പുതിയ പാട്ടുമായി നഞ്ചിയമ്മ; ഏറ്റെടുത്ത് ആരാധകര്‍
Film News
പുതിയ പാട്ടുമായി നഞ്ചിയമ്മ; ഏറ്റെടുത്ത് ആരാധകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th April 2021, 5:12 pm

കൊച്ചി: സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയിലേയും ഗാനത്തിലൂടെ പ്രസിദ്ധയായ ആളാണ് നഞ്ചിയമ്മ. അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ ആദിവാസി കലാകാരിയായി നഞ്ചിയമ്മ പാടിയ പാട്ടുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ നഞ്ചിയമ്മ പാടിയ പുതിയൊരു ഗാനം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ചെക്കന്‍ എന്ന സിനിമയിലെ അതുക്ക് അന്ത എന്ന ഗാനവുമായാണ് നഞ്ചിയമ്മ വീണ്ടും ആരാധകഹൃദയം കീഴ്‌പ്പെടുത്തിയത്.നഞ്ചിയമ്മ തന്നെയാണ് ഗാനത്തിന്റെ വരികളെഴുതിയത്. യുട്യൂബില്‍ റിലീസ് ചെയ്ത ഗാനം കുറഞ്ഞസമയത്തിനുള്ളില്‍ നിരവധി പേരാണ് കണ്ടത്.

ഷാഫി എപ്പിക്കാടിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ചെക്കന്‍. വണ്‍ ടു വണ്‍ മീഡിയയുടെ ബാനറില്‍ മന്‍സൂര്‍ അലിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അയ്യപ്പനും കോശിയിലും നഞ്ചിയമ്മ പാടിയ ദൈവ മകളെ, കലക്കാത്ത എന്നീ പാട്ടുകളാണ് നഞ്ചിയമ്മയെ പ്രസിദ്ധയാക്കിയത്. നഞ്ചിയമ്മ സ്വന്തമായി വരികള്‍ തയ്യാറാക്കി സംഗീതസംവിധാനം ചെയ്ത നാലുപാട്ടുകളാണ് ‘അയ്യപ്പനും കോശിയും’ എന്ന സിനിമയ്ക്കായി പാടിയത്. ഇതില്‍ ആദ്യം പുറത്തുവന്ന കലക്കാത്ത എന്ന ഗാനം കോടിക്കണക്കിന് പേരാണ് കണ്ടത്.

ആദിവാസി കലാകാരനും അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ വേഷം ചെയ്ത പഴനി സ്വാമി നേതൃത്വം നല്‍കുന്ന ആസാദ് കലാസംഘത്തില്‍ അംഗമാണ് നഞ്ചിയമ്മ. സിനിമയില്‍ അഭിനയിക്കാന്‍ എത്തിയ പഴനിസ്വാമി നഞ്ചിയമ്മയെ സംവിധായകന്‍ സച്ചിക്ക് പരിചയപ്പെടുത്തുകയായിരുന്നു.

സിന്ധു സാജന്‍ സംവിധാനം ചെയ്ത അഗ്ഗെദ് നായാഗ (മാതൃമൊഴി) എന്ന ഡോക്യുമെന്ററിയില്‍ ആണ് നഞ്ചിയമ്മ ആദ്യമായി പാടിയതും അഭിനയിക്കുകയും ചെയ്തത്.

പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ നക്കുപതി പിരിവ് ഊരില്‍ ആണ് നഞ്ചിയമ്മ താമസിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Nanjiyamma Sings New Song For Chekkan Movie