എഡിറ്റര്‍
എഡിറ്റര്‍
‘ഭക്ഷണം പോലും കിട്ടാത്ത അവസ്ഥയിലേക്ക് വിലക്കയറ്റം എത്തിച്ചിട്ട് കക്കൂസ് നിര്‍മ്മിച്ചിട്ട് എന്തു കാര്യം?’; കണ്ണന്താനത്തിനോട് പത്ത് ചോദ്യവുമായി എം.വി ജയരാജന്‍
എഡിറ്റര്‍
Tuesday 19th September 2017 3:29pm


തിരുവനന്തപുരം: ഇന്ധനവിലവര്‍ധനയെ ന്യായീകരിച്ച കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പത്ത് ചോദ്യങ്ങളുമായി സി.പി.ഐ.എം നേതാവ് എം.വി ജയരാജന്‍. ഇന്ധനവില വര്‍ധിപ്പിച്ചത് പാവങ്ങള്‍ക്ക് കക്കൂസുണ്ടാക്കാനാണ് എന്നു പറഞ്ഞ കണ്ണന്താനത്തിന്റെ നിരീക്ഷണം അപാര കണ്ടെത്തലാണെന്നാണ് എം.വി ജയരാജന്‍ വിശേഷിപ്പിച്ചത്.

നേരത്തെ സ്വന്തമായി വാഹനമുള്ളവരാണ് പെട്രോളടിക്കുന്നതെന്നും ഇവര്‍ പാവപ്പെട്ടവരല്ലെന്നും കണ്ണന്താനം പറഞ്ഞിരുന്നു. രാജ്യത്ത് 67 ശതമാനം ആളുകള്‍ക്കും ശൗചാലയമില്ല. അതിനാല്‍ അത്തരക്കാര്‍ക്ക് ശൗചാലയം നിര്‍മ്മിക്കാനും എല്ലാവര്‍ക്കും വീട് നിര്‍മ്മിച്ച് നല്‍കാനും ദേശീയപാത നിര്‍മ്മിക്കാനുമെല്ലാം ഒരുപാട് പണം വേണ്ടിവരുമെന്നുമാണ് കണ്ണന്താനം പറഞ്ഞിരുന്നത്.


Also Read: ഈ കീറത്തുണി നല്‍കി അപമാനിക്കേണ്ടിയിരുന്നില്ല; തെലങ്കാന സര്‍ക്കാര്‍ നല്‍കിയ സൗജന്യസാരി കൂട്ടിയിട്ട് കത്തിച്ച് സ്ത്രീകളുടെ പ്രതിഷേധം


ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു മന്ത്രിയുടെ പ്രതികരണം. കണ്ണന്താനത്തിന്റെ പ്രസ്താവന വിധേയത്വം കൊണ്ടുള്ള നിലവാരത്തകര്‍ച്ചയാണെന്നാണ് എം.വി ജയരാജന്‍ പറഞ്ഞത്.

എം.വി ജയരാജന്റെ പത്ത് ചോദ്യങ്ങള്‍:-

ഇന്ധനവില വര്‍ധിപ്പിക്കുന്നത് പാവങ്ങള്‍ക്ക് കക്കൂസ് നിര്‍മ്മിക്കാനാണെന്ന കേന്ദ്രമന്ത്രി കണ്ണന്താനത്തിന്റെ കണ്ടെത്തല്‍ അപാരം എന്നേ ആര്‍ക്കും പറയാന്‍ കഴിയൂ. പെട്രോളും ഡീസലും അടിക്കുന്നവര്‍ സ്വന്തമായി വാഹനമുള്ളയാളെന്നും അതിനാല്‍ കാശുള്ളയാളില്‍ നിന്നും ഇത്തരത്തില്‍ കൊള്ളനടത്തുന്നത് തെറ്റല്ലെന്നും കേന്ദ്രമന്ത്രി ഫലത്തില്‍ ന്യായീകരിക്കുന്നു. അങ്ങനെയെങ്കില്‍ ശ്രീ കണ്ണന്താനം താങ്കള്‍ താഴെക്കൊടുത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം:

1) പാവപ്പെട്ട ഓട്ടോ, ടാക്‌സി ജീവനക്കാര്‍ പണം കൂടിപ്പോയതുകൊണ്ട് ചുമ്മാ കറങ്ങി നടക്കാനായിരിക്കുമോ സ്വന്തം വാഹനത്തില്‍ ദിനേനയെന്നോണം ഇന്ധനം നിറയ്ക്കുന്നത്?

