പ്രശ്‌നങ്ങള്‍ തുടങ്ങുന്നത് 2021 ന് ശേഷം; വിവാഹമോചനം ആദ്യം ആവശ്യപ്പെട്ടത് സാമന്ത: നാഗാര്‍ജുന
Movie Day
പ്രശ്‌നങ്ങള്‍ തുടങ്ങുന്നത് 2021 ന് ശേഷം; വിവാഹമോചനം ആദ്യം ആവശ്യപ്പെട്ടത് സാമന്ത: നാഗാര്‍ജുന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 27th January 2022, 12:38 pm

2021 ഒക്ടോബറിലാണ് സിനിമാതാരങ്ങളായ നാഗചൈതന്യയും സാമന്ത റൂത്ത് പ്രഭുവും വിവാഹ ജീവിതം അവസാനിപ്പിക്കുന്നതായി അറിയിച്ചത്. ഒന്നിച്ചുപോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ രണ്ട് വഴികള്‍ തേടുന്നു എന്നായിരുന്നു വിവാഹമോചനവുമായി ബന്ധപ്പെട്ട് ഇരുവരും പറഞ്ഞത്.

ഇരുവരുടേയും വേര്‍പിരിയലിന് കാരണമായി പലരും പല കഥകളും മെനഞ്ഞിരുന്നു. എന്നാല്‍ ഇതിനോടൊന്നും കാര്യമായി പ്രതികരിക്കാന്‍ ഇരുവരും തയ്യാറായിരുന്നില്ല. തങ്ങള്‍ക്കിടയിലുണ്ടായ പ്രശ്‌നങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്‍പിലേക്ക് വലിച്ചിഴക്കാന്‍ ഇവര്‍ താത്പര്യപ്പെട്ടിരുന്നുമില്ല.

സാമന്തയും നാഗ ചൈതന്യയും തങ്ങളുടെ വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുമ്പോള്‍ തന്നെ അവരുടെ വിവാഹമോചനത്തിലേക്ക് നയിച്ചിരിക്കാവുന്ന കാര്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുന.

വിവാഹമോചനം വേണമെന്ന് ആദ്യം ആവശ്യപ്പെട്ടത് സാമന്തയാണെന്നായിരുന്നു ഒരു അഭിമുഖത്തില്‍ നാഗാര്‍ജുന പറഞ്ഞത്. ‘നാഗ ചൈതന്യ അവളുടെ തീരുമാനം അംഗീകരിക്കുകയായിരുന്നു. പക്ഷേ അവന്‍ എന്നെക്കുറിച്ച് വളരെയധികം ആശങ്കാകുലനായിരുന്നു, ഞാന്‍ എന്ത് വിചാരിക്കും, കുടുംബത്തിന്റെ പ്രശസ്തിയ്ക്ക് ഇതുകാരണം കോട്ടം സംഭവിക്കില്ലേ തുടങ്ങിയ കാര്യങ്ങളെല്ലാം അവനെ അലട്ടിയിരുന്നു,’ അദ്ദേഹം പറഞ്ഞു.

”ഞാന്‍ വിഷമിക്കുമെന്ന് കരുതി അവന്‍ എന്നെ വളരെയധികം ആശ്വസിപ്പിച്ചു. ദാമ്പത്യ ജീവിതത്തില്‍ നാല് വര്‍ഷമായി ഇരുവരും ഒരുമിച്ചായിരുന്നു. അങ്ങനെ ഒരു പ്രശ്നവും അവര്‍ക്കിടയില്‍ ഉണ്ടായിട്ടില്ല. രണ്ടുപേരും വളരെ അടുപ്പത്തിലായിരുന്നു, എങ്ങനെ ഈ തീരുമാനത്തിലേക്ക് വന്നുവെന്ന് എനിക്കറിയില്ല. 2021ലെ പുതുവര്‍ഷവും അവര്‍ ഒരുമിച്ച് ആഘോഷിച്ചു, അതിന് ശേഷമാണ് പ്രശ്നങ്ങള്‍ ഉടലെടുത്തതെന്ന് തോന്നുന്നു,’ നാഗാര്‍ജുന കൂട്ടിച്ചേര്‍ത്തു.

ബോള്‍ഡായ വേഷങ്ങള്‍ ചെയ്യാനുള്ള സാമന്തയുടെ തീരുമാനത്തില്‍ നാഗ ചൈതന്യയ്ക്ക് അതൃപ്തിയുണ്ടെന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

വിവാഹശേഷം തന്റെ സിനിമകളില്‍ ബോള്‍ഡ് സീനുകളും ഐറ്റം നമ്പറുകളും ചെയ്യുന്നത് തുടരാനുള്ള സാമന്തയുടെ തീരുമാനത്തില്‍ നാഗചൈതന്യയുടെ കുടുംബത്തിനും എതിര്‍പ്പുണ്ടായിരുന്നതായിട്ടായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വിശദീകരണമൊന്നും നാഗാര്‍ജുന അഭിമുഖത്തില്‍ നല്‍കിയിട്ടില്ല.

2021 ഒക്ടോബര്‍ 2നായിരുന്നു ഒരു സംയുക്ത പ്രസ്താവനയിലൂടെ സാമന്തയും നാഗചൈതന്യയും തങ്ങളുടെ വേര്‍പിരിയല്‍ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ സാമന്തയെ കുറ്റക്കാരിയാക്കി ചിലര്‍ രംഗത്തെത്തുകയും ഇതിന് മറുപടിയുമായി താരം തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.

Content Highlight: Nagarjuna REVEALS Samantha Ruth Prabhu was the first one to file for divorce with Naga Chaitanya