എഡിറ്റര്‍
എഡിറ്റര്‍
ഒടുവില്‍ പാകിസ്ഥാനും പറഞ്ഞു ‘ഭീകരസംഘടനകള്‍ ഞങ്ങളുടെ മണ്ണിലുണ്ട്’
എഡിറ്റര്‍
Thursday 7th September 2017 11:30am

 

ഇസ്‌ലാമാബാദ്: ഭീകരസംഘടനകള്‍ പാക് മണ്ണിലുണ്ടെന്ന് തുറന്ന് സമ്മതിച്ചു പാക് വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫ്. ഭീകരഗ്രൂപ്പുകള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ രാജ്യത്ത് നിലനില്‍ക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഭീകര സംഘടനകളായ ലഷ്‌കര്‍-ഇ- തയ്ബ, ജെയ്ഷ-ഇ- മുഹമ്മദ് തുടങ്ങി രാജ്യാന്തരതലത്തില്‍ നിരോധിച്ച് ഭീകര സംഘടനകള്‍ തങ്ങളുടെ മണ്ണില്‍ പ്രവര്‍ത്തിക്കുന്നതായും ഖ്വാജ വ്യക്തമാക്കി.


Also Read: മതവിദ്വേഷ പ്രസംഗം; മലപ്പുറത്തെ ആര്‍.എസ്.എസ് നേതാവിനെതിരെ കേസെടുത്തു


ബ്രിക്‌സ് ഉച്ചകോടി കഴിഞ്ഞ് രണ്ടു ദിവസത്തിനു ശേഷമാണ് പാകിസ്ഥാനില്‍ ഭീകരസംഘടനകളുടെ പ്രവര്‍ത്തനമുണ്ടെന്ന് ഇതാദ്യമായി പാകിസ്ഥാന്‍ സമ്മതിക്കുന്നത്. പാകിസ്ഥാനിലെ വാര്‍ത്താ ചാനലായ ജിയോ ന്യൂസിനോട് സംസാരിക്കവെയാണ് മന്ത്രിയുടെ പ്രതികരണം.

നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാകിസ്ഥാന്‍ ഭീകരവാദ ഗ്രൂപ്പുകളുടെ സുരക്ഷിതമായ സ്വര്‍ഗ്ഗമാണെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പ്രതികരിച്ച ഖ്വാജ തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാവുമെന്നും ഇതിലൂടെ ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ പാകിസ്ഥാന്റെ ആത്മാര്‍ത്ഥത എന്താണെന്ന് ലോകത്തിന് കാണിച്ചു കൊടുക്കുമെന്നും പറഞ്ഞു.

ഇന്ത്യയിലുള്‍പ്പെടെ വിവിധയിടങ്ങളില്‍ ഭീകരാക്രമണം നടത്തിയ തീവ്രവാദ സംഘടനകളാണ് ലഷ്‌കര്‍-ഇ- തയ്ബ, ജെയ്ഷ-ഇ- മുഹമ്മദ് തുടങ്ങിയവ. നേരത്തെ ഇവയ്ക്ക് പാകിസ്ഥാനില്‍ യാതൊരുവിധത്തിലുള്ള പ്രവര്‍ത്തനവുമില്ലെന്നാണ് പാക് ഭരണകൂടം പറഞ്ഞിരുന്നത്.


Dont Miss: ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചവരെ വിമര്‍ശിച്ചു; രവിശങ്കര്‍പ്രസാദിനെതിരെ സംഘപരിവാര്‍ ഓണ്‍ലൈന്‍ ആക്രമണം


എന്നാല്‍ മുന്‍കാലങ്ങളില്‍ പാകിസ്ഥാന് പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് വിദേശകാര്യ മന്ത്രി ഒടുവില്‍ പറഞ്ഞിരിക്കുന്നത്. ഭീകരതയുടെ കാര്യത്തില്‍ ചൈന അടക്കമുള്ള സുഹൃത്തുക്കളെ പരീക്ഷിക്കാന്‍ പാകിസ്ഥാന്‍ ആഗ്രഹിക്കുന്നില്ലെന്നും മാറിയ ആഗോള സാഹചര്യത്തില്‍ ചൈനയെ എല്ലായ്‌പ്പോഴും പരീക്ഷിക്കേണ്ട ആവശ്യമില്ലെന്നും ആസിഫ് പറഞ്ഞു.

പാകിസ്ഥാനും ഭീകരതയുടെ ഇരയാണെന്നും അതിനാല്‍ തന്നെ ഈ സംഘടനകളുടെ പ്രവര്‍ത്തനത്തെ കൈയും കെട്ടി നോക്കി ഇരിക്കാനാവില്ലെന്നും പറഞ്ഞ മന്ത്രി അങ്ങിനെ ചെയ്താല്‍ അത് രാജ്യത്തിന് നാണക്കേടാകുമെന്നും കൂട്ടിച്ചേര്‍ത്തു.

Advertisement