ഇസ്രയേല്‍ ചിലപ്പോള്‍ ഡല്‍ഹിയേയും തലസ്ഥാനമായി പ്രഖ്യാപിച്ചേക്കും
എം. നൗഷാദ്

ഫലസ്തീനില്‍ നിന്നുള്ള യുവ അറബ് കവികളിലൊരാളാണ് നജ്വാന്‍ ദര്‍വിഷ്. ഇംഗ്ലീഷും മലയാളവുമടക്കം ഇരുപതോളം ഭാഷകളിലേക്കാണ് ദര്‍വിഷിന്റെ കവിതകള്‍ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുള്ളത്. അറബിക് ദിനപത്രമായ ‘അല്‍ അറബി അല്‍ ജദീദി’ന്റെ കള്‍ച്ചറല്‍ എഡിറ്റര്‍ കൂടിയാണ് നജ്വാന്‍ ദര്‍വിഷ്. വര്‍ഷങ്ങളായി ദര്‍വിഷ് ലോകമെങ്ങും സഞ്ചരിച്ച് തന്റെ കവിതകള്‍ പാടുന്നു, അവയെക്കുറിച്ച് സംസാരിക്കുന്നു, കെട്ട കാലത്തെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവയ്ക്കുന്നു. ഫലസ്തീന്‍ പോലൊരു ശിഥിലമായ ദേശത്തുനിന്നും വരുന്നതുകൊണ്ടാകാം, ദര്‍വിഷിന്റെ കവിതകളിലെ അലങ്കാരപ്രയോഗങ്ങള്‍ അധികവും സംസാരിക്കുന്നത് വേദനയെയും വിമോചനത്തേയും കുറിച്ചാണ്. എഴുത്ത് രാഷ്ട്രീയപ്രവര്‍ത്തനമാകുന്നത് മുദ്രാവാക്യങ്ങള്‍ ഉദ്പാദിപ്പിക്കുന്നതിലൂടെയല്ലെന്ന് പ്രതിഭ കൊണ്ട് തിരിച്ചറിയുന്നു ദര്‍വിഷ്. അയാള്‍ എഴുതുന്നതധികവും വ്യക്തിജീവിതത്തെക്കുറിച്ചാണ്. രാഷ്ട്രീയ കവി എന്ന വിശേഷണത്തോടാകട്ടെ, ദര്‍വിഷിന് എതിര്‍പ്പോ അവജ്ഞയോ ഇല്ലതാനും.

‘കവിത’ താങ്കളെ സംബന്ധിച്ചിടത്തോളം എന്താണ്? പ്രതിരോധത്തിനുള്ള മാര്‍ഗ്ഗം, സ്വത്വപ്രഖ്യാപനം, വൈകാരികാനുഭവങ്ങളുടെ പ്രകാശനം എന്നിങ്ങനെ പലര്‍ക്കും പലതുമാണ് കവിത. ഫലസ്തീനി കവി എന്ന നിലയില്‍ താങ്കള്‍ എങ്ങനെയാണ് സ്വയം വിലയിരുത്തുന്നത്?

സത്യസന്ധമായി പറയട്ടേ, ഇത്തരം ചോദ്യങ്ങള്‍ ഞാന്‍ സ്വയം ചോദിക്കാറില്ല. നന്നായി കവിതകളെഴുതുക, നല്ല കവിതകളെഴുതുക- ഇതാണ് കവിയുടെ ധര്‍മം. മറ്റെന്തിനെങ്കിലും വേണ്ടി കവിതകളെ ഉപയോഗിക്കുന്നതിനേക്കാള്‍ പ്രധാനം കവിതകള്‍ നല്ലതാവുക എന്നതാണ്. കവിതകള്‍ എന്തിനുവേണ്ടി എഴുതപ്പെടുന്നു എന്നതിനെക്കുറിച്ച് സംസാരിക്കേണ്ടത് നിരൂപകരുടെ ജോലിയാണ്. അവര്‍ കവിതകളെഴുതാത്തതിനാല്‍ കവിതകളെക്കുറിച്ച് സംസാരിക്കാന്‍ അവര്‍ക്ക് ആവശ്യത്തിന് സമയവുമുണ്ട്. എന്റെ കാര്യമെടുത്താല്‍, കവി എന്ന നിലയിലുള്ള എന്റെ യാത്രയെക്കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടുപോലുമില്ല. അതു പരിശോധിക്കേണ്ട സമയമായിട്ടില്ല എന്നാണ് എനിക്കു തോന്നുന്നത്. ഞാനൊരു കൊടുങ്കാറ്റിന്റെ നടുക്കാണുള്ളത്. കൊടുങ്കാറ്റിനിടയിലൂടെ ഞാനെന്റെ വഴി കണ്ടെത്താന്‍ ശ്രമിക്കുകയാണ്. ഇത്തരം വിഷയങ്ങളില്‍ അന്തിമാഭിപ്രായം പറയാനോ എന്റെ നേട്ടങ്ങളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും വിലയിരുത്താനോ എനിക്കാകില്ല.

