ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Kathua gangrape-murder case
ബ്രാഹ്മണ്യത്തിന്റെ ആനുകൂല്യം ചോദിച്ചവരോട് പറഞ്ഞത് എന്റെ മതം ഈ യൂണിഫോമാണെന്നാണ്: കത്വ കേസ് അന്വേഷിച്ച സംഘത്തിലെ വനിതാ ഓഫീസര്‍ പറയുന്നു
ന്യൂസ് ഡെസ്‌ക്
Monday 16th April 2018 4:15pm

 

എട്ടുവയസുകാരിയായ ബക്കര്‍വാള്‍ പെണ്‍കുട്ടിയുടെ കൊലപാതകവും ബലാത്സംഗവും അന്വേഷിച്ച കശ്മീര്‍ പൊലീസിന്റെ ക്രൈംബ്രാഞ്ച് എസ്.ഐ.ടി സംഘത്തിലെ ഏക വനിതാ അംഗമാണ് ശ്വേതംബ്രി ശര്‍മ്മ. എത്രത്തോളം കഠിനമായിരുന്നു ഈ കേസിന്റെ അന്വേഷണം എന്ന് ശ്വേതംബ്രി പറയുന്നു.

‘എട്ടുവയസുകാരിയായ പെണ്‍കുട്ടിയുടെ കൊലപാതകത്തിലും ബലാത്സംഗത്തിലും പങ്കുണ്ടെന്ന് വിശ്വസിക്കുന്നവരും, അവരുടെ ബന്ധുക്കളും അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ള അനുഭാവികളും ഈ അന്വേഷണം തടസപ്പെടുത്താനുള്ള ഒരു അവസരവും വിട്ടുകളഞ്ഞിട്ടില്ല. പീഡനത്തിന്റെയും ഉപദ്രവത്തിന്റെയും അങ്ങേയറ്റം വരെ അവര്‍ പയറ്റിയിട്ടുണ്ട്. പക്ഷേ അവസാനം വരെ ഞങ്ങള്‍ ഞങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നു.’ ജമ്മുകശ്മീര്‍ പൊലീസ് ക്രൈബ്രാഞ്ചിന്റെ ജമ്മുവിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായ ശ്വേതംബ്രി പറയുന്നു.

ജമ്മുവിലെ കത്വ ജില്ലയിലെ ഹീരാനഗറിലെ രസാന ഗ്രാമത്തിലെ എട്ടുവയസുകാരിയെ ജനുവരി 10 മുതല്‍ കാണാതാവുന്നു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന ആരോപണത്തിനിടയിലും ജമ്മു കശ്മീര്‍ നിയമസഭയുടെ ഒരു സെഷനെ ഈ വിഷയം ബഹളമയമാക്കിയിട്ടും പൊലീസിന് പെണ്‍കുട്ടിയെ കണ്ടിപിടിക്കാന്‍ കഴിയുന്നില്ല. ജനുവരി 17 ന് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നു.

‘ഒട്ടേറെ പ്രതിബന്ധങ്ങളോടു പൊരുതിയാണ് ഞങ്ങള്‍ പ്രവര്‍ത്തിച്ചത്. ഞങ്ങള്‍ നിരാശരായ സമയവുമുണ്ടായിരുന്നു പ്രത്യേകിച്ച് ഈ കേസ് അട്ടിമറിക്കാന്‍ ഹിരാനഗര്‍ പൊലീസ് സ്റ്റേഷനിലുള്ളവര്‍ക്കുവരെ കൈക്കൂലി നല്‍കിയിട്ടുണ്ടെന്നും അവര്‍ തെളിവുനശിപ്പിക്കാന്‍ പെണ്‍കുട്ടിയുടെ വസ്ത്രം കഴുകിയെന്നും മനസിലാക്കിയപ്പോള്‍. എന്നിട്ടും ഈ ബലാത്സംഗവും കൊലപാതക്കുറ്റവും നവരാത്രിദിനങ്ങള്‍ക്കിടെ ഞങ്ങള്‍ പുറത്തുകൊണ്ടുവന്നു. കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ ദൈവികമായ ഒരു ഇടപെടല്‍ ഉണ്ടായിരുന്നു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ദുര്‍ഗമാതാവിന്റെ അനുഗ്രഹം ഞങ്ങള്‍ക്കുണ്ടായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു.’ കശ്മീര്‍ പൊലീസ് സര്‍വ്വീസിലെ 2012 ബാച്ചിലെ ഓഫീസര്‍ കൂടിയായ ശ്വേതാംബ്രി പറയുന്നു.


