'ഞാന്‍ ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ മകളാണ്'; ചര്‍ച്ചയായി ലണ്ടനില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ മകളുടെ ചോദ്യം
national news
'ഞാന്‍ ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ മകളാണ്'; ചര്‍ച്ചയായി ലണ്ടനില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ മകളുടെ ചോദ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th March 2023, 12:50 pm

ലണ്ടന്‍: രാഹുല്‍ ഗാന്ധിയുടെ ലണ്ടന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കനക്കുന്നതിനിടെ ചര്‍ച്ചയായി ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ മകളുടെ ചോദ്യം. ലണ്ടനില്‍ സി.ഇ.ഒ ആയി പ്രവര്‍ത്തിക്കുന്ന മാലിനി നെഹ്‌റ എന്ന യുവതിയാണ് ഛത്താം ഹൗസില്‍ നടന്ന ചോദ്യോത്തരവേളയില്‍ ചോദ്യവുമായി രംഗത്തെത്തിയത്.

‘ഇന്ത്യയുടെ നിലവിലെ സാഹചര്യങ്ങളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എനിക്ക് ദയനീയത തോന്നാറുണ്ട്. എന്റെ പിതാവ് ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നു, അഭിമാനത്തോടെ. അതുകൊണ്ട് തന്നെ ഇന്ത്യയെന്ന രാജ്യത്തെ അദ്ദേഹം തിരിച്ചറിയില്ല. നമ്മുടെ ജനാധിപത്യത്തെ പുനസ്ഥാപിക്കാന്‍ നമുക്ക് എങ്ങനെയെല്ലാം പ്രവര്‍ത്തിക്കാനാകും,’ മാലിനി ചോദിച്ചു.

ജനിച്ചുവളര്‍ന്ന രാജ്യത്തെ തിരിച്ചറിയാനാകാത്ത ദശലക്ഷക്കണക്കിന് പേരില്‍ ഒരാളാണ് താനെന്നും മാലിനി രാഹുല്‍ ഗാന്ധിയോട് പറഞ്ഞു.

ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ മകളായിരിക്കെ ഇത്തരം സംഭാഷണങ്ങള്‍ വളരെ പ്രധാനമാണെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

‘ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ മകളായിരിക്കെ ഇന്ത്യയുടെ നയങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുണമെന്നും, ഇന്ത്യ പഴയ മൂല്യങ്ങളിലേക്ക് തിരിച്ചുപോകണം എന്നും ജനങ്ങളോട് നിങ്ങള്‍ പറയുന്നത് കൊണ്ടുണ്ടാകുന്ന ആഘാതം വളരെ വലുതാണ്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇരുവരുടേയും സംഭാഷണത്തിന്റെ വീഡിയോ രാഹുല്‍ ഗാന്ധി തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ചിരുന്നു.

‘ഇന്ത്യയുടെ മൂല്യങ്ങളെ കുറിച്ച് ലോകത്ത് എവിടെയായിരുന്നാലും സംസാരിക്കേണ്ടതും, രാജ്യത്തെ ജനാധിപത്യത്തെ സംരക്ഷിക്കേണ്ടതും പൗരന്മാരുടെ ഉത്തരവാദിത്തമാണ്’ എന്നായിരുന്നു രാഹുല്‍ ഗാന്ധി വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചത്.

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ മാലിനി നെഹ്‌റയ്‌ക്കെതിരെ വിമര്‍ശനങ്ങളും കയ്യടികളും ഉര്‍ന്നിരുന്നു.

നെഹ്‌റയെ വിമര്‍ശിച്ച് മുന്‍ ഇന്‍ഫോസിസ് ഡയറക്ടര്‍ ടി.വി മോഹന്‍ദാസ് രംഗത്തെത്തിയിരുന്നു. സാമ്പത്തിക അഭയാര്‍ത്ഥി എന്നായിരുന്നു നെഹ്‌റയെ അദ്ദേഹം വിശേഷിപ്പിച്ചത്.

‘മാലിനി നെഹ്‌റയുടെ പരാമര്‍ശങ്ങള്‍ തെറ്റാണ്. ഞങ്ങള്‍ ഇന്ത്യയില്‍ പഠിച്ച് ജോലി ചെയ്ത് രാജ്യത്തിന് വേണ്ടി സംഭാവനകള്‍ ചെയ്തു. രാജ്യത്തെ കെട്ടിപ്പടുത്തു. എന്നിട്ട് നിങ്ങളെപ്പോലുള്ളവര്‍ ഇപ്പോള്‍ രാജ്യത്തെ കുറ്റപ്പെടുത്തുന്നു. ഇത്തരക്കാര്‍ രാജ്യത്തുള്ളതിലും നല്ലത് ഇല്ലാത്തതാണ്. ഇത്തരം അര്‍ത്ഥശൂന്യമായ പരാമര്‍ശങ്ങള്‍ അവസാനിപ്പിക്കൂ,’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

അതേസമയം മാലിനി നെഹ്‌റയുടെ പിതാവ് ഐ.എ.എസ് ഉദ്യോഗസ്ഥനാണെന്നും അദ്ദേഹത്തിന് ആര്‍.എസ്.എസുമായി യാതൊരു ബന്ധവുമില്ലെന്ന തരത്തിലുമുള്ള ചര്‍ച്ചകളും ട്വിറ്ററില്‍ നടക്കുന്നുണ്ട്.

രാഹുല്‍ ഗാന്ധി ലണ്ടന്‍ സന്ദര്‍ശനം ആരംഭിച്ചതു മുതല്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ബി.ജെ.പി രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധി വിദേശ രാജ്യങ്ങളില്‍ പോയി ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നാണ് ബി.ജെ.പിയുടെ വാദം. ഇതിനെതിരെ കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. താനല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് രാജ്യത്തെ വിദേശ രാജ്യങ്ങളില്‍ വെച്ച് അപകീര്‍ത്തിപ്പെടുത്തുന്നത് എന്നായിരുന്നു ബി.ജെ.പി വാദത്തോട് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

Content Highlight: My father was an RSS man, question by malini nehra goes viral