തിയേറ്ററിലെ സാങ്കേതികത ഒരു രാഷ്ട്രീയമാണ്
DISCOURSE
തിയേറ്ററിലെ സാങ്കേതികത ഒരു രാഷ്ട്രീയമാണ്
മുസ്തഫ ദേശമംഗലം
Tuesday, 31st January 2023, 7:30 pm
ഒരു പ്രകടനത്തിന് ആവശ്യമായ സൗണ്ട് എഞ്ചിനീയറെ പരിഗണിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ, ആ തിയേറ്ററിന് ആവശ്യമായ പ്രവര്‍ത്തനം അത് ലോജിസ്റ്റിക്‌സ് ആണോ അതോ വെറും സാങ്കേതികതയാണോ എന്ന് ചോദിച്ചാല്‍ ഇത് രണ്ടുമല്ല എന്നും അദ്ദേഹത്തിന്റെ ജോലി ഒരു തിയേറ്റര്‍ രാഷ്ട്രീയമാണ് എന്നും പറയേണ്ടിവരും. കാരണം അതൊരു തീരുമാനമാണ്. തിയേറ്ററിനെ സംബന്ധിച്ച് വളരെ ഉന്നതമായ ഒരു രാഷ്ട്രീയ നിലപാട് ആണത്.

പതിമൂന്നാമത് അന്തര്‍ദേശീയ നാടകോത്സവത്തിന്റെ ടെക്‌നിക്കല്‍ ഡയറക്ടര്‍ ഫിറോസ് ഖാന്‍ തിയേറ്ററില്‍ സാങ്കേതികതയുടെ സഹകരണം എങ്ങനെയാണെന്ന് വിശദീകരിക്കുന്നു…

ചിലപ്പോഴൊക്കെ തിയേറ്ററില്‍ സാങ്കേതികത എങ്ങനെ എപ്പോള്‍ എന്നും അതിന്റെ ഒരു തത്വം എങ്ങനെ എന്നുമൊക്കെ ഒരു പിടിയും കിട്ടാത്ത പോലെ തോന്നും. പക്ഷെ ടെക്‌നോളജിയും തിയേറ്റര്‍ പ്രകടനവും ഒരിക്കലും രണ്ടായി നില്‍ക്കുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. തിയേറ്ററില്‍ സാങ്കേതികത സംഭവിക്കുന്നത് പരസ്പര സഹകരണത്തിലൂടെയാണ്.

ഇപ്പോള്‍ ഒരു പ്രകടനത്തിന് ആവശ്യമായ സൗണ്ട് എഞ്ചിനീയറെ പരിഗണിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ, ആ തിയേറ്ററിന് ആവശ്യമായ പ്രവര്‍ത്തനം അത് ലോജിസ്റ്റിക്‌സ് ആണോ അതോ വെറും സാങ്കേതികതയാണോ എന്ന് ചോദിച്ചാല്‍ ഇത് രണ്ടുമല്ല എന്നും അദ്ദേഹത്തിന്റെ ജോലി ഒരു തിയേറ്റര്‍ രാഷ്ട്രീയമാണ് എന്നും പറയേണ്ടിവരും. കാരണം അതൊരു തീരുമാനമാണ്. തിയേറ്ററിനെ സംബന്ധിച്ച് വളരെ ഉന്നതമായ ഒരു രാഷ്ട്രീയ നിലപാട് ആണത്.

തിയേറ്ററില്‍ ഒരു പ്രകടനത്തിന് ഒരുക്കുന്ന ലൈറ്റുകളുടെയും അത് നിയന്ത്രിക്കുന്ന സാങ്കേതികവിദഗ്ദനെയും എടുത്താലും ഇതുതന്നെയാണ്. ഒരു പ്രകടനം ആവശ്യപ്പെടുന്ന ലൈറ്റുകളുടെ സ്വഭാവം അത് ആ അവതരണത്തിന് ആവശ്യമായ രീതിയില്‍ ആകുന്നതും ഒരു പൊളിറ്റിക്കല്‍ തീരുമാനമാണ്.

