ബീഫ് കൈവശം വെച്ചെന്ന ആരോപണം; ബീഹാറില്‍ മുസ്‌ലിം മധ്യവയസ്‌കനെ ഗ്രാമ മുഖ്യനും സംഘവും മര്‍ദ്ദിച്ച് കൊലപ്പെടുത്തി
national news
ബീഫ് കൈവശം വെച്ചെന്ന ആരോപണം; ബീഹാറില്‍ മുസ്‌ലിം മധ്യവയസ്‌കനെ ഗ്രാമ മുഖ്യനും സംഘവും മര്‍ദ്ദിച്ച് കൊലപ്പെടുത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th March 2023, 2:26 pm

പട്‌ന: ബീഹാറില്‍ ബീഫ് കൈവശം വെച്ചെന്നാരോപിച്ച് മുസ്‌ലിം വയോധികനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഹസന്‍പുര സ്വദേശിയായ നസീബ് ഖുറൈശിയാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മരുമകന്‍ ഫിറോസ് അഹമ്മദ് ഖുറൈശിക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

സിവാന്‍ ജില്ലയിലെ ജോഗിയക്കടുത്ത് വെച്ചാണ് ഇരുവര്‍ക്കുമെതിരെ ആക്രമണമുണ്ടായതെന്നാണ് പൊലീസ് കണ്ടെത്തല്‍. കേസില്‍ ജോഗിയ ഗ്രാമമുഖ്യന്‍ സുശീല്‍ സിങ്, രവി ഷാ, ഉജ്വല്‍ ശര്‍മ എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞെന്ന് ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

തൊട്ടടുത്ത ഗ്രാമത്തിലെ ബന്ധുക്കളെ കാണാന്‍ പോയ ഇരുവരെയും ആറംഗ സംഘം വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നെന്നാണ് രക്ഷപ്പെട്ട ഫിറോസ് പൊലീസിന് മൊഴി നല്‍കിയത്. ബീഫ് കൈവശം വെച്ചെന്ന് പറഞ്ഞായിരുന്നു ആക്രമണം. സംഭവത്തില്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് കുടുംബാഗങ്ങള്‍ ആരോപിച്ചെന്നും ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. നസീബ് ഖുറൈശിയും മരുമകന്‍ ഫിറോസ് അഹമ്മദ് ഖുറൈശിയും ചേര്‍ന്ന് തൊട്ടടുത്ത ഗ്രാമത്തിലുള്ള ബന്ധുക്കളെ കാണാന്‍ പോയതായിരുന്നു. ജോഗിയക്കടുത്ത് വെച്ച് സുശീല്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വാഹനം തടഞ്ഞു നിര്‍ത്തി ഇഷ്ടികയും വടികളും ഉപയോഗിച്ച് ഇരുവരെയും ആക്രമിക്കുകയായിരുന്നു.

സുശീല്‍ കുമാറാണ് ഒപ്പമുള്ളവരോട് ആക്രമിക്കാന്‍ നിര്‍ദേശം നല്‍കിയതെന്നാണ് ഫിറോസ് പൊലീസിനെ അറിയിച്ചത്. മര്‍ദ്ദിച്ചവശനാക്കിയ നസീബിനെ പ്രതികള്‍ തന്നെയാണ് പൊലീസ് സ്റ്റേഷനിലെത്തിച്ചതെന്നും തുടര്‍ന്ന് പൊലീസ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നെന്നും ഫിറോസ് മൊഴി നല്‍കി.

അതേസമയം പൊലീസ് വിശദീകരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആക്രമണത്തില്‍ രക്ഷപ്പെട്ട ഫിറോസ് ആരോപിച്ചതായി ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതികളെ രക്ഷിക്കാനായി മനപൂര്‍വം ചികിത്സ വൈകിപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു. മര്‍ദ്ദിച്ച് അവശനായ നസീബിനെ ആംബുലന്‍സിന് പകരം ബൈക്കിലാണ് ആശുപത്രിയിലെത്തിച്ചതെന്നും ആരോപണമുയരുന്നുണ്ട്.

‘ആക്രമണത്തില്‍ രക്ഷപ്പെട്ട ഞാന്‍ ആദ്യം ചെന്നത് റാസല്‍പൂരിലെ പൊലീസ് സ്റ്റേഷനിലേക്കായിരുന്നു. അവിടെ ചെന്നപ്പോള്‍ അറിയാന്‍ കഴിഞ്ഞത് പൊലീസ് ജോഗിയയിലെത്തിയെന്നും നസീബിനെ സിവാനിലെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയെന്നുമാണ്.

എന്തിനാണ് ആശുപത്രിയിലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്കോ പോവാതെ അദ്ദേഹത്തെ സിവാനിലേക്ക് കൊണ്ട് പോയത്. ഇതില്‍ ദുരൂഹതയുണ്ട്. ഞാന്‍ ഇതിനെക്കുറിച്ച് അവരോട് ചോദിച്ചപ്പോള്‍ ബീഫ് കൈവശം വെച്ചിട്ടും നിന്നെയൊക്കെ ഞങ്ങള്‍ രക്ഷിച്ചില്ലേ എന്നാണ് അവര്‍ പ്രതികരിച്ചത്. എന്നോട് വായടച്ചിരിക്കാനും അവര്‍ പറഞ്ഞു,’ ഫിറോസ് ടെലഗ്രാഫിനോട് പറഞ്ഞു.

കേസില്‍ സുശീല്‍ കുമാറിന്റെ സംഘത്തില്‍ നിന്ന് രണ്ടുപേര്‍ കൂടി അറസ്റ്റിലാവാനുണ്ടെന്ന് റാസല്‍പൂര്‍ പൊലീസ് അറിയിച്ചു.

Content Highlight: Muslim man beaten dead by sarpanch in Bihar