2) ഇന്ധനവില വര്‍ദ്ധന സകല സാധനങ്ങളുടേയും വിലവര്‍ധനയ്ക്ക് കാരണമാകുമെന്നത് താങ്കള്‍ക്ക് അറിയാത്തതാണോ?

3) രാജ്യത്തെ 90 കോടിയോളം വരുന്ന ജനങ്ങള്‍ അര്‍ദ്ധപട്ടിണിയിലോ, ഒരുനേരം മാത്രം കഷ്ടി ആഹാരം കിട്ടുന്നവരോ ആണെന്നിരിക്കെ ഇന്ധനവില ഉയര്‍ത്തുന്നതിനാനുപാതികമായി സാധനങ്ങളുടെ വില കുത്തനെ കയറുമ്പോള്‍ ബഹുഭൂരിപക്ഷം മുഴുപ്പട്ടിണിയിലേക്കല്ലെ വലിച്ചെറിയപ്പെടുക?

5) അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ താണിട്ടും ഇന്ധനവില ദിനം പ്രതിയെന്നോണം ഉയര്‍ത്തുമ്പോള്‍ കോടിക്കണക്കിന് രൂപയാണ് ഒരുദിവസം തന്നെ കൂടുതല്‍ ലാഭം ലഭിക്കുന്നത്. താങ്കള്‍ പറഞ്ഞതുപോലെ ഇതെല്ലാം കക്കൂസ് നിര്‍മ്മാണത്തിനുവേണ്ടി വിനിയോഗിച്ചാല്‍ വീടുകളേക്കാള്‍ കൂടുതല്‍ കക്കൂസ് ആവില്ലെ? അതാണോ ബി.ജെ.പി ലക്ഷ്യം?

6) ഒരുനേരത്തെ ഭക്ഷണം പോലും കിട്ടാത്ത അവസ്ഥയിലേക്ക് വിലക്കയറ്റം എത്തിച്ച് വ്യാപകമായി കക്കൂസ് നിര്‍മ്മിച്ചിട്ട് എന്തു കാര്യം?

7) സ്വകാര്യ എണ്ണക്കമ്പനി മുതലാളിമാരും നമ്മുടെ രാജ്യത്തുണ്ട്. അവരും ലാഭവിഹിതം പൂര്‍ണ്ണമായും ഉപയോഗിച്ച് താങ്കള്‍ പറഞ്ഞവിധം കക്കൂസ് നിര്‍മ്മിക്കുമോ?
ഇല്ലെങ്കില്‍, സ്വകാര്യ എണ്ണക്കമ്പനികളെ രാജ്യത്ത് നിരോധിക്കുമോ?

9) സാധാരണക്കാരായ ബി.ജെ.പിക്കാരോടെങ്കിലും മോദിസര്‍ക്കാര്‍ ആത്മാര്‍ത്ഥത കാണിക്കണമെന്നും, സകല സാധനങ്ങളുടെയും വില കുത്തനെ ഉയര്‍ത്തുന്ന ഇന്ധനവില വര്‍ധന തടയണമെന്നും വിലനിയന്ത്രണാധികാരം തിരിച്ച് കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാക്കണമെന്നും കേന്ദ്രമന്ത്രി എന്നനിലയില്‍ താങ്കള്‍ ജനപക്ഷത്തുനിന്ന് ആവശ്യപ്പെടുമോ?

10) വിലക്കയറ്റം കാരണം ജനങ്ങള്‍ മുഴുപ്പട്ടിണിയിലാവുമ്പോള്‍ കക്കൂസ് അടഞ്ഞുകിടക്കാതിരിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ ഇനി കിണറ്റിലെ പച്ചവെള്ളത്തിനും ജിഎസ്ടി ബാധകമാക്കുമോ?

ശ്രീ കണ്ണന്താനം, വിധേയത്വം താങ്കളെ ഇത്രകണ്ട് നിലവാരത്തകര്‍ച്ചയിലേക്കാണല്ലോ എത്തിച്ചതെന്നോര്‍ക്കുമ്പോള്‍ സഹതപിക്കാനേ കഴിയൂ.
എം.വി ജയരാജന്‍

Advertisement