എഡിറ്റര്‍
എഡിറ്റര്‍
രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയ പോലെ തോക്കുകള്‍ ഇപ്പോഴും തീ തുപ്പുന്നു; മാധ്യമപ്രവര്‍ത്തക ഗൗരീ ലങ്കേഷിന്റെ കൊലപാതകത്തില്‍ നടുക്കം രേഖപെടുത്തി എം.വി ജയരാജന്‍
എഡിറ്റര്‍
Wednesday 6th September 2017 12:36pm

 

കണ്ണൂര്‍:ബാഗ്ലൂരുവില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത് മതനിരപേക്ഷ മനസ്സുള്ള ആരിലും ഞെട്ടലുളവാക്കുന്നതാണെന്ന് സി.പി.ഐ.എം നേതാവും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായ എം.വി ജയരാജന്‍ പറഞ്ഞു.

ഫാസിസ്റ്റ് ഭീകരതയ്‌ക്കെതിരെ ശക്തമായി ശബ്ദമുയര്‍ത്തിയ സാമൂഹ്യപ്രവര്‍ത്തകയായിരുന്നു ഈ ജേര്‍ണ്ണലിസ്റ്റ്. മലയാളികളുടെ മതനിരപേക്ഷ ബോധത്തെക്കുറിച്ചാണ് അവര്‍ അവസാനമായി എഴുതിയത്. കേരളത്തിലെത്തിയാല്‍ നല്ലബീഫ് തരണമെന്നും അവര്‍ കുറിച്ചത് വാര്‍ത്തയാണെന്നും അദ്ദേഹം ഫെസ്ബുക്കിലൂടെ പറഞ്ഞു.

ഫാസിസ്റ്റ് ഭീകരത ക്കെതിരെ ശബ്ദമുയര്‍ത്തിയതിന് എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ കല്‍ബുര്‍ഗിയെ കൊലപ്പെടുത്തിയതിനെതിരെ നടന്ന പ്രതിഷേധത്തില്‍ മുന്‍പന്തിയില്‍ ഈ ജേര്‍ണ്ണലിസ്റ്റ് അണിനിരന്നിരുന്നു. ഡോ.യു.ആര്‍ അനന്തമൂര്‍ത്തിയുടെ മരണം ആഘോഷിച്ച സംഘപരിവാര്‍ രീതിയും അവര്‍ എതിര്‍ത്തു അദ്ദേഹം പറഞ്ഞു.


Also read ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ആഹ്ലാദവുമായി സംഘപരിവാറുകാര്‍; നേതൃത്വം നല്‍കി മാധ്യമപ്രവര്‍ത്തകരും


ഫാസിസ്റ്റ് ഭീകരതയ്‌ക്കെതിരായ പോരാട്ടം തന്നെയായിരുന്നു അവര്‍ക്ക് മാധ്യമപ്രവര്‍ത്തനവും. രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയപോലെ, തോക്കുകള്‍ ഇപ്പോഴും തീ തുപ്പുന്നുണ്ട് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മാധ്യമപ്രവര്‍ത്തക ഗൗരീ ലങ്കേഷിന്റെ കൊലപാതകം അദ്ദേഹം കുറിക്കുന്നു.

അവസാനശ്വാസം വരെ മതനിരപേക്ഷത ശക്തിപ്പെടുത്താന്‍ പോരാടിയ ആ ധീരവനിതയുടെ കൊലപാതകത്തില്‍ പ്രതിഷേധവും വിയോഗത്തില്‍ അനുശോചനവും അദ്ദേഹം രേഖപെടുത്തി.

Advertisement