ലോകത്തെ മുഴുവന്‍ ആക്രമണങ്ങളെയും മുസ്‌ലിങ്ങള്‍ അപലപിക്കണോ? വേണം, അതാണ് നബി വചനം
Islam
ലോകത്തെ മുഴുവന്‍ ആക്രമണങ്ങളെയും മുസ്‌ലിങ്ങള്‍ അപലപിക്കണോ? വേണം, അതാണ് നബി വചനം
ഫാറൂഖ്
Tuesday, 7th September 2021, 12:26 pm
താലിബാനെ അപലപിച്ച കൂട്ടത്തില്‍ എല്ലാവരുമുണ്ടായിരുന്നു, കമ്മ്യൂണിസ്റ്റുകാരും, കോണ്‍ഗ്രസ്സുകാരും, ലീഗുകാരും, സാംസ്‌കാരിക നായകരും, സിനിമാക്കാരും എഴുത്തുകാരുമൊക്കെ. എന്നാല്‍ താലിബാനെക്കാള്‍ വലിയ ദ്രോഹികളാണ് താലിബാനെ വിമര്‍ശിക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ എന്നതാണ് സി. ദാവൂദിന്റെ നിലപാട്. സ്റ്റാലിനെയും പോള്‍ പോള്‍ട്ടിനെയും മാത്രമല്ല, കാള്‍ മാര്‍ക്‌സിനെ തന്നെ അദ്ദേഹം ഈ പ്രശ്‌നത്തിലേക്ക് വലിച്ചിഴച്ചു.

ഒരു മുസ്‌ലിമിന് ഒരു സംശയം വന്നെന്നിരിക്കട്ടെ, എന്തെങ്കിലും ഒരു കാര്യം ചെയ്യണോ വേണ്ടയോ എന്ന ഒരു സംശയം, അയാള്‍ അല്ലെങ്കില്‍ അവള്‍ എന്താണ് ചെയ്യേണ്ടത്. ആദ്യം ഖുറാനില്‍ ആ വിഷയത്തെ പറ്റി എന്തെങ്കിലും പരാമര്‍ശമുണ്ടോ എന്ന് നോക്കണം, രണ്ടാമത് ഹദീസുകളില്‍ മുഹമ്മദ് നബിയോ അനുചരന്മാരോ അതെ പറ്റി എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് നോക്കണം. കമ്മ്യൂണിസ്റ്റുകാരോ സാംസ്‌കാരിക നായകരോ ക്രിസംഘികളോ സംഘപരിവാറുകാരോ എന്ത് പറഞ്ഞു എന്നത് നോക്കേണ്ട കാര്യമേ ഇല്ല.

ലോകത്ത് എവിടെയെങ്കിലും ഒരു അക്രമം നടന്നു എന്നിരിക്കട്ടെ. സാധാരണ മുസ്‌ലിം എന്ത് ചെയ്യണം എന്ന് മുഹമ്മദ് നബി വ്യക്തമായി പറഞ്ഞിട്ടുണ്ട്.

അബൂ സഈദില്‍ ഖുദ്രി പറയുന്നു. നബി തിരുമേനി പറയുന്നത് ഞാന്‍ കേട്ടു. ‘നിങ്ങളില്‍ ആരെങ്കിലും ഒരു നിഷിദ്ധ കര്‍മം കണ്ടാല്‍ തന്റെ കൈ കൊണ്ട് അത് തടഞ്ഞു കൊള്ളട്ടെ. അതിനു കഴിയില്ലെങ്കില്‍ തന്റെ നാവു കൊണ്ടത് തടയട്ടെ. അതിനും സാധ്യമല്ലെങ്കില്‍ തന്റെ മനസ്സ് കൊണ്ട് വെറുത്തു കൊള്ളട്ടെ. അതാണ് വിശ്വാസത്തിന്റെ ഏറ്റവും ദുര്‍ബലമായ പടി’ (മുസ്‌ലിം 49)

ഭീകരാക്രമണം, വംശീയ ആക്രമണം, സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍, വിവേചനങ്ങള്‍, സദാചാര ഗുണ്ടായിസം തുടങ്ങിയവയൊക്കെ മുകളില്‍ പറഞ്ഞ നിഷിദ്ധ കര്‍മങ്ങളില്‍ പെടും എന്ന കാര്യത്തില്‍ ഒരു മുസ്‌ലിമിനും സംശയം ഉണ്ടാകില്ല. മിക്കവാറും ആള്‍ക്കാര്‍ക്ക് ഭീകരാക്രമണങ്ങളൊക്കെ തടയാനുള്ള കഴിവോ സാഹചര്യങ്ങളോ ഇല്ല.

