എഡിറ്റര്‍
എഡിറ്റര്‍
ഭക്തിഗാനം മുടങ്ങരുത്; മോഷണം പോയ ലൗഡ്‌സ്പീക്കറിന് പകരം പുത്തന്‍ ലൗഡ്‌സ്പീക്കര്‍ ക്ഷേത്രകമ്മിറ്റിക്ക് സമ്മാനിച്ച് മുസ്‌ലീം പുരോഹിതന്‍
എഡിറ്റര്‍
Monday 28th August 2017 10:02am

ഭോപ്പാല്‍: ക്ഷേത്രത്തിലെ മോഷണം പോയ ലൗഡ്‌സപീക്കറിന് പകരം പുത്തന്‍ ലൗഡ്‌സ്പീക്കര്‍ ക്ഷേത്രകമ്മിറ്റിക്ക് സമ്മാനിച്ച് മുസ്‌ലീം പുരോഹിതന്‍. ഹര്‍ദ ജില്ലയിലെ ലോക്കല്‍ കോര്‍പ്പറേറ്ററും വഖഫ് കമ്മിറ്റി അംഗവുമായി സയ്യിദ് ഖാനാണ് ക്ഷേത്രത്തിനായി പുതിയ ലൗഡ് സ്പീക്കര്‍ സമ്മാനിച്ചത്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഹര്‍ദാ ടൗണിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ നിന്നും ലൗഡ് സ്പീക്കര്‍ മോഷണം പോയത്. ക്ഷേത്രത്തിനകത്ത് കയറിയ മോഷ്ടാവ് ലൗഡ്‌സ്പീക്കര്‍ മാത്രമാണ് മോഷ്ടിച്ചിരുന്നത്. ലൗഡ്‌സ്പീക്കര്‍ നഷ്ടമായതിന് പിന്നാലെ ക്ഷേത്രത്തില്‍ ഭക്തിഗാനം വെക്കുന്നതും നിലച്ചു. ഇതിന് പിന്നാലെയാണ് പുതിയ ലൗഡ്‌സ്പീക്കര്‍ വാങ്ങാന്‍ സയ്യിദ് തീരുമാനിച്ചത്.


Dont Miss ആദിവാസിക്കെന്താ കാര്‍ വാങ്ങിയാല്‍ പുളിക്കുമോ? വിവാദങ്ങളില്‍ കുലുങ്ങില്ലെന്ന് സി.കെ ജാനു


”എല്ലാ ദിവസവും അമ്പലത്തിന് സമീപത്തുകൂടെ പോകുമ്പോള്‍ അവിടെ നിന്നും ഭക്തിഗാനങ്ങള്‍ കേള്‍ക്കാമായിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങളായി അതില്ല. വലിയ വിഷമം തന്നെ തോന്നി. ഉടനെ തന്നെ ആരെങ്കിലും പുതിയ ലൗഡ്‌സ്പീക്കര്‍ വാങ്ങിച്ചുതരാമെന്ന് ഏറ്റിട്ടുണ്ടോയെന്ന് ക്ഷേത്രപൂജാരിയോട് ചോദിച്ചു. ഇല്ലെന്നായിരുന്നു അദ്ദേഹം മറുപടി തന്നത്. തുടര്‍ന്ന് ടൗണില്‍ പോയി പുതിയ ആംപ്ലിഫയര്‍ വാങ്ങി എന്റെ ഹിന്ദുസഹോദരങ്ങള്‍ക്ക് നല്‍കുകയായിരുന്നു- സയ്യിദ് പറയുന്നു.

പള്ളികളിലും അമ്പലങ്ങളിലും ലൗഡ്‌സ്പീക്കറുകള്‍ ഉപയോഗിക്കുന്നതിനെതിരെ പലരും പ്രസ്താവനകള്‍ നടത്താറുണ്ട്. എന്നാല്‍ ഇന്ത്യയിലെ ജനങ്ങളാരും ഇതിനൊന്നും എതിരല്ലെന്നാണ് ഇവരോട് എനിക്ക് പറയാനുള്ളത്. -സയ്യിദ് ഖാന്‍ പറയുന്നു.

പള്ളികളിലെ ബാങ്ക് വിളി കാരണം ഉറങ്ങാനാവുന്നില്ലെന്നായിരുന്നു അടുത്തിടെ ഗായകന്‍ സോനു നിഗത്തിന്റെ പ്രസ്താവന. വലിയ പ്രതിഷേധമായിരുന്നു സോനുനിഗത്തിനെതിരെ ഉയര്‍ന്നത്. പള്ളികളില്‍ നിന്നും ഉയരുന്ന ബാങ്ക് വിളികള്‍ തങ്ങളെ ഒരുതരത്തിലും ബുദ്ധിമുട്ടിക്കാറില്ലെന്നായിരുന്നു സോനുവിന്റെ അയല്‍വാസികളായവര്‍ തന്നെ പറഞ്ഞത്. മാത്രമല്ല സോനുവിന്റെ വീട്ടില്‍ നിന്നാല്‍ ഒരു പള്ളിയില്‍ നിന്നും ഉയരുന്ന ബാങ്ക് വിളിയും കേള്‍ക്കില്ലെന്ന് കൂടി അവര്‍ വ്യക്തമാക്കിയിരുന്നു.

Advertisement