കുറഞ്ഞത് 15 ഭാഷകളിലേക്കെങ്കിലും താങ്കളുടെ കവിതകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. താങ്കള്‍ തെരഞ്ഞെടുക്കുന്ന വിഷയങ്ങളിലെയും ശൈലികളിലെയും വൈവിധ്യത്തെക്കുറിച്ച് താങ്കളുടെ ഇംഗ്ലീഷ് വിവര്‍ത്തകന്‍ പരാമര്‍ശിച്ചിരുന്നു. ഒരേ സാഹിത്യരൂപത്തിനകത്ത് ഇത്രയേറെ വൈവിധ്യം കൊണ്ടുവരുന്നതെങ്ങനെയാണ്?

രണ്ടു കാര്യങ്ങള്‍ വിശകലനം ചെയ്യാം. ഒന്നാമതായി, നമ്മുടേത് സങ്കീര്‍ണമായ ഒരു ലോകമാണ്. വളരെയേറെ സങ്കീര്‍ണമാണ് അതിന്റെ രീതികള്‍. ആ സങ്കീര്‍ണതയില്‍ നിന്നുണ്ടാകുന്നതാണ് വൈവിധ്യങ്ങളും. രണ്ടാമത്തെ കാര്യം, അപരത്വം എന്ന ആശയത്തോടു ചേര്‍ന്നു നില്‍ക്കുന്നതുമാകാം ഈ വൈവിധ്യം. എന്റെ കൃതികളില്‍, ഞാനൊരു ‘അപരനാ’കാന്‍ കൂടിയാണ് ശ്രമിക്കുന്നത്. അപരന്റെ അപരനായി മാറാനും ശ്രമിക്കുന്നു. ഞാന്‍ തെരഞ്ഞെടുക്കുന്ന വിഷയങ്ങളും വീക്ഷണവുമെല്ലാം പരിശോധിച്ച് ഇങ്ങനെയും വ്യാഖ്യാനിക്കാം. എന്റെ കവിതകള്‍ വിവര്‍ത്തനം ചെയ്യുമ്പോള്‍ വ്യത്യസ്തരായ പല കവികളുടെ കവിതകള്‍ വിവര്‍ത്തനം ചെയ്യുന്നതായി തോന്നുന്നു എന്ന് വിവര്‍ത്തകന്‍ പറഞ്ഞതിന്റെ കാരണവും ഇതുതന്നെയാകണം.

അപരന്റെ ശബ്ദം എന്നു പറഞ്ഞുവല്ലോ. ‘അപരന്‍’ എന്നതു കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്?