അതുകൊണ്ട് തന്നെ നാവുകൊണ്ട് തടയട്ടെ എന്ന് നബി പറഞ്ഞതാണ് സാധാരണ മുസ്‌ലിങ്ങള്‍ക്കു ബാധകം. നാവുകൊണ്ട് തടയുക എന്നതിന് ഇക്കാലത്ത് അപലപിക്കുക എന്നാണ് പറയുക. അതു കൊണ്ടാണ് മാധ്യമം പ്രസിദ്ധീകരിച്ച സി. ദാവൂദിന്റെ ‘ഈ സമുദായം ഒരു അപലപന തൊഴിലാളി യൂനിയനല്ല’ എന്ന ലേഖനത്തിലെ മുസ്‌ലിങ്ങള്‍ക്ക് അക്രമങ്ങളെ അപലപിക്കാനുള്ള ബാധ്യതയില്ല എന്ന രീതിയിലുള്ള വിശകലനം തള്ളിക്കളയേണ്ടി വരുന്നത്. മുസ്‌ലിങ്ങള്‍ക്ക് അക്രമങ്ങളെ അപലപിക്കാനുള്ള ബാധ്യതയുണ്ട് എന്ന് മാത്രമല്ല അത് മതപരമായി നിര്‍ബന്ധവുമാണ്.

കമ്മ്യൂണിസ്റ്റുകാര്‍ പോള്‍പോള്‍ട്ട് ചെയ്ത അക്രമങ്ങളെ അപലപിച്ചില്ല എന്നതുകൊണ്ട് താലിബാനെ തങ്ങളും അപലപിക്കില്ല എന്ന് മുസ്‌ലിങ്ങള്‍ക്ക് പറയാന്‍ പറ്റില്ല. ഒന്നാമതായി, മുഹമ്മദ് നബി പറഞ്ഞതനുസരിച്ച് ജീവിക്കേണ്ട ഒരു ബാധ്യതയും കമ്മ്യൂണിസ്റ്റുകാര്‍ക്കില്ല. കമ്മ്യൂണിസ്റ്റുകാര്‍ നോമ്പെടുത്തില്ല എന്ന് വച്ച് മുസ്‌ലിങ്ങള്‍ക്ക് നോമ്പെടുക്കാതിരിക്കാനാവില്ലല്ലോ.

രണ്ടാമതായി, ചരിത്രത്തിലെ ഒരു സംഭാവത്തോടുള്ള നിലപാട് പറയുന്നത് പോലെയല്ല ഇപ്പോള്‍ നടക്കുന്ന ഒരു സംഭവത്തോട് പ്രതികരിക്കുന്നത്. നിലപാടല്ല പ്രതികരണം. അവലോകനം ചെയ്യലും അപലപിക്കലും ഒന്നല്ല. ആദ്യത്തേത് ബൗദ്ധിക വ്യായാമമാണ്, രണ്ടാമത്തേത് പ്രവര്‍ത്തിയും, പ്രവര്‍ത്തിക്കു ഫലമുണ്ടാകും. ഫലമുണ്ടാകും എന്നതുകൊണ്ടാണ് അക്രമത്തെ അപലപിക്കാന്‍ നബി പറഞ്ഞത്. ഫലമെന്താണെന്ന് അവസാനം പറയാം.

