ആങ് സാന്‍ സൂചി അറസ്റ്റില്‍; മ്യാന്‍മര്‍ വീണ്ടും പട്ടാള ഭരണത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍
World News
ആങ് സാന്‍ സൂചി അറസ്റ്റില്‍; മ്യാന്‍മര്‍ വീണ്ടും പട്ടാള ഭരണത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st February 2021, 7:45 am

നയ്പിടോ: മ്യാന്‍മര്‍ നേതാവ് ആങ് സാന്‍ സൂചിയും ഭരണകക്ഷിയിലെ മുതിര്‍ന്ന നേതാക്കളും ഉള്‍പ്പെടെ അറസ്റ്റില്‍. സൂചിയും പ്രസിഡന്റ് വിന്‍ മിന്‍ടും നിരവധി പ്രവിശ്യാ മുഖ്യമന്ത്രിമാരുമുള്‍പ്പെടെയുള്ളവര്‍ തടവിലാണ്.

നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയുടെ വക്താവാണ് ആങ് സാന്‍ സൂചിയും നേതാക്കളും തടവിലാണെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സര്‍ക്കാരും മ്യാന്‍മര്‍ സൈന്യവും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെയാണ് അറസ്റ്റ്.

മ്യാന്‍മറിലെ ഔദ്യോഗിക റേഡിയോ സംപ്രേക്ഷണം നിര്‍ത്തിവെച്ചു. തെരഞ്ഞെടുപ്പില്‍ ആങ് സാന്‍ സുചി വിജയമുറപ്പിച്ചതിന് പിന്നാലെയാണ് അസാധാരണ നടപടിയുമായി പട്ടാളം വീണ്ടും രംഗത്തെത്തിയത്. തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്നാണ് പട്ടാളം ആരോപിക്കുന്നത്.

ജനങ്ങള്‍ സംയമനം പാലിക്കണമെന്നും, ധൃതിപ്പെട്ടുള്ള പ്രക്ഷോഭങ്ങളിലേക്ക് പോകരുതെന്നും എന്‍.എല്‍.ഡി വക്താവ് മയോ നന്‍ട് പറഞ്ഞു. താനും ഉടന്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഇതുവരെ പട്ടാളം തയ്യാറായിട്ടില്ല. മ്യാന്‍മറിലെ പ്രധാന പ്രദേശങ്ങളിലെല്ലാം സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

2015ലാണ് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാര ജേതാവു കൂടിയായ ആങ് സാന്‍ സൂചി അധികാരത്തിലെത്തുന്നത്. പിന്നീട് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളോടുള്‍പ്പെടെയുള്ള അവരുടെ നയങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Myanmar’s Aung San Suu Kyi Detained In Early Morning Raid, Says Her Party