സ്വന്തം സ്വത്വത്തെക്കുറിച്ചുള്ള നിങ്ങളുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടാത്തതെന്താണോ, അതാണ് അപരന്‍. നിങ്ങളുടെ അവസ്ഥയ്ക്കും ഇടത്തിനും പുറത്തുള്ളയാള്‍. അത് വൈയക്തികമായ തലത്തിലാകാം, അതല്ലെങ്കില്‍ സംഘടിതമോ വര്‍ഗ്ഗപരമോ ആയ മറ്റൊരു തലത്തിലുമാകാം. സാംസ്‌കാരികമോ രാഷ്ട്രീയമോ ആയ തലങ്ങളിലാകാം. അപരന്‍ പലതുമാകാം. ഭൂരിഭാഗമാളുകള്‍ക്കും അവനവന്‍ അതിവിശിഷ്ടവും അപരന്‍ തനിക്കു പുറത്തുള്ള മറ്റേതോ ഒരാളുമാണ്. എന്റെ വീക്ഷണത്തില്‍, ഞാന്‍ തന്നെയാണ് അപരന്‍. ഞാന്‍ അപരത്വം കൈവരിക്കാന്‍ ശ്രമിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ എന്റെ ശ്രമം അപരന് അപരനായിട്ടുള്ളയാളായി മാറാനാണ്. അതൊരു അനന്തമായ പ്രക്രിയയാണ്, അനന്തമായ അസ്തിത്വവും. അത് തീര്‍ച്ചയായും കലയേയും കവിതയേയും മെച്ചപ്പെടുത്തും, തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു മാനം നല്‍കും.

താങ്കളുടെ കവിതകളില്‍ പ്രകടമായ ഒരുതരം വിശ്വപൗരത്വമുണ്ടെന്നും ചില നിരൂപകര്‍ നിരീക്ഷിച്ചിട്ടുണ്ട്. പലസ്തീനി എന്ന സ്വത്വബോധം നിലനില്‍ക്കുമ്പോഴും, മറ്റു പല വ്യക്തിബോധങ്ങളും താങ്കള്‍ കവിതകളില്‍ കൊണ്ടുവരുന്നുണ്ട്. നേരത്തേ സൂചിപ്പിച്ച സങ്കീര്‍ണതയുടെ ഭാഗമാണോ അതും?

എന്റെ കൃതികള്‍ അടിസ്ഥാനപരമായി ആത്മകഥാപരമാണ്. എന്നെ ഒരിക്കലും ഒരു കള്‍ച്ചറല്‍ പോയറ്റ് എന്ന് നിങ്ങള്‍ക്ക് വിശേഷിപ്പിക്കാനാകില്ല. ഞാന്‍ വായിക്കാറുണ്ട്, കവിതകള്‍ക്കു വേണ്ടി പഠനങ്ങള്‍ നടത്തി തയ്യാറെടുക്കാറുണ്ട്, ശരിയാണ്. പക്ഷേ എന്റെ വിശകലനങ്ങള്‍ എന്റെ വ്യക്തിജീവിതത്തിന്റെ വിശകലനങ്ങളാണ്. ഞാന്‍ കടന്നുപോന്നിട്ടുള്ള ജീവിതാവസ്ഥകളാണ് ഇതെല്ലാം. ഞാന്‍ ഏതെല്ലാം സ്വത്വബോധങ്ങളെക്കുറിച്ച് എഴുതുന്നുണ്ടോ, അതിന്റെയെല്ലാം ഭാഗം തന്നെയാണ് ഞാന്‍. എന്നെ സംബന്ധിച്ചതല്ലാത്ത ഒന്നിനെക്കുറിച്ചും ഞാനെഴുതാറില്ല. സാംസ്‌കാരികമായ ഒരു ഭ്രമകല്പന എന്നതിനേക്കാള്‍, അവയെല്ലാം ജീവിതാനുഭവങ്ങള്‍ തന്നെയാണ്. ഒരു തരത്തില്‍ അത് പൈതൃകം കൂടിയാണ്. അതിവിപുലമായ ഒരു ചരിത്രമുള്ള രാജ്യത്തിലും സംസ്‌കാരത്തിലും നിന്നാണ് ഞാന്‍ വരുന്നതെന്നത് മറക്കരുത്. അറബ് സ്വത്വത്തിന്റെയും പലസ്തീനി സ്വത്വത്തിന്റെയും ഇടകലര്‍പ്പുകളുണ്ടാകുന്നയിടമാണത്. ജറുസലേം എന്ന എന്റെ നാട്ടിലാകട്ടെ, വിവിധ വിശ്വാസങ്ങളും വ്യത്യസ്തങ്ങളായ മനുഷ്യവംശങ്ങളും ചരിത്രങ്ങളും ഇടകലര്‍ന്നു കിടക്കുന്നു. തീര്‍ച്ചയായും ഈ സ്വത്വബോധങ്ങളെല്ലാം എന്റെ അനുഭവത്തില്‍ നിന്നുള്ളതു തന്നെയാണ്.