Also Read:മോദീ, പാര്‍ട്ടി പ്രവര്‍ത്തകരെ നിങ്ങള്‍ നിലക്കുനിര്‍ത്തണം: അഭിഭാഷക ദീപിക സിങ് സംസാരിക്കുന്നു


ജനുവരി 23ന് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി.

ഇന്‍സ്പെക്ടര്‍ ജനറല്‍സ് ഓഫ് പൊലീസ് ഓഫ് ക്രൈം അലോക് പുരി, സയ്യിദ് അഹ്ഫാദുല്‍ മുജ്തബ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു എസ്.ഐ.ടി പ്രവര്‍ത്തിച്ചിരുന്നത്. കൂടാതെ ക്രൈംബ്രാഞ്ച് ജമ്മുവിലെ മുതിര്‍ന്ന പൊലീസ് സൂപ്രണ്ട് രമേഷ് കുമാര്‍ ജല്ലയുമുണ്ടായിരുന്നു. അഡീഷണല്‍ സുപ്രണ്ട് ഓഫ് പൊലീസ് ക്രൈം നവീദ് പിര്‍സാദ തലവനായ സംഘത്തില്‍ ഡെപ്യൂട്ടി എസ്.പി ശ്വേതാംബ്രി, സബ് ഇന്‍സ്പെക്ടര്‍ ഇര്‍ഫാന്‍ വാനി, ഇന്‍സ്പെക്ടര്‍ കെ.കെ ഗുപ്ത, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് താരിഖ് അഹമ്മദ് എന്നിവര്‍ അംഗങ്ങളായുണ്ടായിരുന്നു.

പ്രതികളുടെ കുടുംബവും അവരുടെ അനുഭാവികളും കേസ് അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്ന ആവശ്യം ഉയര്‍ത്തുന്നതിനിടെ ഏപ്രില്‍ ഒമ്പതിന് എസ്.ഐ.ടി പ്രതികള്‍ക്കെതിരെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു മുമ്പാകെ രണ്ട് കുറ്റപത്രം സമര്‍പ്പിക്കുന്നു. പ്രതികളില്‍ എട്ടുപേര്‍ക്കെതിരെ ബലാത്സംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, തടവില്‍വെക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചത്.

കുറ്റപത്രത്തില്‍ പറയുന്നതു പ്രകാരം പെണ്‍കുട്ടിയെ രണ്ടുതവണ ബലാത്സംഗം ചെയ്യുകയും ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത യുവാവ് ഉള്‍പ്പെടെയുള്ളവരായിരുന്നു പ്രതികള്‍. സ്‌കൂള്‍ രേഖകളുടെ അടിസ്ഥാനത്തില്‍ ഇയാള്‍ പ്രായപൂര്‍ത്തിയായയാളാണെന്ന് എസ്.ഐ.ടി തെളിയിച്ചെങ്കിലും ഇയാള്‍ ജുവനൈല്‍ ആണെന്ന് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പ്രഖ്യാപിച്ചു. ജമ്മു സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ സംഘവും പറഞ്ഞത് ഇയാള്‍ക്ക് പത്തൊന്‍പതിനം ഇരുപതിനുമിടയില്‍ പ്രായമുണ്ടെന്നാണ്.

മാതാ വൈഷ്ണോ ദേവി യൂണിവേഴ്സിറ്റിയില്‍ മാനേജ്മെന്റ് പറഞ്ഞ ശ്വേതംബ്രി 2012ല്‍ പൊലീസ് സേനയില്‍ ചേരുന്ന സമയത്ത് മാനേജ്മെന്റില്‍ പി.എച്ച്.ഡി ചെയ്യുകയായിരുന്നു.

‘പ്രതികളില്‍ ഭൂരിപക്ഷവും ബ്രാഹ്മണര്‍മാരായതിനാല്‍ അവര്‍ അവരുടെ സര്‍നെയിമുകള്‍ ഊന്നിപ്പറഞ്ഞിരുന്നു. അവര്‍ എന്നെയാണ് സ്വാധീനിക്കാന്‍ പലപ്പോഴും ശ്രമിച്ചത്. നമ്മള്‍ ഒരേജാതിയും മതവുമാണെന്നും ഒരു മുസ്‌ലിം പെണ്‍കുട്ടിയുടെ ബലാത്സംഗത്തിലും കൊലപാതകത്തിലും ഞാന്‍ അവരെ കുറ്റക്കാരാക്കരുതെന്ന് പലതരത്തില്‍ പറയാന്‍ ശ്രമിച്ചു. ‘ജമ്മു കശ്മീര്‍ പൊലീസിലെ ഒരു ഓഫീസറാണ് ഞാന്‍, എനിക്കൊരു മതവുമില്ല എന്റെ മതം പൊലീസ് യൂണിഫോം മാത്രമാണ്’, എന്ന് ഞാനവരോട് പറഞ്ഞു.

