'ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടത് ലോക മനസാക്ഷിയുടെ ചുമതല'; ലീഗ് റാലിയെ പ്രശംസിച്ച് എം.വി ഗോവിന്ദന്‍
Kerala News
'ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടത് ലോക മനസാക്ഷിയുടെ ചുമതല'; ലീഗ് റാലിയെ പ്രശംസിച്ച് എം.വി ഗോവിന്ദന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th October 2023, 12:16 pm

തിരുവനന്തപുരം: ഫലസ്തീന് വേണ്ടിയുള്ള ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ ലോക മനസാക്ഷിയുടെ ചുമതലയെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മുസ്‌ലിം ലീഗ് കോഴിക്കോട് സംഘടിപ്പിച്ച ഫലസ്തീന്‍ അനുകൂല റാലിയുടെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രഈല്‍ ആക്രമണത്തില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനെ പരിഹസിക്കുകയല്ല വേണ്ടതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

‘ഫലസ്തീന് വേണ്ടി നടത്തുന്ന ചെറുതും വലുതുമായ എല്ലാ ഐക്യദാര്‍ഢ്യ പ്രകടനങ്ങളും ഇന്നത്തെ പശ്ചാത്തലത്തില്‍ ലോക മനസാക്ഷിയുടെ ചുമതലയായിട്ടാണ് കാണേണ്ടത്. ഇത്തരം ഐക്യദാര്‍ഢ്യ പ്രകടനങ്ങളെ പരിഹസിക്കുന്നതോ അപഹസിക്കുന്നതോ ആയ ഒരു നിലപാടിലേക്കും പോകേണ്ട കാര്യമില്ല,’ എം.വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

റാലിയില്‍ ഹമാസിനെ ഭീകരവാദികളെന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം ഡോ. ശശി തരൂര്‍ എം.പിക്കെതിരായ എം. സ്വരാജിന്റെ പ്രതികരണത്തെക്കുറിച്ചും എം.വി ഗോവിന്ദന്‍ സംസാരിച്ചു. ഫലസ്തീന്‍ ഐക്യദാര്‍ഢ്യവുമായി ബന്ധപ്പെട്ട് വരുന്ന ഏത് പ്രവണതയേയും സാര്‍വ ദേശീയ തലത്തില്‍ സാമ്രാജ്യത്വ വിരുദ്ധവും ഇസ്രഈല്‍ വിരുദ്ധവുമായ ഒരു ജനകീയ പ്രസ്താവനയായി കണ്ടാല്‍ മതിയെന്നാണ് അദ്ദേഹം പറഞ്ഞത്.

മുസ്ലിം ലീഗിന്റെ ചെലവില്‍ ശശി തരൂര്‍ ഇസ്രഈല്‍ ഐക്യദാര്‍ഢ്യ സമ്മേളനമാണ് നടത്തിയതെന്നാണ് സി.പി.ഐ.എം നേതാവ് എം. സ്വരാജ് പറഞ്ഞത്. ഫലസ്തീന്റെ ഭാഗത്ത് നിന്നുണ്ടായത് ഭീകരവാദികളുടെ ആക്രമണമാണെന്ന് പറഞ്ഞ ശശി തരൂര്‍ ഇസ്രഈലിന്റേത് മറുപടിയാണെന്ന് പറഞ്ഞത് വാക്കുകള്‍ക്ക് അര്‍ത്ഥമുണ്ടെന്ന് അറിയാഞ്ഞിട്ടല്ലെന്നും സ്വരാജ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

‘ഫലസ്തീന്റെ ഭാഗത്തു നിന്നുണ്ടായത് ‘ഭീകരവാദികളുടെ അക്രമ’ണമാണെന്ന് ഡോ.ശശി തരൂര്‍ ഉറപ്പിക്കുന്നു.
ഒപ്പം ഇസ്രഈലിന്റേത് ‘മറുപടി ‘ യും ആണത്രെ! വാക്കുകള്‍ക്ക് അര്‍ത്ഥമുണ്ടെന്ന് അറിയാത്ത ആളല്ല അദ്ദേഹം,’സ്വരാജ് പറഞ്ഞു.

ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് നടത്തിയ റാലിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തിരുന്നു. കോഴിക്കോട് കടപ്പുറത്ത് നടന്ന പൊതുസമ്മേളനത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ. ശശി തരൂര്‍ മുഖ്യാതിഥിയായി.

ലീഗിന്റെ മുന്‍ നിര നേതാക്കളും യൂത്ത് ലീഗ്, വനിതാ ലീഗ്, എം.എസ്.എഫ് തുടങ്ങിയവയുടെ നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു.

Content Highlights: MV Govindan backs Muslim League rally to support Palestine