വളരെ നേരിട്ടുള്ള രാഷ്ട്രീയ ചോദ്യങ്ങള്‍ കവിതകളില്‍ ഉയര്‍ത്തുന്നില്ലെന്നും താങ്കള്‍ പറയുന്നു.

അങ്ങനെയല്ല. ഞാന്‍ പറയുന്നത് ഒരു രാഷ്ട്രീയ നിലപാടാണ്. നമ്മള്‍ ചെയ്യുന്നതെല്ലാം രാഷ്ട്രീയമാണ്. രാഷ്ട്രീയകവിതകള്‍ രചിക്കുക എന്നാല്‍ അജണ്ടകള്‍ക്കനുസരിച്ച് എഴുതുക, ഏതെങ്കിലും രാഷ്ട്രീയ ആശയം പ്രചരിപ്പിക്കാന്‍ വേണ്ടി എഴുതുക എന്നെല്ലാമാണെന്ന അവമതിപ്പ് എല്ലാവര്‍ക്കുമുണ്ട്. പക്ഷേ, എന്റെ കൃതികള്‍ രാഷ്ട്രീയകൃതികളല്ല എന്ന് ഞാനൊരിക്കലും പറയില്ല. ഞാനൊരു രാഷ്ട്രീയ കവിയാണെങ്കില്‍, അതില്‍ ഞാനഭിമാനിക്കുന്നു. കവിതകളിലൂടെ രാഷ്ട്രീയം പറയുക എന്ന എന്റെ രീതി ഒരിക്കലും സോവിയറ്റ് ശൈലിയിലുള്ളതല്ലെന്നു മാത്രം.

‘അധികാരത്തിന്റെ സംസ്‌കാരത്തിനു മേല്‍ സംസ്‌കാരത്തിന്റെ അധികാരം’ എന്ന ആപ്തവാക്യവുമായി നടക്കാറുളള പലസ്തീനി സാഹിത്യോത്സവത്തിന്റെ സംഘാനകരിലൊരാളാണ് താങ്കള്‍. പലസ്തീനിന്റെ അതിജീവനത്തില്‍ സാഹിത്യത്തിന്റെ പങ്കെന്താണ്?

സാഹിത്യം എല്ലാ വിഷയങ്ങളിലും പ്രധാനമാണ്. സ്വന്തമായ ആഖ്യാനവും ശബ്ദവും ഏതുരാഷ്ട്രീയകാര്യത്തിനും അത്യാവശ്യമാണ്. ലോകത്തില്‍ ഇന്നുള്ളതില്‍ വച്ച് ഏറ്റവും സുപ്രധാനമായ ഒരു വിഷയമാണ് പലസ്തീന്‍. പല കാരണങ്ങള്‍ കൊണ്ട് ഞങ്ങള്‍ സാഹിത്യത്തെ ഉപയോഗപ്പെടുത്തുന്നുണ്ട്. പലസ്തീനി സാഹിത്യോത്സവത്തിന്റെ പ്രധാന സ്വാധീന ശക്തികളിലൊരാളായിരുന്ന ചിന്തകന്‍ എഡ്വേഡ് സയ്ദിന്റെ വാക്കുകളാണ് നേരത്തേ പറഞ്ഞ ആപ്തവാക്യം. കലയും സാഹിത്യവും, വിശേഷിച്ച് സാഹിത്യം, ജനങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കപ്പെടേണ്ടതാണ്. അതിജീവനത്തിന്റെ ആയുധമാണ് സാഹിത്യം.

ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ സാന്നിധ്യത്തെക്കുറിച്ചും സാംസ്‌കാരികരംഗത്ത് അതിനുളള വമ്പിച്ച സാധ്യതകളെക്കുറിച്ചും താങ്കള്‍ കേരള സാഹിത്യോത്സവത്തില്‍ പരാമര്‍ശിച്ചിരുന്നല്ലോ. അതൊന്നു വിശദീകരിക്കാമോ?