‘ ഇത്തരം തന്ത്രങ്ങളെല്ലാം പരാജയപ്പെട്ടപ്പോള്‍ അവരുടെ ബന്ധുക്കളും അനുകൂലികളും ഭീഷണിപ്പെടുത്താനാരംഭിച്ചു. അവര്‍ ലാത്തികളുമായി മുദ്രാവാക്യം വിളിച്ച് ത്രിവര്‍ണ പതാക ഉയര്‍ത്തി റാലികള്‍ നടത്തി. വിവിധ ഗ്രാമങ്ങല്‍ലേക്കുള്ള റോഡുകള്‍ ബ്ലോക്കു ചെയ്തു. ഏറ്റവുമൊടുവില്‍ കോടതിയിലും. എന്നാല്‍ ക്ഷമയും അക്ഷീണപ്രയത്നവും കൊണ്ട് ഞങ്ങള്‍ ഞങ്ങളുടെ ജോലി പൂര്‍ത്തിയാക്കി. അങ്ങേയറ്റത്തെ അര്‍പ്പണബോധത്തോടും പ്രഫഷണലിസത്തോടുംകൂടി.’ ശ്വേതാംബ്രി പറഞ്ഞു.

പെണ്‍കുട്ടി ക്ഷേത്രത്തിനുള്ളില്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായിയെന്ന കണ്ടെത്തല്‍ ഏറെ ഞെട്ടിക്കുന്നതായിരുന്നെന്ന് അവര്‍ പറയുന്നു. ദേവസ്ഥാനില്‍ മജിസ്ട്രേറ്റിനൊപ്പം പോയ ഉദ്യോഗസ്ഥ ശ്വേതംബ്രിയായിരുന്നു. പെണ്‍കുട്ടിയുടെ മുടിയിഴകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിക്കും അവരായിരുന്നു. മുടിയിഴകള്‍ കൊല്ലപ്പെട്ട ഏട്ടുവയസുകാരിയുടേത് തന്നെയെന്ന് ഫോറന്‍സിക് സയന്‍സ് ലബോറട്ടറി സ്ഥിരീകരിച്ചു.

ദുര്‍ഗയുടെ അവതാരമായി ഹിന്ദുക്കള്‍ കണക്കാക്കുകയും ആരാധിക്കുകയും ചെയ്യുന്ന ദേവീ കാഞ്ചക് (കുട്ടിദൈവം)ത്തെപ്പോലും ലൈംഗികമായി ആക്രമിക്കാന്‍ ധൈര്യം കാണിച്ച കുറ്റവാളിയെ പുറത്തുകൊണ്ടുവരികയെന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവില്‍യെന്ന് അവര്‍ പറയുന്നു.


Also Read: ഹരിയാനയിലേയ്ക്ക് നോക്കൂ, പോലീസിന്റെ വെറുപ്പ് രാഷ്ട്രീയത്തിന്റെ ഇരകളായ മുസ്‌ലിം കുടംബങ്ങളാണിവര്‍


