എഡിറ്റര്‍
എഡിറ്റര്‍
പ്രധാനമന്ത്രി ‘മൗന്‍’ മോഹനെന്ന് നരേന്ദ്ര മോഡി
എഡിറ്റര്‍
Monday 29th October 2012 5:18pm

ഹിമാചല്‍ പ്രദേശ്: പ്രധാനമന്ത്രി മന്‍മോഹനല്ല ‘മൗന്‍’ മോഹനാണെന്ന് ബി.ജെ.പി നേതാവും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡി. ഹിമാചല്‍ പ്രദേശില്‍ നടന്ന തിരഞ്ഞെടുപ്പ് ക്യാമ്പയ്‌നിലെ പ്രധാനമന്ത്രിയുടെ പ്രകടനത്തെയാണ് നരേന്ദ്ര മോഡി മൗനിയായി ഉപമിച്ചത്.

‘ മൗന്‍ മോഹന്‍ സിങ് കഴിഞ്ഞ ദിവസം ഹിമാചല്‍ പ്രദേശ് സന്ദര്‍ശിച്ചിരുന്നു. എല്ലാ പത്രങ്ങളുടെയും തലവാചകം മൗന്‍ മോഹന്‍ തന്റെ മൗനം വെടിഞ്ഞു എന്ന രീതിയിലായിരുന്നു. ഈ രണ്ട് ആളുകളും( പ്രധാനമന്ത്രി, സോണിയ ഗാന്ധി) വിലക്കയറ്റത്തെ കുറിച്ച് എന്തെങ്കിലും മിണ്ടിയോ? വിലക്കയറ്റത്തിനെ കുറിച്ചുള്ള എന്തെങ്കിലും കാരണം അവര്‍ പറഞ്ഞോ? വിലക്കയറ്റത്തില്‍ ആശങ്കയുള്ളതായെങ്കിലും അവര്‍ പറഞ്ഞോ?’ മോഡി ചോദിച്ചു.

Ads By Google

കഴിഞ്ഞ ദിവസമായിരുന്നു പ്രധാനമന്ത്രി ഹിമാചല്‍ പ്രദേശ് സന്ദര്‍ശിച്ചത്. ഇന്നലെ നടന്ന പുന:സംഘടനയ്ക്ക് ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. നവംബറില്‍ ഹിമാചല്‍ പ്രദേശില്‍ നടക്കുന്ന തിരഞ്ഞടുപ്പിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ഹിമാചല്‍ പ്രദേശ് സന്ദര്‍ശിച്ചത്.

ഹിമാചല്‍ പ്രദേശ് ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക പദ്ധതികളെല്ലാം അവരുടെ സ്വന്തമാണെന്നാണ് വാദിക്കുന്നതെന്ന് പ്രധാനമന്ത്രി ആരോപിച്ചിരുന്നു.

സംസ്ഥാനത്തിനായുള്ള ഫണ്ട് വേണ്ട വിധത്തില്‍ ഉപയോഗിച്ചില്ലെന്നും മന്‍മോഹന്‍ സിങ് പറഞ്ഞിരുന്നു.

നേരത്തേ സോണിയാ ഗാന്ധിയും തന്റെ സന്ദര്‍ശന വേളയില്‍ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക സഹായം ബി.ജെ.പി വേണ്ട വിധത്തില്‍ ഉപയോഗിച്ചില്ലെന്നായിരുന്നു സോണിയാ ഗാന്ധി ആരോപിച്ചിരുന്നത്.

ഇതിനെതിരെയാണ് ഇന്ന് നരേന്ദ്ര മോഡി പ്രത്യാക്രമണം നടത്തിയിരിക്കുന്നത്. രാജ്യത്ത് വ്യാപകമാകുന്ന അഴിമതിക്കെതിരെയും വിലക്കയറ്റത്തിനെതിരെയും കേന്ദ്രസര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ പ്രധാനമന്ത്രി മാധ്യമങ്ങളുമായും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴിയും സ്ഥിരമായി ആശയവിനിമയം നടത്താറുണ്ടെന്നാണ് കോണ്‍ഗ്രസ് ഇതിന് മറുപടിയായി പറയുന്നത്.

Advertisement