എന്റെ അഭിപ്രായത്തില്‍, അറബികളും ഇന്ത്യക്കാരും ഏകദേശം 2000 വര്‍ഷക്കാലത്തെ ചരിത്രം പങ്കുവയ്ക്കുന്നുണ്ട്. ആധുനിക ചരിത്രത്തില്‍ ഞാന്‍ അത്രമേല്‍ സന്തോഷവാനല്ലെന്നു മാത്രം. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളില്‍ എനിക്കൊട്ടും തൃപ്തിയില്ല. ഒരു അറബി എന്ന നിലയ്ക്ക് ഇന്ത്യയുമായും ഇന്ത്യക്കാരുമായും കൂടുതല്‍ മെച്ചപ്പെട്ട ബന്ധമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. തുറന്നുപറഞ്ഞാല്‍, ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ തൊഴിലാളികളോട് കുറച്ചുകൂടി മെച്ചപ്പെട്ട രീതിയില്‍ പെരുമാറാന്‍ അറബികള്‍ തയ്യാറാകണം. ഇന്ത്യന്‍ സഹോദരന്മാര്‍ നിന്ദിക്കപ്പെടുന്നു എന്നതാണ് ഗള്‍ഫിനെക്കുറിച്ചുള്ള എന്റെ ആദ്യത്തെ ചിന്ത. ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിലും നിലപാടുകളില്‍ മാറ്റം വരുത്തുന്നതിലും സാഹിത്യത്തിന് പങ്കുണ്ട് എന്നുതന്നെയാണ് എന്റെ വിശ്വാസം. ഇക്കാര്യം കൊണ്ടുതന്നെ, ഇന്ത്യന്‍ സാഹിത്യം അറബിയിലേക്ക് ധാരാളമായി വിവര്‍ത്തനം ചെയ്യണപ്പെടണമെന്ന് എനിക്കാഗ്രഹമുണ്ട്. വായനക്കാര്‍ എല്ലാ അര്‍ത്ഥത്തിലും ഇന്ത്യയില്‍ നിന്നുള്ളവരെ സ്വീകരിക്കാന്‍ പ്രാപ്തരാകട്ടെ. തൊഴിലാളിയായി മാത്രമല്ല, ഒരു മനുഷ്യനായി ഇന്ത്യക്കാരനെ അറബികള്‍ കാണട്ടെ. ഓരോ ഇന്ത്യക്കാരനിലുമുള്ള സംസ്‌കാരിക ചരിത്രത്തെയും അവര്‍ മനസ്സിലാക്കട്ടെ. ഒരു പ്രമുഖ അറബ് ദിനപത്രത്തിന്റെ കള്‍ച്ചറല്‍ എഡിറ്റര്‍ എന്ന നിലയില്‍ അത്തരം വിവര്‍ത്തനങ്ങള്‍ ഇപ്പോള്‍ത്തന്നെ ഞാന്‍ ചെയ്യുന്നുണ്ട്. ഇന്ത്യന്‍ എഴുത്തുകാരുടെ കൃതികള്‍ ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ഇടയ്ക്കിടെ അവ മൊഴിമാറ്റം ചെയ്യുന്നുമുണ്ട്. ഇതൊരു തുടര്‍പ്രവര്‍ത്തനമാണ്. ഇനിയും ഇതില്‍ ഏര്‍പ്പെടാനും ഭാവിയില്‍ ഇതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. കേരളത്തില്‍ നിന്നും ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്നുമുള്ള എഴുത്തുകാരെ അറബിയിലേക്ക് കൊണ്ടുവരിക തന്നെ ചെയ്യണം.

പലസ്തീനു പിന്തുണ നല്‍കിയിട്ടുള്ള വലിയ പാരമ്പര്യം ഇന്ത്യയ്ക്കുണ്ട്. എങ്കില്‍പ്പോലും, ഇപ്പോള്‍ ഭരണത്തിലുള്ള തീവ്രവലത് സര്‍ക്കാര്‍ നിലവില്‍ ഇസ്രയേലുമായാണ് കൈകോര്‍ത്തിരിക്കുന്നത്.

