നടിയും, സംവിധായകയും, ചലചിത്ര പ്രവര്‍ത്തകയുമായ നന്ദിത ചില്‍ഡ്രണ്‍സ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യയുടെ ചെയര്‍പേഴ്‌സണാണിപ്പോള്‍. ആന്ധ്രപ്രദേശ് സര്‍ക്കാരുമായി യോജിച്ച് ഫിലിംസൊസൈറ്റി ഹൈദരാബാദില്‍ നവംബറില്‍ നടത്തിയ കുട്ടികളുടെ ചലച്ചിത്രോത്സവം ഏറെ ശ്രദ്ധ നേടിയിരുന്നു.
ഈ ചലച്ചിത്രോത്സവത്തെയും, ചെയര്‍പേഴ്‌സണായുള്ള പ്രവര്‍ത്തനങ്ങളെയും കുറിച്ച് നന്ദിതസംസാരിക്കുന്നു. റെഡിഫ്. കോമിനുവേണ്ടി രാധിക രാജാമണി തയ്യാറാക്കിയ അഭിമുഖത്തിന്റെ പരിഭാഷ
കുട്ടികളുടെ ചലച്ചിത്രോത്സവത്തോടുള്ള പ്രതികരണങ്ങളിലും സഹകരണത്തിലും നിങ്ങള്‍ തൃപ്തയാണോ?
പ്രതികരണങ്ങളില്‍ ഞാന്‍ സംതൃപ്തയാണ്. കുട്ടികളില്‍ നിന്നും മുതിര്‍ന്നവരില്‍ നിന്നും ലഭിച്ച അഭിപ്രായം മികച്ചതായിരുന്നു. ഏത് സിനിമകളാണ് നിങ്ങള്‍ക്കിഷ്ടമായതെന്ന് ഞാന്‍ കുട്ടികളോട് ചോദിച്ചപ്പോള്‍ എല്ലാ സിനിമകളും ഞങ്ങള്‍ക്കിഷ്ടമായി എന്നായിരുന്നു അവരുടെ മറുപടി. ഇവരില്‍ പലരും ഒരിക്കല്‍പോലും അവരുടെ ഗ്രാമത്തില്‍ നിന്നോ നഗരത്തില്‍ നിന്ന് പുറത്തിറങ്ങിയവരല്ല.
ദാദ്ര നഗര്‍ ഹവേലിയിലും ശ്രീനഗറിലെയും ബാരാമുള്ളയിലും ആന്‍ഡമാന്‍ നിക്കോബാറിലും, കേരളത്തിലുമൊക്കെയുള്ള കുട്ടികളെ നിങ്ങള്‍ക്ക് അവിടെ കാണാനാവും. അവര്‍ ലോകത്തിലെ മുഴുവനും സിനിമകള്‍ കാണട്ടെ. ഇതിലൂടെ അവര്‍ക്ക് മറ്റ് സംസ്‌കാരങ്ങളും ജീവിതരീതിയും പരിചയപ്പെടാനാവും.
ഒമ്പത് തവണ ഹൈദരാബാദില്‍ ഈ ചലച്ചിത്രമേള അരങ്ങേറി. ഇതില്‍ നിന്നും എന്തെങ്കിലും വ്യത്യാസം ഈ വര്‍ഷത്തെ മേളയ്ക്കുണ്ടെന്ന് തോന്നിയിട്ടുണ്ടോ?
ഒരു സഞ്ചരിക്കുന്ന ചലച്ചിത്രമേളയാണ് ഞാന്‍ വ്യക്തിപരമായി ആഗ്രഹിക്കുന്നത്. ആന്ധ്രപ്രദേശിന് എതിരായിട്ടല്ല ഇങ്ങനെ പറയുന്നത്. പണവും ആളുകളും ധാരാളമുണ്ടെന്നതിനാല്‍ ഹൈദരാബാദ് നല്ലൊരു വേദിതന്നെയാണ്. മറ്റുള്ള സ്ഥലങ്ങളില്‍ മേള നടത്തുകയെന്നത് അത്ര എളുപ്പമല്ല. പക്ഷെ നമ്മുടെ രാജ്യം വളരെ വലുതാണ്. ഇതില്‍ പല ഭാഗങ്ങളും അവഗണിക്കപ്പെടുകയാണ്.
