എഡിറ്റര്‍
എഡിറ്റര്‍
വീടുകള്‍ക്കുമുമ്പില്‍ ചുവന്ന ക്രോസ് മാര്‍ക്ക് ഗുജറാത്തിലെ മുസ്‌ലീങ്ങള്‍ക്കിടയില്‍ ഭീതിപടര്‍ത്തുന്നു: മുസ്‌ലിം വീടുകള്‍ തിരിച്ചറിയാനുള്ള അടയാളമെന്നാരോപിച്ച് പരാതി
എഡിറ്റര്‍
Thursday 16th November 2017 4:04pm

അഹമ്മദാബാദ്: ഗുജറാത്തിലെ ഹിന്ദു ഭൂരിപക്ഷ പ്രദേശമായ പാല്‍ഡിയിലെ മുസ്‌ലീങ്ങള്‍ക്കിടയില്‍ ഭീതിപടര്‍ത്തി വീടുകള്‍ക്കു മുമ്പില്‍ വരച്ച റെഡ് ക്രോസ് മാര്‍ക്കുകള്‍. ക്രോസ് മാര്‍ക്ക് കണ്ട് ഭയന്ന പല വീട്ടുകാരും ഇലക്ഷന്‍ കമ്മീഷണര്‍ക്കും പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിരിക്കുകയാണ്.

മുസ്‌ലീങ്ങള്‍ വളരെ കുറഞ്ഞ ഹിന്ദു-ജൈന ഭൂരിപക്ഷ പ്രദേശമാണ് പാല്‍ഡി. ഇവിടുത്തെ 10 മുസ്‌ലിം കോളനികളില്‍ റെഡ് മാര്‍ക്ക് ചെയ്തതാണ് ഭീതി പരത്തിയത്. 2 ഹൈന്ദവ കോളനികളിലും പിന്നീട് മാര്‍ക്ക് കാണുകയായിരുന്നു. പാല്‍ഡി മേഖലയിലെ മുസ്ലിങ്ങളെ ഭയപ്പെടുത്തുന്ന തരത്തിനുള്ള ഈ പ്രവര്‍ത്തിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇലക്ഷന്‍ കമ്മീഷണര്‍ക്കും പോലീസ് കമ്മീഷണര്‍ക്കും നവംബര്‍ 13 നാണ് പ്രദേശവാസികള്‍ പരാതി നല്‍കിയത്.

ഇത് മുസ്ലിങ്ങള്‍ക്കിടയില്‍ ഭീതി പടര്‍ത്തുന്നതും മുസ്‌ലിം വീടുകളെ എളുപ്പത്തില്‍ തിരിച്ചറിയാനുള്ള അടയാളമാണെന്നും ആരോപിച്ചാണ് പ്രദേശവാസികള്‍ പരാതിയില്‍ നല്‍കിയത്.

കാവി പശ്ചാത്തലത്തില്‍ പാല്‍ഡിയെ ജൂഹാപൂര (മുസ്‌ലിം ഭൂരിപക്ഷ മേഖല)ആക്കാന്‍ സമ്മതിക്കില്ലെന്ന പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ട് മൂന്നു ദിവസങ്ങള്‍ക്കു ശേഷമാണ് ക്രോസ് മാര്‍ക്കും പ്രത്യക്ഷപ്പെട്ടത് എന്നതാണ് ഭീതി പടര്‍ത്താന്‍ കാരണമായത്. പാല്‍ഡിയിലെ മഹാലക്ഷ്മി സര്‍ക്കിളില്‍ ആണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതും 48 മണിക്കൂറിനുള്ളില്‍ അപ്രത്യക്ഷമായതും. ഇവിടെ നിന്നും ഏഴു കിലോമീറ്റര്‍ അകലെയാണ് ജൂഹാപുര.