നിങ്ങളുടെ പ്രധാനമന്ത്രി, അദ്ദേഹത്തിന്റെ പേര് ഞാന്‍ ഓര്‍ക്കുന്നില്ല, ഇന്ത്യയെ പ്രതിനിധീകരിക്കുന്നുവെന്ന് ഞാന്‍ കരുതുന്നില്ല. ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനൊപ്പം അദ്ദേഹം ബീച്ചില്‍ നില്‍ക്കുന്ന ചിത്രമാണ് കഴിഞ്ഞ വര്‍ഷം ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും വികൃതമായ ദൃശ്യം. ഇന്ത്യന്‍ ജനതയുടെ പ്രതിനിധിയല്ല അദ്ദേഹം. ജനങ്ങളുടെ വികാരങ്ങളെ പ്രതിനിധീകരിക്കാത്ത ധാരാളം ഭരണാധികാരികള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലായി പല കാലങ്ങളില്‍ ഉണ്ടായിട്ടുണ്ട്. നിങ്ങളുടെ പ്രധാനമന്ത്രി അവരിലൊരാളാണെന്ന് തോന്നുന്നു. ഇപ്പോഴത്തെ ഇന്ത്യന്‍ സര്‍ക്കാരും ഇസ്രയേലി ഭരണകൂടവും തമ്മിലുള്ള ബന്ധം ഒരുതരം ഗ്യാങ്സ്റ്റര്‍ ബന്ധമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇസ്രയേല്‍ ഒരു രാജ്യമല്ല, മറിച്ച് ഗ്യാങ്സ്റ്റര്‍മാര്‍ ചേര്‍ന്നു നടത്തുന്ന ഒരു ക്രിമിനല്‍ കോര്‍പ്പറേറ്റ് സ്ഥാപനമാണ്. സിനിമയില്‍ കാണുന്നതരം നല്ലവരായ ഗ്യാങ്സ്റ്റര്‍മാരല്ല. നെതന്യാഹുവിനെയും ലൈബര്‍മാനെയും പോലുള്ള തരംതാഴ്ന്ന ഗ്യാങ്സ്റ്റര്‍മാര്‍. ഈ സ്ഥാപനത്തെ അവര്‍ കടക്കെണിയിലാക്കും. രാജ്യങ്ങളെയും അവിടങ്ങളിലെ അഴിമതിക്കാരായ രാഷ്ട്രീയക്കാരെയും വേര്‍തിരിച്ചു മാത്രം കാണുന്നയാളാണ് ഞാന്‍. ചില രാജ്യങ്ങളെ ചിലപ്പോള്‍ അല്പകാലം വിഡ്ഢികളായ രാഷ്ട്രീയക്കാര്‍ പ്രതിനിധാനം ചെയ്തേക്കും. ആ അല്പകാലം ഇന്ത്യയിലെ സഹോദരങ്ങള്‍ക്ക് അധികം നീളില്ല എന്നാണെന്റെ പ്രതീക്ഷ.

പലസ്തീനിയന്‍ നഗരമായ ജറുസലേമാണ് താങ്കളുടെ ജന്മദേശം. ഈയിടെയാണ് ഇസ്രായേല്‍ ജറുസലേമിനെ അവരുടെ തലസ്ഥാനമായി പ്രഖ്യാപിച്ചത്. എന്തു തോന്നി?

ഇസ്രായേലിന്റെ ധാര്‍ഷ്ട്യം അതികഠിനമാണ്. ചിലപ്പോള്‍ അവര്‍ ദല്‍ഹിയെപ്പോലും അവരുടെ തലസ്ഥാനമായി പ്രഖ്യാപിച്ചെന്നുവരും. വലിയ ഭാവനയുള്ള കള്ളന്മാരാണവര്‍. അവരെന്തു പറഞ്ഞാലും, ഞാനത് മുഖവിലയ്ക്കെടുക്കാറില്ല. അവരുടെ നീക്കങ്ങളൊന്നും ചരിത്രത്തില്‍ അവശേഷിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ഒട്ടനവധി അധിനിവേശ ശക്തികളെ അഭിമുഖീകരിച്ച ഒരു ഭൂപ്രദേശത്തുനിന്നാണ് ഞാന്‍ വരുന്നത്. ഏറെപ്പേരെയും അവിടങ്ങളിലുള്ളവര്‍ പുറന്തള്ളിയിട്ടുമുണ്ട്. ഇതൊരു ദുഃസ്വപ്നം മാത്രമാണ്. ഒരിക്കല്‍ ഈ ദുഃസ്വപ്നത്തില്‍ നിന്നും ഞങ്ങള്‍ ഉണര്‍ന്നെണീക്കും. എങ്ങിനെയെന്നെനിക്കറിയില്ല. പക്ഷേ, എനിക്ക് ഇപ്പോഴും പ്രതീക്ഷകളുണ്ട്.