കാക്കത്തൊള്ളായിരം മുജാഹിദീന്‍ ഗ്രൂപ്പുകളില്‍ ഒന്നായിരുന്നു തൊണ്ണൂറ്റിയാറില്‍ ലോകത്തെ സംബന്ധിച്ച് താലിബാന്‍. ഒരു സാധാരണ ഭരണകൂടത്തെ പോലെ അവര്‍ പെരുമാറിയിരുന്നെങ്കില്‍ ആരും അവരെ പറ്റി സംസാരിക്കുക പോലും ചെയ്യുമായിരുന്നില്ല. ലോകത്ത് അങ്ങനെ എത്രയെത്ര രാജ്യങ്ങള്‍, എത്രയെത്ര സര്‍ക്കാരുകള്‍, നാട്ടുകാര്‍ക്കെന്ത് കാര്യം. അതുകൊണ്ടാണ് തൊണ്ണൂറ്റിയാറില്‍ ‘വിസ്മയം പോലെ താലിബാന്‍’ എന്ന മാധ്യമത്തിന്റെ തലക്കെട്ടില്‍ ആര്‍ക്കും അത്ഭുതം തോന്നാഞ്ഞത്. അറിയപ്പെടാത്ത ഒരു സംഘടന പെട്ടെന്ന് ഒരു രാജ്യം കീഴടക്കുമ്പോള്‍ അത്തരം ഒരു തലക്കെട്ട് മിക്ക എഡിറ്റര്‍മാരും എഴുതും. അന്നതില്‍ അനൗചിത്യം ഇല്ലായിരുന്നു. ഇന്നങ്ങനെയല്ല.

താലിബാന്‍ ഭീകരര്‍

കാരണം താലിബാന്‍ പിന്നീട് ലോക പ്രശസ്തരായി, കൃത്യമായി പറഞ്ഞാല്‍ കുപ്രസിദ്ധരായി. അവരുടെ കുപ്രസിദ്ധിക്ക് പിന്നില്‍ ഒരു കാരണമേ ഉണ്ടായിരുന്നുള്ളൂ- കാണിച്ചു കൂട്ടിയ ക്രൂരതകള്‍, പ്രധാനമായും സ്ത്രീകള്‍ക്കെതിരെയും ഹസാരാ മുസ്‌ലിങ്ങള്‍ക്കെതിരെയും.

ജോലിക്ക് പോയിക്കൊണ്ടിരുന്ന സ്ത്രീകളെ മുഴുവന്‍ അടിച്ചോടിച്ചു, പെണ്‍കുട്ടികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി, വിധവകളെയും വിവാഹമോചിതകളെയും ജോലി ചെയ്യാന്‍ സമ്മതിക്കാതെ ലൈംഗിക അടിമകകളാക്കി. അഫ്ഘാനിലെ ഫുട്‌ബോള്‍ ഗ്രൗണ്ടുകളിലും സ്റ്റേഡിയങ്ങളിലും സ്ത്രീകളെ കല്ലെറിഞ്ഞു കൊല്ലുന്നതും തല വെട്ടുന്നതും പതിവ് കാഴ്ചകളായി. ബാമിയാന്‍ ബുദ്ധ പ്രതിമകള്‍ ഡൈനാമിറ്റ് വച്ച് നശിപ്പിച്ചു. മസാരേ-ശരീഫില്‍ ആയിരക്കണക്കിന് ഹസാര മുസ്‌ലിങ്ങളെ വെട്ടിയും വെടി വെച്ചും കൊന്നു. ഹസാരാ സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്തു.