എന്നാല്‍ മുനിസിപ്പാലിറ്റിയുടെ മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി മാലിന്യങ്ങള്‍ എവിടുന്നൊക്കെ ശേഖരിക്കണം എന്നറിയുന്നതിനു വേണ്ടി മുനിസിപ്പാലിറ്റി ജീവനക്കാരാണ് ക്രോസ് മാര്‍ക്കുകള്‍ വരച്ചതെന്നാണ് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചത്. വീടുകളില്‍ നിന്നും മാലിന്യം എടുക്കുന്നതിനായി ജിയോഫെന്‍സിങ് ടെക്നോളജിയാണ് തങ്ങള്‍ ഉപയോഗിക്കുന്നതെന്നും ഓരോ വീടുകളില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിച്ചോ എന്ന് ജി.പി.എസ് സംവിധാനം വഴി അറിയുന്നതിനാണ് ഈ ടെക്നോളജി ഉപയോഗിച്ചു വന്നത്. പക്ഷേ വേണ്ടത്ര വിദ്യാഭ്യാസമില്ലാത്ത ഡ്രൈവര്‍മാര്‍ക്ക് ജി.പി.എസ് സംവിധാനം വഴി എവിടെ നിന്നൊക്കെ മാലിന്യങ്ങള്‍ ശേഖരിച്ചു കഴിഞ്ഞുവെന്ന് മനസിലാക്കാന്‍ കഴിയാഞ്ഞതോടെ കോപറേഷനിലെ ഒരു സ്വകാര്യ കോണ്‍ട്രോക്ടര്‍ എവിടെ നിന്നൊക്കെ മാലിന്യങ്ങള്‍ എടുക്കണമെന്നത് എളുപ്പത്തില്‍ മനസിലാക്കുന്നതിനായി അവിടങ്ങളില്‍ ക്രോസ് മാര്‍ക്കുകള്‍ വരയ്ക്കുകയായിരുന്നുവെന്നും അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ ഉത്തര മേഖലാ ഡെപ്യൂട്ടി ഹെല്‍ത്ത് ഓഫീസര്‍ ചിരാഗ് ഷാ പറഞ്ഞു.

ഇതിങ്ങനെയൊക്കെ ആയിത്തീരുമെന്ന് ആരും കരുതിയതല്ലെന്നും പ്രശ്നമാണെന്നറിഞ്ഞപ്പോള്‍ തന്നെ വൈറ്റ് വാഷിലൂടെ മാര്‍ക്കുകള്‍ നീക്കം ചെയ്തുവെന്നും പിന്നീട് അവിടങ്ങളില്‍ സ്റ്റിക്കറുകള്‍ പതിച്ചെന്നും അദ്ദേഹം പറഞ്ഞു.

പാല്‍ഡി മേഖലയില്‍ മാലിന്യം എടുക്കാനുള്ള 484 പോയിന്റുകളും 14 വാഹനങ്ങളും തങ്ങള്‍ക്കുണ്ട്. എളുപ്പത്തില്‍ മനസിലാകുന്നതിനു വേണ്ടി ഒരു ഡ്രൈവര്‍ 20 പോയന്റുകളില്‍ റെഡ്ക്രോസ് മാര്‍ക്ക് ചെയ്യുകയായിരുന്നുവെന്നും എ.എം.സി പബ്ലിക് ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ നിതിന്‍ ത്രിവേദി അഭിപ്രായപ്പെട്ടു. അതേസമയം ഇത്തരത്തിലുള്ള ഒരു സംഭവവും റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്നും എം.എം.സിയുടെ ഭാഗത്തു നിന്നും ഇത്തരമൊരു നടപടി ഉണ്ടായെങ്കില്‍ ഉറപ്പായും താന്‍ അറിഞ്ഞിരിക്കുമെന്നും മാലിന്യ സംസ്‌കരണ വിഭാഗം മേധാവി ഹര്‍ഷദ് സോലങ്കി പറഞ്ഞു.

