പര്‍ദ്ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യിക്കരുതെന്ന് സി.പി.എം പറഞ്ഞോ ?
FB Notification
പര്‍ദ്ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യിക്കരുതെന്ന് സി.പി.എം പറഞ്ഞോ ?
വിശാഖ് ശങ്കര്‍
Sunday, 19th May 2019, 9:19 am

‘പര്‍ദ്ദ ധരിച്ചെത്തുന്നവരെ വോട്ടുചെയ്യിക്കരുതെന്ന് സി.പി.എം” എന്ന ഒരു വാചകത്തില്‍ നിന്നും മനസിലാവുന്നതെന്താണു? സി.പി.എം അങ്ങനെ പറഞ്ഞുവെന്ന്. പ്രത്യേകിച്ച് അത് ഉന്നയിക്കുന്നത് ജനാധിപത്യ വ്യവസ്ഥയില്‍ ഉന്നതമായ ഒരു ഭരണഘടനാ സ്ഥാനം വഹിക്കുന്ന പ്രതിപക്ഷ നേതാവിനെപ്പോലെ ഒരാള്‍ പറയുമ്പോള്‍.

ശരിയാണു, ആയിരുന്നു. പക്ഷേ ഈയിടെയായി ഇങ്ങനെയൊക്കെ പറയുന്നവരുടെ മുഖത്തുനോക്കി ജനം ആട്ടും. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായതിനുശേഷം വന്ന ഒരു മാറ്റമാണത്.

എന്താണു സംഭവം? പര്‍ദ്ദ ധരിച്ച് വരുന്നവരെ വോട്ട് ചെയ്യിക്കരുത് എന്ന് സി.പി.എം നിലപാടെടുത്തു എന്ന് ചെന്നിത്തല ആരോപിക്കുന്നത് എം.വി ജയരാജന്റെയും, കൊടിയേരിയുടെയും, ശ്രീമതി ടീച്ചറിന്റെയുമൊക്കെ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണു. എന്നാല്‍ എന്തായിരുന്നു അവ? എം.വി ജയരാജന്റെ പ്രസംഗം ഇങ്ങനെയായിരുന്നു.

”…വോട്ടുചെയ്യാന്‍ ചെയ്യാന്‍ വന്നവര്‍ മുഖപടം മാറ്റാതെ വോട്ട് ചെയ്തു പോളിങ്ങ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിട്ടും മുഖപടം മാറ്റാതെ തിരിച്ചറിയലിന് വിധേയനാകാതെ വോട്ട് ചെയ്തു എന്ന ആക്ഷേപം ഇടതുപക്ഷത്തിന്റെ ഏതെങ്കിലും ഒരു വോട്ടറെ കുറിച്ച് ഉണ്ടോ? എന്താ ഈ ആക്ഷേപം യു.ഡി.എഫിനെതിരെ 166 നമ്പര്‍ ബൂത്തായ പാമ്പുരുത്തി മാപ്പിള ഏ.യു.പി സ്‌കൂളിലും പുതിയങ്ങാടി ജമായത്ത് ഹയര്‍ സക്കന്ററി സ്‌കൂളിലുമില്ലേ ? പര്‍ദ്ദ ധരിച്ചിട്ട് വന്നവര്‍… മുഖപടം മാറ്റിയവര്‍… അവര്‍ വോട്ടു ചെയ്യാന്‍ വന്നപ്പോള്‍.. അത് നല്ല വോട്ടാണ് തര്‍ക്കമില്ല….. എന്നാല്‍ മുഖപടം മാറ്റാതെ തിരിച്ചറിയലിന് വിധേയമാവാതെ വന്നവര്‍…അസാധാരണമായി… കൂട്ടത്തോടെ വന്ന് വോട്ടു ചെയ്തു. അവിടെയാണ് …. ലീഗുകാര്‍ കള്ളവോട്ട് ചെയ്യാന്‍ വന്നപ്പോള്‍ അതിനെ ചോദ്യം ചെയ്യുന്ന ഏജന്റ്….. ഇടത് പക്ഷത്തിന്റെ ഏജന്റിനെ തല്ലുന്നു…”

കൊടിയേരി പറഞ്ഞത് ഇതാണു.” പര്‍ദ്ദ ധരിച്ച് വര്‍ക്ക് പോളിങ് ബൂത്തില്‍ വരാനുള്ള അവകാശമുണ്ട് അതൊരു വസ്ത്രത്തിന്റെ ഭാഗമാണ്. എന്നാല്‍ പര്‍ദ്ദ ധരിച്ച ഒരാള്‍ വരികയാണെങ്കില്‍ മുഖം മറച്ചിട്ടാണ് വരുന്നതെങ്കില്‍ അവരുടെ മുഖം കാണണമെന്ന് ഏതെങ്കിലും ഏജന്റ് ആവശ്യപ്പെട്ടാല്‍ അവര്‍ക്ക് അത് കാണിക്കാനുള്ള ബാധ്യതയുണ്ട്. ‘ ശ്രീമതി ടീച്ചര്‍ ചോദിച്ചതാവട്ടെ ”മുഖം മൂടി വോട്ടിംഗ് കേന്ദ്രത്തിലേക്ക് കയറുക എന്നാല്‍ പിന്നെ എന്താണ് ഫോട്ടോയുടെ പ്രസക്തി’ എന്നും.അതായത് ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡാണു തിരിച്ചറിയല്‍ ഉപാധി. അതിനായി മുഖാവരണം മാറ്റി ഫോട്ടോ എടുത്തവര്‍ തന്നെ മുഖം മറച്ച് വന്നാല്‍ പിന്നെ ആ ഫോട്ടോയ്ക്കും അത് മുഖ്യ തിരിച്ചറിയല്‍ ഉപാധിയാവുന്ന കാര്‍ഡിനും എന്ത് പ്രസക്തിയെന്ന്?

