എഡിറ്റര്‍
എഡിറ്റര്‍
സംസ്ഥാനം ഭരിക്കുന്നത് മുസ്‌ലിം ലീഗാണെന്ന് ഇബ്രാഹിം കുഞ്ഞ്
എഡിറ്റര്‍
Saturday 6th October 2012 12:10pm

പട്ടാമ്പി: കേരള സംസ്ഥാനം ഭരിക്കുന്നത് ലീഗ് തന്നെയാണെന്ന് പറയുകയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ്. ഇക്കാര്യം ആരും സമ്മതിച്ചില്ലെങ്കിലും ഇപ്പോള്‍ നടക്കുന്നത് ഇതാണെന്നും മന്ത്രി പറയുന്നു.

‘സംസ്ഥാനത്ത് ഭരണം നടത്തുന്നത് ലീഗാണെന്ന ആക്ഷേപം ഉയരുന്നുണ്ട്. ഇത് പരസ്യമായി സമ്മതിച്ച് കൊടുക്കുന്നില്ലെങ്കിലും ഇതാണ് സത്യം. നമ്മളാണ് ഭരിക്കുന്നത്, നമ്മളാണ് ഇത് കൊണ്ടുനടക്കുന്നത്, നമ്മളാണ് ഇതിന്റെ കാര്യകര്‍ത്താക്കള്‍.’- ഇബ്രാഹിം കുഞ്ഞ് പറയുന്നു.

Ads By Google

“ലീഗിന് ഹിതകരമല്ലാത്തതൊന്നും അള്ളാഹുവിന്റെ അനുഗ്രഹത്താല്‍ ഇപ്പോള്‍ നടക്കില്ലെന്നും” ഇബ്രാഹിം കുഞ്ഞ് പറയുന്നു.

ലീഗിന്റെ പ്രവര്‍ത്തകരും അനുഭാവികളും ഇക്കാര്യം മനസ്സിലാക്കണമെന്നും ഇബ്രാഹിം കുഞ്ഞ് അനുയായികളോട് പറയുന്നു.

പട്ടാമ്പിയില്‍ ചേര്‍ന്ന മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെ യോഗത്തിലാണ് ഇബ്രാഹിം കുഞ്ഞ് ഇങ്ങനെ പറഞ്ഞത്.
ഭരണത്തില്‍ ലീഗിനല്ലാതെ മറ്റാര്‍ക്കും കാര്യമായ പങ്കില്ലെന്നാണ് ഇബ്രാഹിം കുഞ്ഞിന്റെ പ്രസ്താവയുടെ പ്രതികരണമായി കേരളാ കോണ്‍ഗ്രസ് നേതാവ് ആര്‍.ബാലകൃഷ്ണ പിള്ള പറഞ്ഞു. തങ്ങള്‍ക്ക് മന്ത്രിയുള്ളതും ഇല്ലാത്തതുമെല്ലാം കണക്കാണ്, മന്ത്രിയുടെ അഭിപ്രായം സത്യസന്ധമാണെന്നും അതുതന്നെയാണ് കേരളത്തില്‍ നടക്കുന്നതെന്നും ഭരണത്തില്‍ ലീഗിനുള്ള പങ്ക് മറ്റാര്‍ക്കുമില്ലെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു.

കേരളം ഒരു കൂട്ടുമന്ത്രിസഭ ഭരിക്കുമ്പോള്‍ ലീഗാണ് ഭരിക്കുന്നതെന്ന് അവര്‍ക്കെങ്ങനെ പറയാന്‍ കഴിഞ്ഞുവെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി സുകുമാരന്‍നായര്‍ ചോദിച്ചു. കുറച്ചുനാള്‍ കൂടി അവര്‍ ഇത്തരം പ്രസ്താവന നടത്തുമെന്നും ഇതിന്റെ ഫലം അവര്‍ തന്നെ അനുഭവിക്കുമെന്നും ഇത് ജനാധിപത്യ സംവിധാനമാണെന്ന് ലീഗ് നേതാക്കള്‍ ഓര്‍ക്കണമെന്നും സുകുമാരന്‍നായര്‍ ഇതിനോട് പ്രതികരിച്ചു.

അതേസമയം, തന്റെ പ്രസ്താവനയായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന വാദവുമായി   ഇബ്രാഹിംകുഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്.

പട്ടാമ്പിയിലെ പരിപാടിയില്‍ താന്‍ പറഞ്ഞ കാര്യങ്ങളിലെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് ദുര്‍വ്യഖ്യാനം ചെയ്ത് വാര്‍ത്ത നല്‍കുകയാണ് മാധ്യമങ്ങള്‍ ചെയ്തതെന്നും മന്ത്രി പറയുന്നത്.

പാര്‍ട്ടിക്ക് വേണ്ടത്ര ഭരണപങ്കാളിത്തമില്ലെന്ന വിമര്‍ശനം യോഗത്തിലുയര്‍ന്നപ്പോള്‍ മറുപടി പറയുകയാണ് താന്‍ ചെയ്തത്. എല്ലാ പാര്‍ട്ടികളും അവരുടെ യോഗങ്ങളില്‍ ഇത്തരം പ്രസ്താവനകള്‍ നടത്താറുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം ഇബ്രാഹിംകുഞ്ഞ് പറഞ്ഞതില്‍ അത്ര പുതുമയൊന്നുമില്ലെന്ന് ലീഗ് നേതാവ് കെ.പി.എ.മജീദ് പറയുന്നത്.

Advertisement