ഫിറോസ് ഖാന്‍

സിനിമക്ക് വിപരീതമായിട്ടുള്ളതാണ് തിയേറ്ററിലെ പ്രകടനം. തിയേറ്റര്‍ എല്ലാ അര്‍ത്ഥത്തിലും ഓരോ നിമിഷവും നവീകരിക്കപ്പെടുന്ന ഒന്നായതിനാല്‍ തന്നെ തിയേറ്ററിലെ ഓരോ ചലനവും സംഭവബഹുലമായ പ്രവര്‍ത്തനമാണ്. അത് നിമിഷത്തിനനുസൃതമായി വഴങ്ങുന്ന തുടര്‍ച്ചയായ ആക്ഷന്‍ ആണ്. അതിനു മാറിക്കൊണ്ടിരുന്നാലേ നിലനില്‍പ്പുള്ളൂ. അതിനു ഒരിക്കലും അന്ത്യമില്ല. ഈ വസ്തുതകള്‍ വെച്ച് നോക്കുമ്പോള്‍ തിയേറ്ററിലെ എത്ര സൂക്ഷ്മമായ സാങ്കേതിക പ്രയോഗവും രാഷ്ട്രീയമാണ്.

നമ്മുടെ നാട്ടിലെ നാടക ശീലങ്ങള്‍ പലപ്പോഴും ടെക്‌നോളജിയോട് ഒരു അലര്‍ജി കാണിക്കുന്ന വിധമാണ്. അതിനു കാരണം അത് നമ്മുടെ ഊര്‍ജ്ജം എങ്ങനെയൊക്കെ എവിടെയൊക്കെ ഏതു തലത്തില്‍ എത്ര ശതമാനത്തില്‍ ചെലവഴിക്കണം എന്നുള്ള തീരുമാനങ്ങള്‍ എടുക്കുന്നതിലെ സംശയങ്ങളാണ്. ഇങ്ങനെയുള്ള അനിശ്ചിതത്വങ്ങള്‍ വരുമ്പോള്‍ നാം പലപ്പോഴും ചില സാങ്കേതിക കാര്യങ്ങള്‍ പാടേ അവഗണിക്കുന്നു. അത് തിയേറ്ററിന്റെ രാഷ്ട്രീയത്തിന് മങ്ങലേല്‍പ്പിക്കുന്നു. തിയേറ്ററില്‍ ഒരിക്കലും ചില സാങ്കേതികതകള്‍ വിസ്മരിക്കരുത്.

തിയേറ്ററിലെ പ്രകടനത്തില്‍ ചില സാങ്കേതികത അവഗണിക്കുമ്പോള്‍ അവതരണത്തിന്റെ നിലവാരം മാറും. അത് മറികടക്കാന്‍ മറ്റു ചില കാര്യങ്ങള്‍ അതില്‍ നിര്‍ബന്ധിക്കപ്പെടുന്നു. തിയേറ്ററില്‍ ഒന്നും തന്നെ സമ്മര്‍ദത്തോടെ നടപ്പിലാക്കരുത്. അത് തിയേറ്ററിന്റെ ജൈവിക മുന്നേറ്റം ഇല്ലാതാക്കും. അത് തിയേറ്ററിന്റെ രസതന്ത്രത്തില്‍ പെടാതെ പോകും. തിയേറ്ററിലെ എക്വിപ്‌മെന്റ് ടു എക്വിപ്‌മെന്റ് എന്നത് കള്‍ച്ചറല്‍ പൊളിറ്റിക്‌സ് ആണ്.

നമ്മുടെ നാട്ടില്‍ ഒരു തിയേറ്റര്‍ അവതരണത്തിന് ആവശ്യമെങ്കില്‍ പോലും പലരും ഒരു വലിയ ലൂമിനന്‍സ് ഉള്ള പ്രൊജക്ടര്‍ ഉപയോഗിക്കില്ല. ഇതൊരു തരം വിട്ടുവീഴ്ചയാണ്. അത് ചെയ്തുകൂടാ. സഹകരണത്തോടെയുള്ള ക്രിയാത്മകതയാണ് ആണ് തിയേറ്ററിലെ സാങ്കേതികത. ഉപകരണം ഓണ്‍ ചെയ്യുന്ന ആളും കേള്‍ക്കുന്ന ആളും തിയേറ്ററില്‍ തുല്യരാണ്.