എല്ലാ രണ്ടുവര്‍ഷം കൂടുമ്പോഴും മേള മറ്റേതെങ്കിലും സംസ്ഥാനത്തിലേക്ക് മാറ്റിയാല്‍ അവര്‍ക്കും ഇത് നന്നായി നടത്താനാവും. ചെറിയ സൗകര്യങ്ങളുള്ള സ്ഥലങ്ങള്‍ എവിടെയുണ്ടെങ്കില്‍ ആ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഇത് അവര്‍ക്കൊരു പ്രചോദനമാകും. ഒരു തരത്തില്‍ പറഞ്ഞാല്‍ എനിക്കും ഇങ്ങനെ ചെയ്യുന്നതിലാണ് താല്‍പര്യം. നമ്മുടെ രാജ്യത്ത് നിന്ന് 500 കുട്ടികള്‍മേളയില്‍ വന്നാല്‍ തന്നെ അത് വളരെ കുറഞ്ഞ നമ്പറാണ്.
അതിനാല്‍ നമ്മള്‍ ഹൈദരാബാദില്‍ വരുന്നു. പക്ഷെ ചെറിയ ചെറിയ പാക്കേജാക്കി നമുക്ക് ഇത് രാജ്യംമുഴുവന്‍ വ്യാപിപ്പിക്കാനാവണം.
പിന്നെ പല കോപ്പിറൈറ്റ് പ്രശ്‌നങ്ങളും വരുന്നുണ്ട്. മിക്ക ചിത്രങ്ങളും പുതിയതാണ്, ഇവര്‍ക്കാണെങ്കില്‍ ചിത്രത്തിന്റെ ഡി.വി.ഡി പുറത്തിറക്കാന്‍ താല്‍പര്യവുമില്ല. ഫെസ്റ്റുവെലുകളിലല്ലാതെ മറ്റെവിടെയും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അവര്‍ താല്‍പര്യപ്പെടുന്നുമുല്ല. ആളുകള്‍ കാണുന്ന സിനിമയ്ക്ക് പിന്നില്‍ ഒരുപാട് നിബന്ധനകളുണ്ട്. പഴയ സിനിമകളുടെ റൈറ്റ് നമുക്ക് ലഭിച്ചേക്കാം. അവയുടെ സിഡി വില്‍ക്കുവാനും കഴിയും.
യൂറോപ്പ്, പ്രത്യേകിച്ച് സ്‌കാന്റനേവിയന്‍ രാജ്യങ്ങള്‍ കുട്ടികള്‍ക്കുവേണ്ടിയുള്ള മികച്ച ചിത്രങ്ങള്‍ ധാരാളമുണ്ടാക്കുന്നുണ്ട്. ചൈനയും നല്ല ചിത്രങ്ങളുണ്ടാക്കുന്നുണ്ട്. എന്ത് കൊണ്ടാണ് ഇന്ത്യ പിന്നോട്ട് പോകുന്നത്?
കാനഡയും, നോര്‍വെയും സ്വീഡനും, ഡെന്‍മാര്‍ക്കും ചൈനയും മികച്ച ചിത്രങ്ങളുണ്ടാക്കുന്നുണ്ട്. ഇവിടെ ഇത്തരം ചിത്രങ്ങള്‍ക്ക് മാര്‍ക്കറ്റും ഡിമാന്റും ഉണ്ടാവുകയാണെങ്കില്‍ ഇതുപോലുള്ള സിനിമയുണ്ടാക്കാനാവുന്ന യുവ പ്രതിഭകളും നമുക്കുണ്ട്. പക്ഷെ ഇവിടങ്ങളിലെ വീടുകളില്‍ ഒരു ടിവി മാത്രമേയുള്ളൂ. അച്ഛനും അമ്മയും എന്ത് കാണുന്നുവോ കുട്ടിയും അത് തന്നെ കാണാന്‍ നിര്‍ബന്ധിതനാവും. ഈ കുടുംബസിനിമകളും കാണുന്നതും, പൊതു വിനോദരീതിയും കുട്ടികളുടെ സിനിമയെ പിന്നോട്ട് വലിക്കുകയാണെന്നാണ് എനിക്ക് തോന്നുന്നത്.
രണ്ടാമത്തേത് സാമ്പത്തികം കലയെ ബാധിക്കുന്നു എന്നതാണ്. അതുകൊണ്ടാണ് നമ്മുടെ ചലച്ചിത്രമേളകള്‍ ചൈനീസ് ചിത്രങ്ങളെ ആശ്രയിക്കേണ്ടിവരുന്നത്. ആ ചിത്രങ്ങളില്‍ നിന്ന് നമുക്ക് പഠിക്കാന്‍ കഴിയും എങ്ങനെയാണ് അവിടുത്തെ സര്‍ക്കാര്‍ അതിനെ പ്രോത്സാഹിപ്പിക്കുന്നതെന്ന്. സര്‍ക്കാര്‍ അതിനെ നിയന്ത്രിക്കുന്നുണ്ടെങ്കിലും അവര്‍ മികച്ച ചിത്രങ്ങള്‍ പുറത്തിറക്കുന്നുണ്ട്.
