'വിധിയില്‍ സന്തോഷമുണ്ട്; കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനാണ് ഇത്രയും കാലം താന്‍ കാത്തിരുന്നത്': നമ്പി നാരായണന്‍
ISRO spy case
'വിധിയില്‍ സന്തോഷമുണ്ട്; കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനാണ് ഇത്രയും കാലം താന്‍ കാത്തിരുന്നത്': നമ്പി നാരായണന്‍
ന്യൂസ് ഡെസ്‌ക്
Friday, 14th September 2018, 11:45 am

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസിലെ സുപ്രീം കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് നമ്പി നാരായണന്‍. ഏറെ വൈകിയാണെങ്കിലും നീതി നടപ്പായതില്‍ സന്തോഷിക്കുന്നു.

കോടതി നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചിരുന്നു. നഷ്ടപരിഹാരത്തെക്കാളുപരി കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനാണ് ഇത്രയും കാലം താന്‍ കാത്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സുപ്രിംകോടതി ഇപ്പോള്‍ ഉത്തരവിട്ട ജൂഡീഷ്യല്‍ അന്വേഷണത്തെക്കാള്‍ നല്ലത് സി.ബി.ഐ അന്വേഷണമാണെന്നും നമ്പി നാരായണന്‍ അഭിപ്രായപ്പെട്ടു. ജൂഡീഷ്യല്‍ അന്വേഷണത്തിന് കൃത്യമായ സമയപരിധി നിശ്ചയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചതിനുശേഷം കൂടുതല്‍ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ALSO READ: ചാരക്കേസ്: നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി


ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ തന്നെ കുടുക്കിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്.

അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന സിബി മാത്യൂസ്, കെ.കെ ജോഷ്വ, എസ്. വിജയന്‍ എന്നിവര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിനും കോടതി ഉത്തരവിട്ടിട്ടുണ്ട്. നമ്പി നാരായണനെ അനാവശ്യമായാണ് അറസ്റ്റ് ചെയ്തതെന്ന് കോടതി വിലയിരുത്തി.

റിട്ട: ജസ്റ്റിസ് ഡി.കെ ജയിന്‍ അദ്ധ്യക്ഷനായ സമിതിയാണ് കേസ് അന്വേഷിക്കുക. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.

മൂന്നുവര്‍ഷമായി സുപ്രീംകോടതിയിലുള്ള കേസിലാണ് വിധി. നഷ്ടപരിഹാര തുക ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്നും കോടതി ഉത്തരവിട്ടു.

തന്റെ ഭാവി തകര്‍ത്ത ചാരക്കേസ് അന്വേഷിച്ച മുന്‍ ഡി.ജി.പി. സിബി മാത്യൂസ്, മുന്‍ എസ്.പി.മാരായ കെ.കെ. ജോഷ്വ, എസ്. വിജയന്‍ എന്നിവര്‍ക്കെതിരേ നടപടിവേണമെന്നായിരുന്നു നമ്പി നാരായണന്റെ ആവശ്യം. സുപ്രീംകോടതിയുടെ ഉത്തരവ് അംഗീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.