അതുകൊണ്ടാണ് രണ്ടാമത് താലിബാന്‍ വന്നപ്പോള്‍ ആദ്യത്തേതിന് വിപരീതമായി ലോകം മുഴുവന്‍ അപലപിച്ചത്. കൂടുതല്‍ അപലപിച്ചത് മുസ്‌ലിങ്ങളായിരിക്കും, കാരണം ഒരു സത്യവിശ്വാസിയെ ഒരേ മാളത്തില്‍ നിന്ന് രണ്ടു പ്രാവശ്യം പാമ്പു കടിക്കില്ല എന്ന് നബി പറഞ്ഞിട്ടുണ്ട്. താലിബാന്‍ ഒരു പ്രാവശ്യം കടിച്ച പാമ്പാണ്. ഒന്നും രണ്ടും സത്യവിശ്വാസികളെയല്ല, അഫ്ഘാന്‍ ജനസംഖ്യയുടെ നേര്‍ പകുതിയുള്ള സ്ത്രീകളെയും, പത്ത് ശതമാനത്തിനടുത്തുള്ള ഹസാര മുസ്‌ലിങ്ങളെയും. രണ്ടാമത്തെ പ്രാവശ്യം കടിക്കാന്‍ വരുന്ന പാമ്പിന് വിഷം കുറവായിരിക്കും, അതുകൊണ്ട് കടിച്ചോട്ടെ എന്നല്ല നബി പറഞ്ഞത്, അങ്ങനെ ഒരവസരമേ ഉണ്ടാകാന്‍ പാടില്ല എന്നാണ്. നിര്‍ഭാഗ്യവശാല്‍ മാധ്യമം പത്രം ആദ്യത്തെ നിലപാടാണെടുത്തത്.

ഒരിക്കല്‍ അക്രമികളായി ഭരിച്ചവരാണെങ്കില്‍ എന്ത്, രണ്ടാമതൊരാവസരം കൊടുത്തു കൂടെ എന്ന രീതിയിലായിരുന്നു മാധ്യമത്തിന്റെ നിലപാട്. ബാമിയാന്‍ ബുദ്ധ പ്രതിമകള്‍ നശിപ്പിച്ചതിന് സമാന്തരമായി ആധുനിക കാലത്ത് മറ്റൊരു പ്രവര്‍ത്തിയെ നടന്നിട്ടുള്ളൂ, ബാബ്റി മസ്ജിദ് തകര്‍ത്തത്. ബാബ്റി മസ്ജിദ് തകര്‍ത്ത ഒരു പാര്‍ട്ടിക്ക് ഇന്ത്യ ഭരിക്കാനുള്ള അവകാശം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്നതാണ് സെക്കുലര്‍ ആയിട്ടുള്ള മുഴുവന്‍ ഇന്ത്യക്കാരുടെയും നിലപാട്. അവര്‍ ഇന്ത്യയുടെ ഭരണം പിടിച്ചു എന്നത് അവരെ കുറ്റവിമുക്തമാക്കാനുള്ള ന്യായമല്ല. അധികാരവും ലെജിറ്റിമസിയും രണ്ടും രണ്ടാണ്.

താലിബാന്‍ തകര്‍ത്ത ബാമിയാനിലെ ബുദ്ധ പ്രതിമകള്‍

താലിബാനെ അപലപിച്ച കൂട്ടത്തില്‍ എല്ലാവരുമുണ്ടായിരുന്നു, കമ്മ്യൂണിസ്റ്റുകാരും, കോണ്‍ഗ്രസ്സുകാരും, ലീഗുകാരും, സാംസ്‌കാരിക നായകരും, സിനിമാക്കാരും എഴുത്തുകാരുമൊക്കെ. എന്നാല്‍ താലിബാനെക്കാള്‍ വലിയ ദ്രോഹികളാണ് താലിബാനെ വിമര്‍ശിക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ എന്നതാണ് സി. ദാവൂദിന്റെ നിലപാട്. സ്റ്റാലിനെയും പോള്‍ പോള്‍ട്ടിനെയും മാത്രമല്ല, കാള്‍ മാര്‍ക്‌സിനെ തന്നെ അദ്ദേഹം ഈ പ്രശ്‌നത്തിലേക്ക് വലിച്ചിഴച്ചു. ‘വിഷാദിയും അന്തര്‍മുഖനുമായ ആ ചെറുപ്പക്കാരന്‍ ലോകത്തെ തന്നെ വെറുക്കുന്ന സ്വാഭാവിയായി’ എന്നാണ് കാള്‍ മാര്‍ക്‌സിനെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ സൈക്കോപാത്ത്.