പശ്ചിമേഷ്യന്‍ പ്രതിസന്ധിയെ എങ്ങനെയാണ് ഫലസ്തീനിലെ നിങ്ങളുടെ തലമുറ നോക്കിക്കാണുന്നത്? പ്രശ്നപരിഹാരത്തിന് സാധ്യമായ രണ്ടു വഴികളാണല്ലോ പരിഗണിക്കപ്പെടുന്നത് – അറബികളും ജൂതന്‍മാരും സഹവര്‍ത്തിത്വത്തില്‍ ജീവിക്കുന്ന ഏകരാജ്യ സിദ്ധാന്തവും ഇരുവര്‍ക്കും വെവ്വേറെ ദേശങ്ങള്‍ എന്ന ദ്വിരാജ്യ സിദ്ധാന്തവും.

പഴയ തലമുറയേക്കാള്‍ എന്തുകൊണ്ടും ഭേദമാണ് പുതിയ തലമുറ. പഴയ തലമുറകളെ വിശ്വസിച്ചതിനേക്കാളെറെ ഞാന്‍ എന്റെ തലമുറയേയും അതിനു ശേഷമുള്ള പുതിയ തലമുറയേയും വിശ്വസിക്കുന്നു. ഇസ്രയേലി ഭരണകൂടത്തിന്റെ കൊളോണിയല്‍ സ്വഭാവത്തേക്കുറിച്ച് യാഥാര്‍ത്ഥ്യബോധത്തോടെയുള്ള വീക്ഷണമാണ് ഞങ്ങള്‍ക്കുള്ളത്. ഇസ്രയേല്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു കൊളോണിയല്‍ ഭരണകൂടമാണ്. പ്രശ്ന’പരിഹാരങ്ങളെ’ക്കുറിച്ച് ഞങ്ങള്‍ ചിന്തിക്കുന്നില്ല. പരിഹാരമല്ല ഞങ്ങളുപയോഗിക്കുന്ന വാക്ക്. ‘വിമോചന’ത്തെക്കുറിച്ചാണ് ഞങ്ങളുടെ ചിന്ത. എന്റെ രാജ്യം സ്വതന്ത്രമാക്കാനാണ് എനിക്കാഗ്രഹം. പരിഹാരങ്ങളുണ്ടാക്കുക എന്നത് ജോലിയായി സ്വീകരിച്ചിട്ടുള്ള ലോകരാഷ്ട്രത്തലവന്മാരുടെ ഭാഷയാണ് ‘പ്രശ്നപരിഹാരം’. അവരുടെ പരിഹാരങ്ങളെല്ലാം അഴിമതിക്കറ പുരണ്ടതായിരിക്കുകയും ചെയ്യും. എഴുത്തുകാരന്‍ എന്ന നിലയ്ക്കായാലും, അധിനിവേശം നേരിടുന്ന പൗരന്‍ എന്ന നിലയ്ക്കായാലും, പരിഹാരം കണ്ടെത്തലല്ല എന്റെ കര്‍ത്തവ്യം. എന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചും എന്റെ സഹജീവികളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും ചിന്തിക്കുക എന്നതാണത്. നമ്മളെല്ലാവരും ചെയ്യേണ്ടതുമതാണ്.

(കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാനായി കോഴിക്കോട് എത്തിയ നജ്വാന്‍ ദര്‍വിഷുമായി എം. നൗഷാദ് നടത്തിയ സംഭാഷണം)

 പരിഭാഷ – ശ്രീഷ്മ കുന്നത്ത് 

എം. നൗഷാദ്
അധ്യാപകന്‍, എഴുത്തുകാരന്‍