ഇന്റിമേറ്റ് സീനുകള്‍ കാരണം നഷ്ടപ്പെടുത്തിയ ആ സിനിമകള്‍ വിജയിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു: നമിത
Malayalam Cinema
ഇന്റിമേറ്റ് സീനുകള്‍ കാരണം നഷ്ടപ്പെടുത്തിയ ആ സിനിമകള്‍ വിജയിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു: നമിത
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 10th November 2023, 12:52 pm

ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയാണ് നമിത പ്രമോദ്. പിന്നീട് മലയാളത്തിന് പുറമേ അന്യഭാഷ ചിത്രങ്ങളിലും നമിത ഭാഗമായി മാറിയിരുന്നു.

എന്നാൽ തന്റെ വ്യക്തിപരമായ കാരണങ്ങളാൽ പല നല്ല സിനിമകളും വേണ്ടെന്ന് വെക്കേണ്ടി വന്നിട്ടുണ്ടെന്നാണ് നമിത പറയുന്നത്. എല്ലാ കാര്യങ്ങളും തുറന്നു പറയുന്ന ആളാണ് താനെന്നും ചില സീനുകൾ കംഫർടബിൾ അല്ലെങ്കിൽ അത് തുറന്ന് പറയാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

വിജയിക്കുമെന്ന് ഉറപ്പുള്ള ഒരുപാട് സിനിമകൾ അങ്ങനെ തനിക്ക് നഷ്ടമായെന്നും മൂവി വേൾഡ് മീഡിയയ്‌ക്ക് നൽകിയ അഭിമുഖത്തിൽ നമിത പറഞ്ഞു.

‘ഒരു സിനിമ ഇറങ്ങിയ ശേഷം ഇത്‌ എനിക്ക് തന്നെ ചെയ്യാമായിരുന്നു എന്ന് വിചാരിക്കുന്ന ഒരാളല്ല ഞാൻ. ഞാൻ ഒരു സിനിമ പൂർണ്ണമായി വേണ്ട എന്ന് വെക്കുകയാണെങ്കിൽ വ്യക്തിപരമായി എനിക്കെന്തെങ്കിലും കാരണമുണ്ടാകും. നിലവിൽ വർക്ക് നടക്കുന്ന ഒരുപാട് സിനിമകളുടെ കഥ ഞാൻ കേട്ടതാണ്.

അവയിൽ പലതും നല്ല ടെക്നിക്കൽ ടീമും നല്ല കഥയുമുള്ള ചിത്രങ്ങളാണ്. വിജയിക്കുമെന്ന് ഉറപ്പിക്കാൻ കഴിയുന്ന ചിത്രങ്ങളാണെന്ന് കഥ കേൾക്കുമ്പോൾ മനസിലാവും. എന്നാൽ ആ കഥയിലെ കഥാപാത്രം എനിക്ക് കംഫർടബിൾ അല്ലാ എന്ന് തോന്നിയാൽ ഞാൻ അത് വേണ്ടെന്ന് വെക്കും. ഞാൻ ഒരിക്കലും എനിക്ക് ചെയ്യാനായി ആ കഥാപാത്രത്തിൽ മാറ്റം വരുത്തണം എന്ന് പറയില്ല.

ഒരു പരിധി വരെ മാത്രമേ ഇന്റിമേറ്റ് സീനുകളിൽ ഞാൻ കംഫർടബിൾ ആകാറുള്ളു. അതിനപ്പുറത്തേക്ക് വന്നാൽ എനിക്ക് ചെയ്യാൻ കഴിയില്ല. ആ കഥാപാത്രം സിനിമ ഡിമാൻഡ് ചെയ്യുന്നുണ്ടതായിരിക്കും. അതെനിക്ക് വേണ്ടി മാറ്റണം എന്ന് പറയുന്നത് ഒരുപാട് മോശമായിട്ടുള്ള കാര്യമാണ്. ഞാൻ അത് വളരെ ക്ലിയറായി പറയാറുണ്ട്.

അങ്ങനെ ഒരുപാട് സിനിമകൾ എനിക്ക് നഷ്ടമായിട്ടുണ്ട്. സ്ക്രിപ്റ്റ് എനിക്ക് കൺവിൻസിങ് അല്ലെങ്കിൽ ഞാൻ തുറന്ന് പറയാറുണ്ട്. ചിലർ അതിൽ മാറ്റം വരുത്താറുണ്ട്.

ഡയറക്ടായി കാര്യം പറയുന്ന ഒരാളാണ് ഞാൻ. സോപ്പ് പതപ്പിച്ച് ഒരു കാര്യം പറയേണ്ട ആവശ്യം എനിക്കില്ല. പതപ്പിക്കേണ്ടിടത് ഞാൻ പതപ്പിക്കാറുണ്ട്. ഞാൻ പറയുന്ന കാര്യങ്ങൾ നല്ലതാണെങ്കിൽ മാത്രം അവർ എടുത്താൽ മതി,’നമിത പറയുന്നു.

Content Highlight: Namitha Pramodh Talk About Her Film Selection