മാര്‍ക്‌സിന്റെ നിരീക്ഷണങ്ങളും ആശയങ്ങളുമൊക്കെ തെറ്റാണെന്ന് ഒട്ടേറെ പേര്‍ പറഞ്ഞിട്ടുണ്ട്, മാര്‍ക്‌സിസ്റ്റുകാരടക്കം. മിച്ചമൂല്യ സിദ്ധാന്തവും വൈരുധ്യാധിഷ്ഠിത ഭൗതിക വാദവുമൊക്കെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുതല്‍ എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ വരെ തള്ളിക്കളഞ്ഞിട്ടുണ്ട്. മുസ്‌ലിങ്ങള്‍ പണ്ടേ തത്വത്തില്‍ മാര്‍ക്‌സിസത്തിന്റെ എതിര്‍ കോണിലാണ്. അതൊക്കെയാണെങ്കിലും എല്ലാവരും മാര്‍ക്‌സിസത്തെ മനുഷ്യ സ്‌നേഹത്തിലൂന്നിയ ഒരു പ്രത്യയ ശാസ്ത്രമായും മാര്‍ക്‌സിനെ ഒരു മനുഷ്യ സ്‌നേഹിയായുമാണ് വിശേഷിപ്പിച്ചു കൊണ്ടിരുന്നത്. ആദ്യമായാണ് ഒരു പത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ മാര്‍ക്‌സിനെ ലോകത്തെ വെറുക്കുന്ന സ്വാഭാവിയാക്കി മാറ്റുന്നത്. അതും താലിബാനെ വെളുപ്പിക്കാന്‍ വേണ്ടി.

കാള്‍ മാര്‍ക്‌സ്‌

പോള്‍പോള്‍ട്ട് താലിബാനെക്കാളും വലിയ ക്രൂരതകള്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ട് കമ്മ്യൂണിസ്റ്റുകാര്‍ താലിബാനെ അപലപിക്കാന്‍ പാടില്ല എന്ന നിലപാടിന് എന്ത് പ്രസക്തി. ഒന്നാമതായി താലിബാനെ പോലെ പോള്‍പോള്‍ട്ട് കംബോഡിയയില്‍ തിരിച്ചു വരുന്ന ഒരു സാഹചര്യം നിലവില്‍ ഇല്ല. അങ്ങനെ ഏതെങ്കിലും പോള്‍പോള്‍ട് എവിടെയെങ്കിലും വന്നാലും നമ്മുടെ നാട്ടിലെ കമ്മ്യൂണിസ്റ്റുകാര്‍ അയാളെ ന്യായീകരിക്കും എന്ന് കരുതാനും വയ്യ. നോര്‍ത്ത് കൊറിയയോ ചൈനയോ ചെയ്യുന്ന കാര്യങ്ങള്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ ന്യായീകരിക്കാറില്ല. ഇനി അഥവാ ന്യായീകരിക്കുകയാണെങ്കില്‍ ആ സമയത്തു പറയാം.

മുസ്‌ലിങ്ങളെ പോലെത്തന്നെ കമ്മ്യൂണിസ്റ്റുകാരും ഏക ശിലാ രൂപമല്ല. ഒരുപാട് കാലഘട്ടങ്ങളില്‍ ഒരു പാട് തരം കമ്മ്യൂണിസ്റ്റുകള്‍ ഉണ്ടായിട്ടുണ്ട്. ലെനിനിസ്റ്റ്, സ്റ്റാലിനിസ്റ്റ്, ഡാന്‍കോഇസ്റ്റ്, മാവോയിസ്റ്റ്, രാമചന്ദ്രന്‍ ഗ്രൂപ്പ്, വേണു ഗ്രൂപ്പ്, വി.എസ്. ഗ്രൂപ്പ്, വൈരുധ്യാധിഷ്ഠിത വാദം അംഗീകരിക്കുന്നവര്‍, അംഗീകരിക്കാത്തവര്‍, സായുധ വിപ്ലവം വേണ്ടവര്‍, വേണ്ടാത്തവര്‍, നോക്ക് കൂലി വാങ്ങുന്നവര്‍, വാങ്ങാത്തവര്‍ ഇങ്ങനെ പലതും. അവര്‍ തമ്മില്‍ യുദ്ധങ്ങള്‍ വരെ നടന്നിട്ടുണ്ട്. ഇവരില്‍ പലരും പലതിനെയും അനുകൂലിച്ചിട്ടുണ്ട്, എതിര്‍ത്തിട്ടുമുണ്ട്.

