എഡിറ്റര്‍
എഡിറ്റര്‍
ഇന്‍ഫോസിസിന്റെ ചെയര്‍മാനായി നാരായണമൂര്‍ത്തി വീണ്ടും അധികാരമേറ്റു
എഡിറ്റര്‍
Saturday 1st June 2013 4:44pm

narayana-murthi..

ന്യൂദല്‍ഹി:  സ്ഥാനമൊഴിഞ്ഞ ഇന്‍ഫോസിസ് സ്ഥാപകനും, ചെയര്‍മാനുമായ എന്‍.ആര്‍ നാരായണമൂര്‍ത്തി കമ്പനിയിലേക്ക് വീണ്ടും തിരിച്ചെത്തി. കടുത്ത മത്സരം നടക്കുന്ന ഐ.ടി മേഖലയില്‍ കാലിടറുന്ന ഇന്‍ഫോസിസിനെ രക്ഷപ്പെടുത്താനാണ് അദ്ദേഹം ചെയര്‍മാനായി തിരികെയെത്തിയത്.
Ads By Google

ഇന്‍ഫോസിസിന്റെ നയ പ്രകാരം 2011 ല്‍ 65 വയസ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് നാരായണ മൂര്‍ത്തി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് വിരമിച്ചിരുന്നു. എന്നാല്‍ ഇതിന് ശേഷം കാര്യമായ പുരോഗതി കൈവരിക്കാന്‍ ഇന്‍ഫോസിസിനായിരുന്നില്ല.  മറ്റ് ഐ.ടി കമ്പനികള്‍ക്കിടയില്‍ പിടിച്ച് നില്‍ക്കാനോ, കാര്യമായ ലാഭമുണ്ടാക്കാനോ സാധിച്ചിരുന്നില്ല.

ഇതിന്റെ അടിസ്ഥാനത്തിലാണ് ചെയര്‍മന്‍ സ്ഥാനത്തേക്ക് നാരായണമൂര്‍ത്തി തിരികെയെത്തുന്നത്. ചെയര്‍മാന്റെ ചുമതലകള്‍ നിര്‍വഹിക്കാന്‍ മകന്‍ റോഹന്‍ മൂര്‍ത്തിയെ അദ്ദേഹത്തിന്റെ എക്‌സിക്യൂട്ടീന് അസിസ്റ്റന്റായും നിയമിച്ചിട്ടുണ്ട്. ആദ്യമായാണ് നാരായണമൂര്‍ത്തിയുടെ മകന്‍ കമ്പനിയുടെ ഏതെങ്കിലും ചുമതലയില്‍ വരുന്നത്.

2011 ല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നാരായണമൂര്‍ത്തി ഒഴിഞ്ഞതിന് ശേഷം അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ഐ.സി.ഐ.സി.ഐ ബാങ്കിന്റെ മുന്‍ മേധാവി കെ.വി. കാമത്തിനെയായിരുന്നു ചെയര്‍മാനായി നിയമിച്ചിരുന്നത്.

എന്നാല്‍ നാരായണമൂര്‍ത്തി തിരികെ വരുന്നതിനാല്‍ അദ്ദേഹം ആ സ്ഥാനത്ത് നിന്ന് ഒഴിയും. എന്നാല്‍ അദ്ദേഹത്തെ സ്വതന്ത്ര ഡയറക്ടറായി കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിയമിക്കും.

കമ്പനിയുടെ തലപ്പത്തേക്ക് നാരായണ മൂര്‍ത്തിയെ തിരിച്ച് വിളിച്ചത് തികച്ചും അപ്രതീക്ഷിതമായിരുന്നു. ജൂണ്‍ 15 ന് ചേരുന്ന ഓഹരി ഉടമകളുടെ പൊതുയോഗം അംഗീകരിച്ചാല്‍ അഞ്ചു വര്‍ഷത്തേക്കായിരിക്കും മൂര്‍ത്തിയുടെ നിയമനം.

ഇക്കാലയളവില്‍ പ്രതിവര്‍ഷം ഒരു രൂപയായിരിക്കും അദ്ദേഹത്തിന്റെ ശമ്പളം. ഇതോടൊപ്പം എസ്.ഗോപാലകൃഷ്ണന്‍ ജൂണ്‍ ഒന്നു മുതല്‍ കമ്പനിയുടെ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാനായിരിക്കും. എസ്.ഡി. ഷിബുലാല്‍ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായി തുടരും. ഇവരും പ്രതിവര്‍ഷം ഒരു രൂപ മാത്രമാവും ശമ്പളമായി വാങ്ങുക.

Advertisement