വാട്‌സ്ആപ്പിലൂടെ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകയ്ക്ക് എന്‍. പ്രശാന്ത് ഐ.എ.എസിന്റെ അശ്ലീല ചുവയുള്ള മറുപടി
Kerala News
വാട്‌സ്ആപ്പിലൂടെ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകയ്ക്ക് എന്‍. പ്രശാന്ത് ഐ.എ.എസിന്റെ അശ്ലീല ചുവയുള്ള മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd February 2021, 9:00 am

തിരുവനന്തപുരം: സര്‍ക്കാര്‍ പൊതു മേഖലാ സ്ഥാപനമായ കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ (കെ.എസ്.ഐ.എന്‍.സി) എം. ഡി എന്‍. പ്രശാന്ത് മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ എ. പി പ്രവിതയ്ക്ക് വാട്‌സ്ആപ്പില്‍ അശ്ലീല ചുവയുള്ള ചിത്രങ്ങളടക്കം മോശമായി പ്രതികരിച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട്.

ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വാട്ട്‌സ് ആപ്പിലൂടെ അന്വേഷിച്ചപ്പോഴാണ് അശ്ലീല ചുവയുള്ള മറുപടിയെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.33നും 2.33നും ഇടയിലാണ് മാധ്യമപ്രവര്‍ത്തക വാട്‌സ്ആപ്പില്‍ എന്‍. പ്രശാന്തിന് സന്ദേശമയച്ചത്.

മാതൃഭൂമി നല്‍കിയ വാട്ട്‌സ്ആപ്പ് സന്ദേശത്തിന്റെ പൂര്‍ണ രൂപം പുറത്ത് വിട്ടിരുന്നു.

മാധ്യമപ്രവര്‍ത്തകയുടെ ഇപ്പോള്‍ സംസാരിക്കാന്‍ താത്പര്യമുണ്ടാകുമോ, വാര്‍ത്തയുടെ ആവശ്യത്തിനാണ് എന്ന ചോദ്യത്തിന് നടന്‍ സുനില്‍ സുഖദയുടെ മുഖമുള്ള ഒരു സ്റ്റിക്കര്‍ ആണ് തിരിച്ചയക്കുന്നത്.

താങ്കളെ ഉപദ്രവിക്കാന്‍ ഉദ്ദേശിച്ചല്ല, പ്രതികരണമറിയാനാണ് എന്ന മാധ്യമപ്രവര്‍ത്തകയുടെ സന്ദേശത്തിന് നടിയുടെ മുഖമുള്ള, അശ്ലീല ചുവയുള്ള സ്റ്റിക്കറാണ് അയച്ചതെന്നും ചാറ്റില്‍ പറയുന്നു.

തുടര്‍ന്ന് നടക്കുന്ന ചാറ്റില്‍ ഇത്തരം തരം താഴ്ന്ന പ്രതികരണം താങ്കളില്‍ നിന്ന് പ്രതീക്ഷിച്ചില്ലെന്നും ഇത് ഉന്നത അധികാരികളോട് പരാതിപ്പെടുമെന്നും മാധ്യമ പ്രവര്‍ത്തക പറയുന്നുണ്ട്.

എന്നാല്‍ അതിന് മറുപടിയായി വാര്‍ത്തകള്‍ ചോര്‍ത്തിയെടുക്കാനുള്ള വിദ്യ കൊള്ളാം. തന്റെയടുത്ത് അത് നടക്കില്ലെന്നുമായിരുന്നു പ്രശാന്തിന്റെ മറുപടി.

ആദ്യമയച്ച സന്ദേശങ്ങള്‍ പ്രശാന്ത് ചാറ്റില്‍ നിന്ന് പിന്നീട് ഡിലീറ്റ് ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

മാതൃഭൂമി വാര്‍ത്ത നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണമറിയുന്നതിനായി ഡൂള്‍ന്യൂസ് അതേനമ്പറിലേക്ക് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുത്തില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: N Prashanth  sexual content message sent to Journalist who contacted him for news