ഒരുപാട് ഏകാധിപതികള്‍ കമ്മ്യൂണിസ്റ്റ് മേലങ്കി എടുത്തണിഞ്ഞിട്ടുണ്ട്, വേറെ പല ഏകാധിപതികളും ഇസ്‌ലാമിന്റെ മേലങ്കിയും അണിഞ്ഞിട്ടുണ്ട്, ഇപ്പോഴും അണിയുന്നുണ്ട്. ചില ഏകാധിപതികളൊക്കെ മാര്‍ക്‌സിസത്തിന്റെയും ഇസ്‌ലാമിന്റെയും കുപ്പായം ഒന്നിച്ചു ധരിച്ചിട്ടുണ്ട്. പ്രത്യയശാസ്ത്രങ്ങള്‍ക്ക് കോപ്പി റൈറ്റ് ഇല്ലാത്തതിന്റെ കുഴപ്പമാണ്, അല്ലാതെ പ്രത്യയ ശാസ്ത്രത്തിന്റേതല്ല. ഈ ഏകാധിപതികളൊക്കെ പണ്ടെങ്ങോ ചെയ്തു കൂട്ടിയതിനുള്ള മറുപടി ഇന്നലെ ജനിച്ച എസ്.എഫ്.ഐ ക്കാരും എസ്.ഐ.ഓക്കാരുമൊക്കെ പറയണമെന്ന് പറയുന്നത് കഷ്ടമാണ്.

പോള്‍പോള്‍ട്ട്

ഇനി അക്രമങ്ങളെ അപലപിക്കാന്‍ നബി പറഞ്ഞത് എന്തിനാണെന്ന് പറയാം. വെറുതെ ഒരു കാര്യം നബി പറയുമെന്ന് മുസ്‌ലിങ്ങളാരും ഏതായാലും വിചാരിക്കുന്നുണ്ടാവില്ലല്ലോ. അക്രമങ്ങളെ അപലപിക്കുന്നതിന് ഫലമുണ്ടാകും, സ്വന്തം കുടുംബത്തില്‍, സമൂഹത്തില്‍, മതത്തില്‍, രാഷ്ട്രീയത്തിലൊക്കെ. താലിബാന്റെ ഉദാഹരണം വച്ച് വ്യക്തമാക്കാന്‍ ശ്രമിക്കാം.

ഒരു ബാപ്പയും ഉമ്മയും രണ്ടു മക്കളും അത്താഴം കഴിക്കാനിരിക്കുന്ന സമയം, ടി.വിയില്‍ താലിബാനെ കുറിച്ച് വാര്‍ത്ത വന്നെന്നിരിക്കട്ടെ. ബാപ്പ കുടുംബത്തോട് മൊത്തമായി പറയുന്നു, മോശമായി പോയി, അവര്‍ ഒരിക്കലും അധികാരത്തില്‍ വരാന്‍ പാടില്ലായിരുന്നു, അവര്‍ സ്ത്രീകളെ ജോലി ചെയ്യാന്‍ അനുവദിക്കില്ല, പഠിക്കാന്‍ അനുവദിക്കില്ല എന്നൊക്കെ. ആ വാക്കുകള്‍ കുട്ടികളുടെ മനസ്സില്‍ സമത്വ സങ്കല്പവും നീതി ബോധവും കൊണ്ട് വരും. അത്തരം കുട്ടികള്‍ സമൂഹത്തിന് മുതല്‍ക്കൂട്ടായി വളരും. അതാണ് കുടുംബത്തിനും സമൂഹത്തിനുമുള്ള ഗുണം.