ഏകതാന സ്വാഭാവമാണ് സിനിമയുടേതെങ്കില്‍ തിയേറ്ററില്‍ വൈവിധ്യങ്ങള്‍ ആണ് പ്രധാനം. അത് പലവഴിക്ക് പ്രേക്ഷകനെ നയിക്കുന്നു. അതുകൊണ്ടാണ് തിയേറ്ററില്‍ ഹൈ ആര്‍ട്ട് എന്നോ ലോ ആര്‍ട്ട് എന്നോ ഉള്ള വ്യത്യാസമില്ലാതാകുന്നത്.

കാരണം പ്രേക്ഷകന്റെ ആലോചനകള്‍ക്കപ്പുറമായി തിയേറ്റര്‍ അപ്പോള്‍ സംഭവിക്കുന്ന ഒരു ആര്‍ട്ട് ആണ്. തിയേറ്റര്‍ എപ്പോഴും ഒരു നിശബ്ദത ആവശ്യപ്പെടുന്നുണ്ട്. ഈ തലത്തില്‍ ആണ് തിയേറ്ററില്‍ സാങ്കേതിക പ്രയോഗം ഒരു രാഷ്ട്രീയമായി പ്രവര്‍ത്തിക്കുന്നത്. അത് തിയേറ്ററിനു വേദിയൊരുക്കാന്‍ ബൗദ്ധികമായ അതിരുകള്‍ ഇടുന്ന വിധമല്ല, മറിച്ചു ഒരു അവതരണം സാങ്കേതികത ചേര്‍ത്തുവെച്ചു എത്രമാത്രം വിജനമായി നിര്‍ത്താന്‍ നിങ്ങള്‍ എത്ര ഊര്‍ജ്ജ നിക്ഷേപം നടത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ഒരു ഫുട്ബാള്‍ ഗ്രൗണ്ടിലെ ലക്ഷക്കണക്കിന് കാഴ്ചക്കാരുടെ ശ്രദ്ധ ഒരു ബോളിനെ പിന്തുടരുന്നതുപോലെയാണ് തിയേറ്ററില്‍ സാങ്കേതികത പ്രവര്‍ത്തിക്കുന്നത്. ഇക്കൊല്ലത്തെ ഇറ്റ്‌ഫോക്കില്‍ സാങ്കേതികതയും സര്‍ഗാത്മകതയും കൈകോര്‍ക്കുന്ന കുറെ അവതരണങ്ങളുണ്ട്.

കേരള സംഗീത നാടക അക്കാദമി കേരള സാംസ്‌കാരിക വകുപ്പിന് വേണ്ടി നടത്തുന്ന പതിമൂന്നാമത് അന്തര്‍ദേശീയ നാടകോത്സവം ഫെബ്രുവരി അഞ്ചു മുതല്‍ ഫെബ്രുവരി 14 വരെ തൃശ്ശൂരിലെ ഏഴിലേറെ വേദികളിലായി നടക്കുന്നു.

ഏഴ് വേദികളിലായിട്ടാണ് നാടകങ്ങളും സംഗീത പരിപാടികളും മറ്റ് അനുബന്ധപരിപാടികളും അരങ്ങേറുന്നത്. ഇറ്റ്‌ഫോക്കിന്റെ ഉദ്ഘാടന സമ്മേളനത്തോട് അനുബന്ധിച്ച് അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ വാദ്യം ഉണ്ടായിരിക്കും. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന ഇറ്റ്‌ഫോക്കില്‍ വിവിധ ബാന്റുകളുടെ സംഗീതപരിപാടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചാരത്തില്‍ നിന്നും തുറന്ന ആകാശത്തിലേക്ക് എന്ന അര്‍ത്ഥമുള്ള കത്തിയെരിഞ്ഞ പഴയ കൂത്തമ്പലമായ ഫാവോസ് (FAOS) തിയേറ്റര്‍ ആണ് ഇത്തവണത്തെ വേദികളില്‍ ശ്രദ്ധയാകര്‍ഷിച്ച ഒരു വേദി.

Content Highlight: mustafa desamangalam writes about the importance of new techniques in theatre

മുസ്തഫ ദേശമംഗലം
ചലചിത്ര പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