എഡിറ്റര്‍
എഡിറ്റര്‍
മോഡി തന്നെ ഒന്നാമന്‍; ഞാന്‍ മൂന്നാമനാണെന്ന് ചൗഹാന്‍
എഡിറ്റര്‍
Tuesday 4th June 2013 10:32am

sivaraj-singh

ന്യൂദല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി തന്നെയാണ് ഒന്നാമനെന്നും താന്‍ മൂന്നാമനാണെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍.

മോഡിയേക്കാള്‍ കേമന്‍ ചൗഹാനാണെന്ന് കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനി ഗ്വാളിയോറില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ചൗഹാന്റെ പ്രതികരണം.

Ads By Google

”ഞാന്‍ മൂന്നാമനാണ്. നരേന്ദ്ര മോഡിയാണ് ഒന്നാമത്. ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍സിങ്ങാണ് രണ്ടാമന്‍” ചൗഹാന്‍ പറഞ്ഞു.

മോഡി മുതിര്‍ന്ന നേതാവാണ്. മൂത്ത സഹോദരന്‍. രമണ്‍ സിങ്ങും എന്നേക്കാള്‍ മുതിര്‍ന്ന നേതാവാണ്. ഒന്നാംസ്ഥാനവും രണ്ടാംസ്ഥാനവുമൊക്കെ അവര്‍ക്ക് വിട്ടേക്ക്. അദ്വാനിജി എല്ലാ മുഖ്യമന്ത്രിമാരെയും പ്രശംസിക്കുകയാണ് ചെയ്തത്. അതിനെ മറ്റൊരര്‍ഥത്തില്‍ കാണേണ്ടതില്ലെന്നും ചൗഹാന്‍ പറഞ്ഞു.

ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ പ്രകടനം വിലയിരുത്തുകയാണ് അദ്വാനി ചെയ്തത്. എന്നാല്‍, മാധ്യമങ്ങള്‍ അത് മോഡിക്കെതിരായ വിമര്‍ശനമായി ദുര്‍വ്യാഖ്യാനം ചെയ്‌തെന്നും 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുക മോഡി തന്നെയാവുമെന്നും ചൗഹാന്‍ പറഞ്ഞു.

നരേന്ദ്രമോഡിയെയും ശിവരാജ് സിങ് ചൗഹാനെയും താരതമ്യം ചെയ്ത് അദ്വാനി അടുത്തിടെ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. മെച്ചപ്പെട്ട സംസ്ഥാനമായിരുന്ന ഗുജറാത്തിനെ മോഡി കുറച്ചുകൂടി മെച്ചപ്പെടുത്തുകയാണ് ചെയ്തത് .

എന്നാല്‍, താഴെത്തട്ടില്‍ കിടന്നിരുന്ന വികസനത്തിന്റെ പൊടിപോലും എത്താതിരുന്ന സംസ്ഥാനമായ മധ്യപ്രദേശില്‍ വികസനം കൊണ്ടുവന്ന ചൗഹാനാണ് കൂടുതല്‍ മഹത്തരമെന്നും അദ്വാനി പറഞ്ഞു. ചൗഹാനെ മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുമായി താരതമ്യപ്പെടുത്താനും അദ്വാനി മറന്നില്ല.

മോഡിയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചെന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങും കുറ്റപ്പെടുത്തിയിട്ടുണ്ട്.

Advertisement