ഇസ്‌ലാമില്‍ സ്ത്രീകള്‍ക്ക് തുല്യ സ്ഥാനമാണെന്ന് എം.എം. അക്ബറിനെ പോലെയുള്ളവര്‍ നിരന്തരം പ്രഭാഷണങ്ങള്‍ നടത്തുന്നുണ്ട്. നല്ലത്. അതൊക്കെ പരിമിതമായ ശ്രോതാക്കള്‍ക്ക് മുമ്പിലാണ്. താലിബാന്‍ പോലെയുള്ള പ്രശ്‌നങ്ങളുണ്ടാകുമ്പോഴാണ് സമൂഹം മൊത്തത്തില്‍ മുസ്‌ലിം പണ്ഡിതന്മാരുടെ നിലപാടിനെ ശ്രദ്ധിക്കുന്നത്, അപ്പോഴാണ് മാധ്യമങ്ങള്‍ കവറേജ് കൊടുക്കുന്നത്. ആ സമയത്ത് മിണ്ടാതിരിക്കുകയോ അഴകൊഴമ്പന്‍ നിലപാടെടുക്കുകയോ ചെയ്യുന്ന മുസ്‌ലിം പണ്ഡിതന്മാര്‍ ഇസ്‌ലാമിന് ദോഷമാണ് ചെയ്യുന്നത്. തങ്ങള്‍ അഫ്ഘാനിലെ സ്ത്രീകള്‍ക്കൊപ്പമാണെന്ന് സ്വന്തം തീന്മേശയിലും മറ്റുള്ളവരുടെ തീന്‍മേശയിലെത്തുന്ന ടെലിവിഷനുകളിലും മുസ്‌ലിം നേതാക്കള്‍ സംശയത്തിനിടയില്ലാത്ത വിധം പറയണമായിരുന്നു. ആയിരം പ്രഭാഷണങ്ങളുടെ ഗുണം ഇസ്‌ലാം മതത്തിന് ചെയ്യുമായിരുന്നു അത്.

താലിബാന്‍ ഇപ്പോള്‍ മാറി എന്നും ഇപ്പോഴത്തേത് താലിബാന്‍ വേര്‍ഷന്‍ 2.0 ആണെന്നൊക്കെ മാധ്യമം പറയുന്നു. പെണ്‍കുട്ടികള്‍ക്ക് ഒരു ഡിവൈഡറിനപ്പുറത്ത് ക്ലാസ് അറ്റന്‍ഡ് ചെയ്യാമെന്ന് താലിബാന്‍ പറഞ്ഞതായി വിവരമുണ്ട്. അത്രയെങ്കിലും അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് ഗുണം കിട്ടിയെങ്കില്‍ അതിനു കാരണം മാധ്യമം പോലെ താലിബാന്‍ അനുകൂല നിലപാടെടുത്ത പ്രസിദ്ധീകരണങ്ങളും ആളുകളുമല്ല. താലിബാനെ അപലപിച്ചുകൊണ്ട് എഡിറ്റോറിയലുകളെഴുതിയ ലോകമെമ്പാടുമുള്ള പത്രങ്ങളും ഒച്ച വെച്ച നല്ല മനുഷ്യരുമാണ്. സമത്വത്തിന്റെയും നീതിയുടെയും നാട്യമെങ്കിലുമില്ലെങ്കില്‍ ഭരിക്കാന്‍ പറ്റില്ലെന്ന് താലിബാനെ ബോധ്യപ്പെടുത്തിയത് ആ നല്ല മനുഷ്യരാണ്.

മുസ്‌ലിങ്ങള്‍ നിരന്തരം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ലോകത്ത് നടക്കുന്ന മുഴുവന്‍ ആക്രമണങ്ങളെയും തങ്ങള്‍ അപലപിക്കാണോ എന്ന്. വേണം. അതാണ് നബി വചനം. അതാണ് മത വിധി. അത് കൊണ്ട് ഗുണമേ ഉണ്ടാകൂ.

ഫാറൂഖിന്റെ മറ്റ് ലേഖനങ്ങള്‍ ഇവിടെ വായിക്കാം

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Muslim Society – Marxism –  Taliban- Madhyamam – Farooq Writes

ഫാറൂഖ്
ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