മുസ്‌ലിം സ്ത്രീക്കും മൊഴിചൊല്ലാമെന്ന് ഇസ്‌ലാമിക പണ്ഡിത സഭ
India
മുസ്‌ലിം സ്ത്രീക്കും മൊഴിചൊല്ലാമെന്ന് ഇസ്‌ലാമിക പണ്ഡിത സഭ
ന്യൂസ് ഡെസ്‌ക്
Saturday, 24th March 2012, 11:51 am

ന്യൂദല്‍ഹി: ഭര്‍ത്താവ് വിശ്വാസ വഞ്ചന കാണിച്ചാലോ, ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ സമ്മതമില്ലെങ്കിലോ മുസ്‌ലീം യുവതിക്ക് ഭര്‍ത്താവിനെ ത്വലാക്ക് ചൊല്ലാമെന്ന് ഇസ്‌ലാം മതപണ്ഡിതരുടെ ഫത്‌വ. മധ്യപ്രദേശില്‍ ഇസ്‌ലാം ഫിക്ക്ഹ് അക്കാദമി സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് ജൂറിസ്പ്രുഡന്‍സ് സെമിനാറിലാണ് ഈ മതവിധിയുണ്ടായത്. 300 ലധികം ഇസ്‌ലാം മതപണ്ഡിതര്‍ ഐക്യകണ്‌ഠേന ഈ നിര്‍ദേശത്തെ അംഗീകരിക്കുകയായിരുന്നു.

വിയോജിപ്പ് കാരണം ഭാര്യാഭര്‍ത്താക്കന്മാരായി ജീവിക്കാന്‍ താല്‍പര്യമില്ലെന്ന നിലയിലാണെങ്കില്‍ (ഇസ്‌ലാം മതനിയമപ്രകാരം ഷിഖാഖ്) ആദ്യം മധ്യസ്ഥനെവെച്ച് പ്രശ്‌നം പരിഹരിക്കാനാവുമോ എന്ന് നോക്കണം. അതിന് പറ്റിയില്ലെങ്കില്‍ വിവാഹമോചനം നടത്തണമെന്നും പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടു.

” അല്ലാഹു നിശ്ചയിച്ച പരിധിക്കുള്ളില്‍ ഭാര്യഭര്‍ത്താക്കന്മാരെ കൊണ്ടുനിര്‍ത്തുകയെന്നത് രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും കടമയാണ്. ദമ്പതികള്‍ക്കിടെ ഷിഖാഖ് ഉണ്ടാവുകയാണെങ്കില്‍, ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ ഭാര്യ തയ്യാറാവുന്നില്ലെങ്കില്‍ ഇവരെ അനുനയിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നടക്കേണ്ടതുണ്ട്. എന്നിട്ടും പ്രശ്‌നത്തിന് പരിഹാരം കാണാനായില്ലെങ്കില്‍ വിവാഹബന്ധം വേര്‍പ്പെടുത്തണം.” പണ്ഡിതസഭ മതവിധിയില്‍ പറയുന്നു.

നിലവില്‍ മുസ്‌ലിം സ്ത്രീക്ക് വിവാഹമ മോചനത്തിന് “ഫസ്ഖ്” സംവിധാനമാണ് നിലവിലുള്ളത്. ഭര്‍ത്താവിന് ത്വലാക്ക് ഉപയോഗിച്ച് എളുപ്പം ഭാര്യയെ മൊഴിചൊല്ലാമെങ്കിലും അതു പോലെ എളുപ്പമായിരുന്നില്ല സ്ത്രീക്ക് ഫസ്ഖ്. വിവാഹ മോചനവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ മുസ്‌ലിം വ്യക്തി നിയമം ഏറെ വിമര്‍ശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പുരുഷന് ലഭിക്കുന്നത് പോലെ സ്വതന്ത്രമായി വിവാഹ മോചനത്തിനുള്ള അവസരം സ്ത്രീക്കും അവസരം നല്‍കിക്കൊണ്ടാണ് ഇപ്പോള്‍ മതവിധിയുണ്ടായിരിക്കുന്നത്.