അസാധാരണ നീക്കത്തിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യം; ​ഗവർണർക്കെതിരെ ലീ​ഗും
Kerala News
അസാധാരണ നീക്കത്തിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യം; ​ഗവർണർക്കെതിരെ ലീ​ഗും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd October 2022, 9:02 pm

കോഴിക്കോട്: സംസ്ഥാനത്തെ ഒമ്പത് സർവകലാശാല വി.സിമാർ നാളെ പതിനൊന്നരക്കുള്ളിൽ രാജിവെക്കണമെന്ന ഗവർണറുടെ നിർദേശത്തിന് എതിരെ മുസ്‌ലിം ലീഗും രം​ഗത്ത്. വി.സിമാരോടും രാജി ആവശ്യപ്പെട്ട ഗവർണറുടെ നടപടി അതിരുകടന്നതാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു

ഗവർണറുടെ നീക്കത്തിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും, വിഷയത്തിൽ ഗവർണർ സ്വീകരിക്കുന്ന അസാധാരണ നീക്കത്തിനു പിന്നിലെ രാഷ്ട്രീയ അജണ്ട സംശയം ഉളവാക്കുന്നതാണെന്നും പി.എം.എ. സലാം പറഞ്ഞു.

ഗവർണറുടെ നിർദേശം ജനാധിപത്യത്തിന്റെ എല്ലാ സീമകളേയും ലംഘിക്കുന്നതാണെന്നും, നിർദേശത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നുമാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടത്.

വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള അജണ്ടകളാണ് സംഘപരിവാർ രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെയുള്ള കേരളത്തിന്റെ ചെറുത്തുനിൽപ്പ് അട്ടിമറിക്കുവാനുള്ള സംഘപരിവാർ ഗൂഢാലോചനയാണ് ഗവർണറിലൂടെ പുറത്ത് വന്നിരിക്കുന്നത്. ആർ.എസ്.എസ് നേതാവിനെ അങ്ങോട്ടുപോയികണ്ട് മതനിരപേക്ഷ കേരളത്തെ അപമാനിച്ച ഗവർണർ ആർ.എസ്.എസിന്റെ കുഴലൂത്തുകാരനാണെന്ന് ഈ നടപടിയിലൂടെ തെളിയിച്ചിരിക്കുകയാണ്. ഇത്തരം അജണ്ടകൾ കേരള ജനത ചെറുത്തു തോൽപ്പിക്കുമെന്നും സി.പി.ഐ.എം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

എന്നാൽ, രാജിവെക്കണമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ആവശ്യം തള്ളി കണ്ണൂർ വി.സി രംഗത്തെത്തി. രാജിവെക്കില്ലെന്നും പുറത്താക്കണമെങ്കിൽ പുറത്താക്കട്ടേയെന്നും കണ്ണൂർ വി.സി ഗോപിനാഥ് രവീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വൈസ് ചാൻസലർമാർ രാജിവയ്ക്കണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടത്. തിങ്കളാഴ്ച രാവിലെ 11.30നകം രാജിവയ്ക്കണമെന്നാണ് നിർദേശം.

യു.ജി.സി ചട്ടങ്ങൾ പാലിക്കാതെ നടന്ന വി.സി നിയമനങ്ങൾക്ക് എതിരായ കോടതി വിധിയുടെ മറപിടിച്ചാണ് ഗവർണർ അസാധാരാണമായ നടപടി എടുത്തിരിക്കുന്നത്.

ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ ഇത്രയും അധികം വി.സിമാരോട് രാജിവെക്കാൻ ഗവർണർ നിർദേശിക്കുന്നത്. ഗവർണർക്കെതിരെ ഇടതുമുന്നണി പ്രക്ഷോഭം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഗവർണറുടെ അത്യപൂർവ നീക്കം.

കേരള, എം.ജി, കൊച്ചി, കണ്ണൂർ, കാലിക്കറ്റ്, ഫിഷറീസ്, ശ്രീ ശങ്കരാചാര്യ, സാങ്കേതിക, സംസ്‌കൃതം, മലയാളം എന്നീ സർവകലാശാലകളിലെ വി.സിമാരോടാണ് ഗവർണർ രാജി ആവശ്യപ്പെട്ടിരിക്കുന്നത്.

Content Highlight: Muslim League’s Reaction Over Kerala Governor’s Instruction to University VCs