എഡിറ്റര്‍
എഡിറ്റര്‍
റോഹിംഗ്യന്‍ മുസ്‌ലീങ്ങളെ തടയാന്‍ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കുഴിബോംബ് സ്ഥാപിച്ച് മ്യാന്‍മര്‍
എഡിറ്റര്‍
Wednesday 6th September 2017 1:36pm

മ്യാന്‍മര്‍: റോഹിംഗ്യന്‍ മുസ്‌ലീങ്ങളുടെ പലായനം തടയാന്‍ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ മ്യാന്‍മര്‍ കുഴിബോംബ് സ്ഥാപിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് ദിവസമായി ഈ മേഖലയില്‍ മ്യാന്‍മര്‍ കുഴിബോംബ് സ്ഥാപിക്കുന്നുണ്ടെന്ന് ധാക്കയിലെ സര്‍ക്കാര്‍ ഉറവിടങ്ങളെ ഉദ്ധരിച്ചു വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

അതിര്‍ത്തിക്കരികില്‍ കുഴിബോംബ് സ്ഥാപിക്കുന്നതിനെ എതിര്‍ത്ത് ബുധനാഴ്ച ബംഗ്ലാദേശ് പ്രതിഷേധം സംഘടിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

മ്യാന്‍മറിലെ രാഖിനി മേഖലയിലെ സൈനിക അതിക്രമം ഭയന്ന് 400ലേറെ റോഹിംഗ്യകള്‍ കൊല്ലപ്പെടുകയും 125,000 റോഹിംഗ്യകള്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുകയും ചെയ്തിരുന്നു.

കുഴിബോംബുകള്‍ നിര്‍മ്മിക്കുന്നതിനു പുറമേ ഈ മേഖലയില്‍ വേലി കെട്ടുന്നതായും റിപ്പോര്‍ട്ടുണ്ട്. മൂന്ന് നാല് ഗ്രൂപ്പുകളായാണ് മ്യാന്‍മര്‍ അധികൃതര്‍ അതിര്‍ത്തിയില്‍ കുഴിബോംബും വേലിയും സ്ഥാപിക്കുന്നത്.

ചൊവ്വാഴ്ച ഈ മേഖലയില്‍ നിന്നും സ്‌ഫോടന ശബ്ദം കേട്ടതായി ബംഗ്ലാദേശി ബോര്‍ഡര്‍ ഗാര്‍ഡ് ഓഫീസര്‍ മന്‍സുറുല്‍ ഹസന്‍ ഖാന്‍ പറഞ്ഞതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു.

നിരായുധരായ റോഹിംഗ്യന്‍ മുസ്ലീങ്ങളെ മ്യാന്‍മര്‍ സൈന്യം കൊന്നൊടുക്കുന്നതായി പ്രദേശവാസികള്‍ ഉള്‍പ്പെടെ വെളിപ്പെടുത്തിയിരുന്നു. കുട്ടികളെ ഉള്‍പ്പെടെ സൈന്യം വെടിവെച്ചുകൊല്ലുകയായിരുന്നു. ഇതോടെ ഭയന്ന റോഹിംഗ്യകള്‍ കൂട്ടത്തോടെ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിരുന്നു.

‘തീവ്രവാദത്തിനെതിരായ’ യുദ്ധം എന്നു പ്രഖ്യാപിച്ചുകൊണ്ടാണ് സൈന്യം റോഹിംഗ്യകളെ ആക്രമിക്കുന്നത്. മൗങ്ഡോ, ബുത്തിഡൗങ്, റാത്തെഡൗങ് എന്നീ ടൗണ്‍ഷിപ്പുകള്‍ സൈന്യം വളഞ്ഞിരുന്നു.

Advertisement