ചൈനയിലെ ചില്‍ഡ്രന്‍ ഫിലിം ഫെസ്റ്റിവെലിന്റെ ചെയര്‍മാന്‍ മികച്ച കുട്ടികളുടെ സംവിധായകന്‍മാരിലൊരാളായ ലി ക്വാന്‍ കിയാനാണ്. അവര്‍ അതിന് അത്രത്തോളം പ്രാധാന്യം നല്‍കുന്നുണ്ടെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.
സി.എഫ്.എസ്.ഐയ്ക്ക് വേണ്ടി എന്തൊക്കെ മുന്നൊരുക്കങ്ങളാണ് നടത്തിയിരുന്നത്?
അടിസ്ഥാന നിലവാരമുള്ള സിനിമകള്‍ ഞങ്ങള്‍ തിരഞ്ഞെടുത്തു. നല്ല തിരക്കഥയും അതുവഴി കഴിവുള്ള സംവിധായകര്‍ക്ക് ഞങ്ങളിലേക്ക് എങ്ങനെ ആകര്‍ഷിക്കാന്‍ കഴിയുമെന്നതിനെക്കുറിച്ചും ചിന്തിച്ചു. 35 എം.എം ഫിലിമുകളായിരുന്നു ഞങ്ങള്‍ ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ ലോകം മുഴുവന്‍ ഡിജിറ്റല്‍ യുഗത്തിലേക്ക് മാറുമ്പോള്‍ എന്ത് കൊണ്ട് കുട്ടികളുടെ സിനിമകള്‍ക്ക് മാത്രം മാറിക്കൂടാ.
ഇതിനു പുറമേ സി.എഫ്.എസ്.ഐയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു വലിയ വിഭാഗം ജനങ്ങളെ കണ്ടെത്തേണ്ടതുണ്ടായിരുന്നു. ഇവരൊരിക്കലും സി.എഫ്.എസ്.ഐയിലോ ജോലിക്കാരാവതരുത്. എന്നാല്‍ നമുക്ക് വിദഗ്ധാഭിപ്രായം ആവശ്യംവരുമ്പോഴെല്ലാം അവരെ ഉപയോഗിക്കാന്‍ കഴിയണം.
സിനിമാമേഖലയിലുള്ളവര്‍, എഴുത്തുകാര്‍, അധ്യാപകന്‍മാര്‍, ആനിമേറ്റേഴ്‌സ് എന്നിങ്ങനെ നിരവധി മേഖലയിലുള്ളവരെ ഇതിന്റെ ഭാഗമാക്കാന്‍ ഞാന്‍ ശ്രമിച്ചു.
എക്‌സിക്യുട്ടീവ് കൗണ്‍സലില്‍ ഗുല്‍സര്‍ സാബ് വിശാല്‍ ഭരദ്വാജ്, പൂജ ഷെട്ടി, മോഹന്‍ അഘാഷെ, എന്നിവരുണ്ടായിരുന്നു. കാരണം സമൂഹത്തിന് സ്വയംഭരണാധികാരമുണ്ട്. നിരവധി തീരുമാനങ്ങള്‍ പ്രാരംഭഘട്ടത്തില്‍ തന്നെ എടുക്കേണ്ടതുണ്ട്. തീരുമാനമെടുക്കാന്‍ മന്ത്രിമാരെ കാത്തുനില്‍ക്കേണ്ട കാര്യമില്ല. കുട്ടികളുടെ സിനിമയെപ്പറ്റി ചിന്തിക്കുന്ന ഒരു എക്‌സിക്യുട്ടീവ് കൗണ്‍സിലും നമുക്ക് വേണം.
രണ്ട് വര്‍ഷമായി ഞാനിതില്‍ പ്രവര്‍ത്തിക്കുന്നു. 2012 വരെ ഇവിടെ തുടരുന്നതില്‍ സന്തോഷമേയുള്ളൂ.
നീട്ടിത്തരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടൊ?
ഞാനത് ആഗ്രഹിക്കുന്നില്ല. എനിക്ക് ചെയ്യാന്‍ കഴിയുന്നത് എന്തൊക്കെയാണോ അതൊന്നും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ട കാര്യമില്ല. ഞാന്‍ എല്ലായ്‌പ്പോഴും സി.എഫ്.എസ്.ഐയെയും കുട്ടികളുടെ സിനിമകളെയും പിന്തുണക്കും.