിച്ച് രാഹുല്‍ ഗാന്ധി


ഇതിന് മുന്‍പും പലരും ഇതേ രീതിയില്‍ പെരുമാറിയിട്ടുണ്ട്. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, അടല്‍ ബിഹാരി വാജ്‌പേയി, എന്‍.ടി രാമറാവു, എന്‍ ചന്ദ്രബാബു നായിഡു തുടങ്ങിയവരെല്ലാം ഇതേ രീതി പിന്‍തുടര്‍ന്നിരുന്നു.- എം.എല്‍.എ പറഞ്ഞു.

തെലങ്കാനയിലെ കരിംനഗറില്‍ ബുധനാഴ്ച നടത്തിയ പൊതുപരിപാടിക്കിടെയായിരുന്നു തെരഞ്ഞെടുപ്പു നേരത്തെയാക്കാനുള്ള കെ. ചന്ദ്രശേഖര്‍ റാവുവിന്റെ നീക്കത്തെ അമിത് ഷാ വിമര്‍ശിച്ചത്.

മോദിയെ പേടിക്കുന്നതുകൊണ്ടാണ് ഇത്തരമൊരു നീക്കത്തിന് റാവു മുതിര്‍ന്നത് എന്നായിരുന്നു അമിത് ഷായുടെ വിമര്‍ശനം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി.ആര്‍ ഒരിക്കലും ഒരു ദളിതനെ നിര്‍ദേശിക്കില്ലെന്നും സ്വന്തം മക്കളെ ആ കസേരയില്‍ ഇരുത്താനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും അമിത് ഷാ കുറ്റപ്പെടുത്തിയിരുന്നു. ഇതിനെതിരെയായിരുന്നു എം.എല്‍.എ രംഗത്തെത്തിയത്.

ഭാവിയില്‍ കോണ്‍ഗ്രസുമായോ ബി.ജെ.പിയുമായോ കൈകോര്‍ക്കില്ലെന്നും ഒറ്റയ്ക്ക് തന്നെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും .ബി വിനോദ് കുമാര്‍ പറഞ്ഞു. ഡിംസബര്‍ 7 നാണ് തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 119 സീറ്റിലേക്കാണ് മത്സരം.