തങ്ങളുടെ താമസസ്ഥത്തെ ഗേറ്റുകള്‍ക്കു മുന്നില്‍ റെഡ്മാര്‍ക്ക് പ്രത്യക്ഷപ്പെട്ടത് ശ്രദ്ധയില്‍പെട്ട ചിലര്‍ അത് തന്നെ അ്റിയിക്കുകയായിരുന്നുവെന്നും പിന്നീട്് മാര്‍ക്കുകള്‍ കൂടുതല്‍ പേരുടെ ശ്രദ്ധയില്‍ പെടുകയും ഇതിന്റെ ചിത്രങ്ങള്‍ വാട്ട്സ് ആപ്പിലൂടെ പ്രചരിച്ചതോടെ ഇത് സോഷ്യല്‍ മീഡിയകളിലൂടെ തെറ്റായി പ്രചരിക്കുന്നത് തടയാന്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാന്‍ തങ്ങളില്‍ ചിലര്‍ ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നുവെന്നും അല്ലാതെ ഒരു വിഭാഗീയത സൃഷ്ടിക്കുവാനോ വിഷയത്തെ രാഷ്ട്രീയ വല്‍ക്കരിക്കുക എന്നതോ തങ്ങളുടെ ഉദ്ദേശ്യമല്ലെന്നും പ്രദേശവാസിയായ ഉവേശ് സരേഷ് വാല പറഞ്ഞു.

ഇദ്ദേഹത്തിന്റെ സഹോദരനും ഹൈദരാബാദിലെ മൗലാന ആസാദ് നാഷണല്‍ ഉര്‍ദു യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലറും ബി.ജെ.പി വക്താവും മോദിയുമായി അടുത്ത ബന്ധവുമുള്ള സഫര്‍ സരേഷ് വാല പറയുന്നത് ഇതിനു പിന്നില്‍ കോണ്‍ഗ്രസ് ആണെന്നും ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങള്‍ക്കിയില്‍ ധ്രുവീകരണം ഉണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നുമാണ്.


Also Read ‘നിങ്ങള്‍ മുസ്‌ലീമാണെന്ന് ഒറ്റനോട്ടത്തില്‍ തിരിച്ചറിയും, അതുകൊണ്ട് ജോലിയില്ല’ ഹിജാബ് ധരിച്ച മുസ്‌ലിം യുവതിയ്ക്ക് ജോലി നിഷേധിച്ച് ദല്‍ഹിയിലെ അനാഥാലയം


ഇവിടുത്തെ ഹിന്ദു-മുസ്‌ലീങ്ങള്‍ക്കിടയില്‍ ഒരു വിഭാഗീയതയും ഇല്ലെന്നും 2002ല്‍ ഇവിടെ നടന്നതിനൊക്കെയും പിന്നില്‍ പുറത്തു നിന്നുള്ളവരാണെന്നുമാണ് അദ്ദേഹം പറയുന്നത്. ഞങ്ങള്‍ക്ക് തങ്ങളുടെ സുരക്ഷയെക്കുറിച്ചു മാത്രമായിരുന്നു ഭയമുണ്ടായിരുന്നുവെന്നതും തങ്ങളോട് നേരത്തെ വിവരം ധരിപ്പിച്ച് മാര്‍ക്ക് ചെയ്തിരുന്നുവെങ്കില്‍ അനാവശ്യമായ ഈ ഭയങ്ങളും വിവാദങ്ങളും ഉടലെടുക്കില്ലെന്നും എ.എം.സിയില്‍ നിന്നും പരിശോധനയ്ക്കെത്തിയ ഉദ്ദ്യോഗസ്ഥനോട് താന്‍ അറിയിച്ചതായും സരേഷ് വാല പറഞ്ഞു.

ഒന്നര പതിറ്റാണ്ടിനു ശേഷവും ഗുജറാത്ത് കലാപത്തിന്റെ ഉണങ്ങാത്ത മുറിവുകള്‍ ജനങ്ങളുടെ മനസ്സില്‍ ഭീതി സൃഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ജനങ്ങളുടെ ആശങ്കയില്‍ നിന്നു വ്യക്തമാകുന്നത്.

Advertisement