ഇതില്‍ എവിടെയാണു പര്‍ദ്ദ ധരിച്ച് വോട്ടുചെയ്യാന്‍ വരരുത് എന്ന ആവശ്യം?” പര്‍ദ്ദ ധരിച്ചിട്ട് വന്നവര്‍… മുഖപടം മാറ്റിയവര്‍… അവര്‍ വോട്ടു ചെയ്യാന്‍ വന്നപ്പോള്‍.. അത് നല്ല വോട്ടാണ് തര്‍ക്കമില്ല…..” എന്നാണു ജയരാജന്‍ പറഞ്ഞത്.കോടിയേരിയും ശ്രീമതി ടീച്ചറും ഊന്നുന്നതും പര്‍ദ്ദ ധരിക്കാന്‍ പാടില്ല എന്നല്ല, മുഖാവരണം മാറ്റില്ല എന്ന കടുമ്പിടിത്തം പാടില്ല, അത് നിലവിലുള്ള തിരിച്ചറിയല്‍ ഉപാധികളെ മുഴുവന്‍ അപ്രസക്തമാക്കും എന്നാണു.

ഇതിനുവിരുദ്ധമായ ഒരു നിലപാട് കോണ്‍ഗ്രസിനുണ്ടോ? ഉണ്ടെങ്കില്‍ അത് തുറന്നുപറയുന്നതില്‍ ഒരു വിയോജിപ്പുമില്ല. അതൊരു അഭിപ്രായമാണു. ഈ നാട്ടിലെ ഒരു പാര്‍ട്ടിക്ക് അങ്ങനെ ഒരു അഭിപ്രായം ഉണ്ടാവാം. മുസ്‌ളിം സ്ത്രീകള്‍ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെ തിരിച്ചറിയല്‍ ആവശ്യമാകുന്ന ഒരു സ്ഥലത്തും മുഖാവരണം മാറ്റെണ്ടതില്ല, വേണമെങ്കില്‍ റെട്ടിന ടെസ്റ്റ് പോലെയുള്ള അത്യന്താധുനിക സംവിധാനങ്ങള്‍ ഒരുക്കി അതിലൂടെ തിരിച്ചറിഞ്ഞുകൊള്ളുക എന്നതാണോ കോണ്‍ഗ്രസ് നിലപാട്? അത്തരം സംവിധാനങ്ങള്‍ ഒരുക്കിയിട്ട് മതി തിരഞ്ഞെടുപ്പ് എന്നാണൊ?

പരീക്ഷ ഹോളിലും സാധാരണ പൊലീസ് പരിശോധനകളില്‍ പോലും ഒരടിസ്ഥാന പ്രശ്‌നമായി തിരിച്ചറിയല്‍ നിലനില്‍ക്കുന്നുണ്ട്. അപ്പോള്‍ ആ മേഖലകളിലും അടിയന്തിരമായി റെട്ടിന ടെസ്റ്റ് സൗകര്യമുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കണം, അതുവരെ മുഖാവരണം ഉയര്‍ത്താന്‍ മുസ്‌ളിം സ്ത്രീകളോട് ആവശ്യപ്പെടാന്‍ പാടില്ല. കാരണം അത് അവരുടെ പ്രശ്‌നമല്ല, സര്‍ക്കാരുകളുടെ പ്രശ്‌നമാണെന്ന് കോണ്‍ഗ്രസ് പറയുമോ? അധികാരത്തില്‍ വന്നാള്‍ അത് മുന്‍ ഗണനാക്രമത്തില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുമെന്ന് പറയുമോ?

ഇതിനൊരുത്തരം വേണം എന്നതാണു പ്രശ്‌നം. ഞങ്ങളുടെത് ഒരു ജനാധിപത്യ പാര്‍ട്ടിയാണു. അതുകൊണ്ട് ഒരു വിഷയത്തില്‍ പരസ്പര വിരുദ്ധമായ രണ്ട് നിലപാടുകള്‍ കേന്ദ്രതലത്തിലും സംസ്ഥാന തലത്തിലും ആവാം എന്ന സ്ഥിരം ഉരുളല്‍ പോര.കേരളത്തിലുള്ളതുപോലെ ഇന്ത്യയിലുമുണ്ട് മുസ്‌ളിങ്ങളും മുസ്‌ളിം സ്ത്രീകളും.മുഖം മറയ്ക്കുക എന്നത് ഒരു അടിസ്ഥാന അവകാശമാണെന്നും ”അതില്‍ ആര്‍ക്കും ഇടപെടാന്‍ അവകാശമില്ല” എന്നുമാണു കോണ്‍ഗ്രസിന്റെ അഭിപ്രായമെങ്കില്‍ അത് കേരളത്തില്‍ മാത്രമായി ഒതുങ്ങാന്‍ പാടില്ല.അഖിലേന്ത്യാ തലത്തില്‍ അത് ഉച്ചരിക്കപ്പെടുകതന്നെവേണം.

പറ്റുമോ? ഇല്ലല്ലേ. അപ്പോള്‍ ഈജാതി നുണ പ്രചരണങ്ങള്‍ തന്നെ മാര്‍ഗ്ഗം. പര്‍ദ്ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യിക്കരുതെന്ന് സി.പി.എം പോലും!

രമേശാ, തനിക്ക് നാണമില്ലെ ഇത്തരം നുണകളുടെ മാത്രം നേതാവായി ജീവിച്ചിരിക്കാന്‍?