‘ജാമ്യഹര്‍ജി കേള്‍ക്കുന്ന സമയത്ത് ആവശ്യമായ വാദങ്ങള്‍ മുന്നോട്ടുവെക്കാന്‍ ഞങ്ങള്‍ കോടതിയിലെത്തിയിരുന്നു. എന്നാല്‍ പ്രതിയ്ക്കുവേണ്ടി വാദിക്കുന്നതിനു പകരം പത്തിരുപതി വക്കീലന്മാര്‍ പ്രതിഷേധപ്രകടനം നടത്തുകയാണുണ്ടായത്. നിരോധനമുണ്ടെന്ന് വ്യക്തമായി അറിഞ്ഞിട്ടും ഞങ്ങള്‍ പ്രതിയുടെ പേരുപറഞ്ഞുവെന്ന് അവര്‍ ശഠിച്ചു. രോഷംപൂണ്ട ജനക്കൂട്ടത്തെ കോടതിക്ക് പുറത്ത് പലതവണയാണ് ഞങ്ങള്‍ക്ക് നേരിടേണ്ടിവന്നത്. എസ്.എച്ച്.ഒയോട് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യാന്‍ അപേക്ഷിക്കുകയല്ലാതെ മറ്റൊന്നും ഞങ്ങള്‍ ചെയ്തില്ല. അദ്ദേഹം അത് ചെയ്യാതായതോടെ ഞങ്ങള്‍ എസ്.ഐ.ടി തലവന്‍ വഴി ജില്ലാ മജിസ്ട്രേറ്റിനെ സമീപിച്ചു. അവിടെ എല്ലായപ്പോഴും അരാജകത്വവും ഭീഷണിപ്പെടുത്തലുകളുമായിരുന്നു.’ അവര്‍ പറയുന്നു.

തന്റെ മകന്റെ പ്രായത്തിലുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊന്ന പ്രതികളെ ബലാത്സംഗത്തിന്റെയും കൊലപാതകത്തിന്റെയും വിശദാംശങ്ങള്‍ തേടി ചോദ്യം ചെയ്യേണ്ടിവന്നതാണ് ഏറ്റവും ക്രൂരമായ നിമിഷമെന്ന് അവര്‍ പറയുന്നു.

‘അത് ഭീകരമായിരുന്നു. പക്ഷേ ദുര്‍ഗാ മാതാവ് ഞങ്ങള്‍ക്കൊപ്പമായിരുന്നു. അവര്‍ എനിക്കു ധൈര്യം തന്നു. ചോദിക്കേണ്ട എല്ലാ ചോദ്യങ്ങളും എസ്.ഐ.ടിയിലെ പുരുഷ അംഗങ്ങളുടെ സാന്നിധ്യത്തില്‍ ഞാന്‍ ചോദിച്ചു. ‘

മീററ്റില്‍ ബി.എസ്.ടി അഗ്രിക്കല്‍ച്ചറല്‍ പഠനടത്തിനിടെ തന്റെ ‘കാമംതീര്‍ക്കാന്‍’ തിരിച്ചെത്തിയ അമ്പലത്തിന്റെ രക്ഷാധികാരിയായ സഞ്ജി റാമിന്റെ മകന്‍ വിശാല്‍ ജംഗോട്ടയെ ആദ്യ നവരാത്രി ദിനമാണ് അറസ്റ്റു ചെയ്തതെന്ന് അവര്‍ ഓര്‍ക്കുന്നു. സഞ്ജി റാമിനെ മൂന്നാം നവരാത്രിദിനത്തിലും.

‘അതായിരുന്നു ഏറെ ബുദ്ധിമുട്ടേറിയ ജോലി’ അവര്‍ പറഞ്ഞു.

‘ഉറക്കമെനിക്ക് ഇല്ലായിരുന്നു. രാത്രികളോളം ഉണര്‍ന്നിരുന്നിട്ടുണ്ട്. കുടുംബത്തിന്റെയും സാമൂഹ്യമായ ഉത്തരവാദിത്തങ്ങള്‍ക്കും വേണ്ടി ഭര്‍ത്താവ് പോയപ്പോള്‍ ഒരു പങ്കാല്‍യെന്ന നിലയില്‍ ഞാനുണ്ടായിരുന്നില്ല. പരീക്ഷയ്ക്കു തയ്യാറെടുത്തുകൊണ്ടിരുന്ന മക്കളുടെ കാര്യംപോലും എനിക്ക് നേരാംവണ്ണം ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. ദൈവത്തിനു നന്ദി, ഞങ്ങള്‍ക്കു ഞങ്ങളുടെ ജോലി നന്നായി ചെയ്യാന്‍ കഴിഞ്ഞു. അതില്‍ സംതൃപ്തിയുണ്ട്. ‘

‘നീതിന്യായവ്യവസ്ഥയില്‍ ഞങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ട്. പഴുതടച്ച അന്വേഷണമായതിനാലും അതിന് ശാസ്ത്രീയ തെളിവുകളുള്‍പ്പെടെ മതിയായ തെളിവുകളുണ്ടെന്നതിനാലും നീതി ലഭിക്കുമെന്ന് തന്നെയാണ് വിശ്വാസം.

കടപ്പാട്: ദ ക്വിന്റ്‌

Advertisement